കോഴിക്കോട്: പ്രശസ്ത കായിക പരിശീലകനായ ഒ എം നമ്പ്യാര്‍ അന്തരിച്ചു. പി ടി ഉഷയുടെ മുന്‍കാല പരിശീലകനായിരുന്നു. 89 വയസായിരുന്നു. കോഴിക്കോട് മണിയൂര്‍ സ്വദേശിയാണ് ഒ എം നമ്പ്യാര്‍. അല്പം മുന്‍പ് മണിയൂരിലെ വീട്ടിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
1984ലെ ലോസ് ഏഞ്ചല്‍സിലെ ഒളിമ്പിക്സില്‍ പി.ടി ഉഷയുടെ പരിശീലകനായിരുന്നു. ഈ വര്‍ഷം രാജ്യം പത്മശ്രീ നല്കി ആദരിച്ചു. 1985ല്‍ രാജ്യം ദ്രോണാചാര്യ നല്കി ആദരിച്ചു. രാജ്യത്തെ ആദ്യ ദ്രോണാചാര്യ അവാര്‍ഡ് ജേതാവാണ് അദ്ദേഹം.
ഒതയോത്ത് മാധവന് നമ്പ്യാര്‍ എന്നാണ് പൂര്‍ണപേര്. 1935-ല്‍ കോഴിക്കോടാണ് ജനനം. ഗുരുവായൂരപ്പന് കോളേജില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കോളജ് ജീവിതത്തിലും കായികതാരമായിരുന്ന ഒ എം നമ്പ്യാര്‍ 1955ല്‍ വ്യോമസേനയില്‍ ചേര്‍ന്നു. അവിടെയും അദ്ദേഹം അറിയപ്പെടുന്ന കായികതാരമായിരുന്നു. പട്യാല നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പോര്‍ട്സില്‍ നിന്നും പരിശീലക ലൈസന്‍സ് നേടിയ അദ്ദേഹം സര്‍വ്വീസസിന്റെ കോച്ചായി ചേര്‍ന്നു. പിന്നീട് കേരളാ സ്പോര്‍ട്സ് കൗണ്‍സിലിന്റെയും പരിശീലകനായി ഒ എം നമ്പ്യാര്‍. സൈനിക സേവനത്തിനുശേഷമായിരുന്നു കണ്ണൂരിലെ സ്പോര്‍ട്സ് സ്കൂളിലെ അധ്യാപക ജീവിതം.
1970-ല്‍ ഇവിടെ വിദ്യാര്‍ഥിനിയായിരുന്ന പി.ടി. ഉഷയെ ഇദ്ദേഹം പരിശീലിപ്പിച്ചിരുന്നു. പിന്നീട് ഉഷയുടെ വ്യക്തിഗത പരിശീലകനായി. 1980, 84, 88, 92, 96 വര്‍ഷങ്ങളിലെ ഒളിമ്പിക്സുകളിലും വിവിധ വര്‍ഷങ്ങളിലെ ഏഷ്യാഡിലും ഇദ്ദേഹമായിരുന്നു ഉഷയുടെ പരിശീലകന്.
1984 ലോസ് ഏഞ്ചല്‍സ് ഒളിംപിക്സില്‍ ഉഷയ്ക്ക് നേരിയ വ്യത്യാസത്തില്‍ മെഡല്‍ നഷ്ടമാവുമ്പോള്‍ നമ്പ്യാരായിരുന്നു കോച്ച്. പതിനാലര വര്‍ഷം ഉഷയെ നമ്പ്യാര്‍ പരിശീലിപ്പിച്ചു. ഇക്കാലയളവില്‍ രാജ്യാന്തര തലത്തില്‍ ഈ ഗുരുവും ശിഷ്യയും ഇന്ത്യന്‍ കായിക രംഗത്തിന് നല്കിയ സംഭാവനകള്‍ ഏറെയാണ്.
1990 ല്‍ നമ്പ്യാര്‍ സായ്യില്‍ ചേര്‍ന്നെങ്കിലും പിന്നീട് മടങ്ങി വന്നു. 2000 ത്തിന്റെ തുടക്കത്തിലൊക്കെ അദ്ദേഹം കണ്ണൂരില്‍ സജീവമായിരുന്നു. മറ്റൊരു ഉഷയെക്കൂടി രാജ്യത്തിനു സമ്മാനിക്കാന്‍ ഏറെ ആഗ്രഹിക്കുകയും പരിശ്രമിക്കുകയും ചെയ്ത അദ്ദേഹം ബീന അഗസ്റ്റിന്, സുകുമാരി, ലിനെറ്റ്, ഷീബ, ജിജി തുടങ്ങി പലരിലൂടെയും ഭാഗ്യം പരീക്ഷിച്ചു. പക്ഷേ, ഉഷയുടെ നിലവാരത്തില്‍ മറ്റൊരു താരത്തെ കണ്ടെത്താന്‍ അദ്ദേഹത്തിന്നു സാധിച്ചില്ല. പത്മിനി, സാറാമ്മ, വന്ദന റാവു എന്നിവരും നമ്പ്യാരുടെ ശിഷ്യരായി ഏതാനും നാള് എങ്കിലും പരിശീലനം നേടിയിട്ടുണ്ട്.
രണ്ട് ഒളിംപിക്സ്, നാല് ഏഷ്യാഡ്, ഒരു വേള്‍ഡ് ചാംപ്യന്‍ഷിപ്പ് തുടങ്ങി നിരവധി അന്താരാഷ്ട്ര കായിക മത്സരങ്ങളില്‍ പരിശീലകനായി പങ്കെടുത്തു.
2005ല്‍ ഹൈദരാബാദ് സെന്റ് സ്റ്റീഫന്‍സ് ഇന്റര്‍നാഷണല്‍ സ്കൂളില്‍ സീനിയര്‍ പരിശീലകനായും സേവനമനുഷ്ഠിച്ചു.