മുത്തശ്ശന്റെ പിറന്നാളിന് വിദേശത്ത് നിന്നെത്തുകയും എന്നാൽ ലോക്ക്ഡൗൺ മൂലം നാട്ടിൽ കുടുങ്ങുകയും ചെയ്ത അമ്മയും മകനും കോവിഡ്കാല ഓണം ആഘോഷിക്കുമ്പോൾ മുത്തശ്ശനിൽ നിന്ന് മാവേലിയെകുറിച്ച് അറിഞ്ഞ കുട്ടിയ്ക്ക് മാവേലിയെ കാണാൻ ആഗ്രഹം തോന്നി. എന്നാൽ കോവിഡ് കാലമായതുകൊണ്ട് മാവേലി വരില്ലെന്നറിഞ്ഞ് വാശിപിടിച്ച കുട്ടിക്ക് മുന്നിൽ ആരോഗ്യപ്രവർത്തകനായി എത്തി ബോധവൽക്കരണം നടത്തി മാവേലിയായി മാറുകയാണ് “പൊന്നോണം സൂക്ഷിച്ചോണം” എന്ന ഹ്രസ്വചിത്രത്തിലൂടെ തൃശൂർ കോർപ്പറേഷൻ മേയർ എം. കെ. വർഗീസ്.
മാധ്യമപ്രവർത്തകനും നിരവധി ഷോർട്ട് ഫിലിമുകളുടെ സംവിധായകനും അവാർഡ് ജേതാവുമായ സിബി പോട്ടാരാണ് ഹ്രസ്വചിത്രത്തിന്റെ രചനയും സംവിധാനവും നിർവവഹിച്ചിരിക്കുന്നത്. വിജേഷ്നാഥ് മരത്തംകോട് ഛായാഗ്രഹണവും ജിത്തു ചിത്രസംയോജനവും നിർവ്വഹിച്ചിരിക്കുന്നു. മുത്തശ്ശനായി മനോരമ ചീഫ് ഫോട്ടോഗ്രാഫർ ഉണ്ണിക്കോട്ടക്കലും കുട്ടിയായി ജഗൻ ശ്യാംലാലും വലിയച്ഛനായി ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ മനു മായും വലിയ അമ്മയായി വാർത്ത അവതാരിക സ്മിത ജെന്നറ്റും വിദേശത്തുനിന്നും വന്ന സ്ത്രീയായി കെ.എച്ച്. ഹരിതയും വേഷമിട്ടിരിക്കുന്നത്.
മീര മനു, മാനവ മനു എന്നിവരാണ് മറ്റ് അഭിനേതാക്കൾ. തത്സമയ ശബ്ദമിശ്രണം നടത്തിയ ഷോർട്ട് ഫിലിം എന്നതാണ് മറ്റൊരു പ്രത്യേകത. കോവിഡ്കാല ഓണമായതുകൊണ്ടു തന്നെ ആരോഗ്യപ്രവർത്തകരുടെ വേഷത്തിലാകാം ഇത്തവണ മാവേലി വീട്ടിലെത്തുകയെന്നും അതിനാൽ തന്നെ അവരുടെ നിർദ്ദേശങ്ങൾ പാലിച്ച് കരുതലോടെ വീട്ടിലിരുന്ന് തന്നെ സൂക്ഷിച്ച് ഓണം ആഘോഷിക്കണമെന്ന് ബോധവൽക്കരിക്കുക കൂടിയാണ് പൊന്നോണം സൂക്ഷിച്ചോണം എന്ന ഈ ഹ്രസ്വചിത്രം.
















