ന്യൂഡല്‍ഹി: രാജ്യത്ത് ഒരു കോവിഡ് വാക്സീന് കൂടി അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചു. സൈഡസ് കാഡിലയുടെ നീഡിൽ ഫ്രീ കോവിഡ് വാക്സീനായ സൈകോവ് ഡിയ്ക്കാണ് അടിയന്തര ഉപയോഗത്തിന് ഡിസിജിഐ അനുമതി നൽകിയത്.
മറ്റ് വാക്സീനുകളിൽ നിന്നും വ്യത്യസ്ഥമായി ഈ വാക്സീൻ മൂന്ന് ഡോസ് എടുക്കണം. പന്ത്രണ്ട് വയസ് മുകളിലുള്ള കുട്ടികൾക്കും നൽകാനാകുന്ന വാക്സീന് 66.66 ശതമാനമാണ് ഫലപ്രാപ്തി കണക്കാക്കുന്നത്. 28,000 ത്തിലധികം പേരിലാണ് വാക്സീൻ പരീക്ഷണം നടത്തിയത്.
പ്രതിവര്‍ഷം 100 ദശലക്ഷം ഡോസ് മുതല്‍ 120 ദശലക്ഷം ഡോസ് വരെ നിര്‍മിക്കാനുള്ള പദ്ധതിയുണ്ടെന്നും വാക്‌സിന്‍ സംഭരണം ആരംഭിച്ചതായും സൈഡസ് കാഡില അറിയിച്ചു. ഇന്ത്യയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിക്കുന്ന ആറാമത്തെ കോവിഡ് വാക്‌സിനാണ് സൈകോവ്-ഡി.
കമ്പനി അടിയന്തര ഉപയോഗ അനുമതിക്കായി ജൂലൈ ഒന്നിന് അപേക്ഷ നൽകിയിരുന്നു. പരിശോധനകൾക്ക് ശേഷമാണ് വിദഗ്ധ സമിതി അനുമതി നൽകിയത്. സൂചി ഉപയോഗിക്കാതെ ത്വക്കിലെ ശരീര കോശങ്ങളിലേക്ക് കടത്തിവിടുന്ന രീതിയാണ് സൈഡസ് കാഡിലയുടെ വാക്സീന്റെ പ്രത്യേകത.
28000 വളണ്ടിയര്‍മാരെ ഉപയോഗിച്ച് അവസാന ഘട്ട പരീക്ഷണം നടത്തിയപ്പോള്‍ 66.6 ശതമാനം ഫലപ്രാപ്തിയാണ് ഈ വാക്‌സിന് ഉണ്ടായിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ജൂലായ് ഒന്നിനാണ് അംഗീകാരത്തിനായി സമര്‍പ്പിച്ചത്.
















