കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന് മുമ്പോടിയായുള്ള പരിശീലന മത്സരത്തിൽ കേരള യുണൈറ്റഡ് എഫ്സിയോട് തോറ്റ് കേരള ബ്ലാസ്റ്റേഴ്സ്. 42-ാം മിനിറ്റിൽ ബുജൈർ നേടിയ ഏക ഗോളിനാണ് ബ്ലാസ്റ്റേഴ്സിന്റെ തോൽവി. വിദേശതാരങ്ങളോ ഇന്ത്യൻ താരങ്ങളോ ഇല്ലാതെയാണ് ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങിയത്.
ആദ്യ പകുതിയിൽ ഒന്നാം നമ്പർ ഗോൾകീപ്പർ ആൽബിനോ ഗോമസ്, സഞ്ജീവ് സ്റ്റാലിൻ, സന്ദീപ്, ഹക്കു, ജസ്സൽ കാർണൈറോ, പ്യൂട്ടിയ, ഖബ്ര, സൈത്യാസെൻ, പ്രശാന്ത്, ശുഭഘോഷ്, മഹേഷ് എന്നിവരാണ് ബ്ലാസ്റ്റേഴ്സ് നിരയില് ഇറങ്ങിയത്. രണ്ടാംപകുതിയിൽ കോച്ച് വുകോമനോവിച്ച് സന്ദീപ്, ധനചന്ദ്ര മീഠെ, ആയുഷ് അധികാരി, വിൻസി ബരറ്റോ, ശ്രീക്കുട്ടൻ, ഗിവ്സൺ, ബിജോയ് തുടങ്ങിയ കളിക്കാർക്കും അവസരം നൽകി.
ഡ്യൂറൻഡ് കപ്പിൽ കളിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയ ബ്ലാസ്റ്റേഴ്സ് ടൂർണമെൻ്റ് ആരംഭിക്കുന്നതിനു മുന്നോടിയായി മൂന്ന് സൗഹൃദമത്സരങ്ങൾ കളിക്കാൻ തീരുമാനിച്ചിരുന്നു. ഇതിൽ ആദ്യത്തേതാണ് ഇന്ന് കഴിഞ്ഞത്. ജമ്മു കശ്മീർ സ്പോർട്സ് കൗൺസിൽ ടീമിനെയാണ് മൂന്നാം മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് നേരിടുക. ജമ്മു കശ്മീർ സ്പോർട്സ് കൗൺസിലുമായുള്ള മത്സരം എപ്പോൾ നടക്കുമെന്ന് തീരുമാനിച്ചിട്ടില്ല. ഈ മത്സരങ്ങൾക്കു ശേഷം ബ്ലാസ്റ്റേഴ്സ് ഡ്യൂറൻഡ് കപ്പിനായി കൊൽക്കത്തയിലേക്ക് തിരിക്കും.
ഏഷ്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെൻ്റായ ഡ്യൂറൻഡ് കപ്പ് സെപ്തംബർ അഞ്ചിന് ആരംഭിക്കും. 2019ൽ ഗോകുലം കേരളയാണ് ചാമ്പ്യന്മാരായത്. കൊവിഡ് ബാധയെ തുടർന്ന് കഴിഞ്ഞ സീസണിൽ ഡ്യൂറൻഡ് കപ്പ് നടത്തിയിരുന്നില്ല. കൊൽക്കത്തയിലാണ് മത്സരങ്ങൾ.