പത്തനംതിട്ട: ചരിത്ര പ്രസിദ്ധമായ ആറൻമുള ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിലെ തിരുവോണത്തോണിക്ക് അകമ്പടിയായി പോകുന്ന മങ്ങാട്ടു ഭട്ടതിരി ഇന്ന് ഉച്ചകഴിഞ്ഞ് ചക്കുളത്തുകാവിൽ നിന്നും യാത്ര തിരിച്ചു. പള്ളിയോടക്കരകളായ കീഴ് വൻമഴി ,വൻമഴി, പ്രയാർ ,ഉമയാറ്റുകര , മഴുക്കീർ, മുണ്ടൻകാവ് ,കോടിയാട്ടുകര, കീഴ് ചേരിമേൽ ,കടപ്ര ,ഇടനാട് ,ആറാട്ടുപുഴ, കോയിപ്രം ,നെല്ലിക്കൽ ,മാലക്കര ,പൂവത്തൂർ ,ഇടയാറൻമുള, വരയന്നൂർ ,ളാക ഇടയാറൻ മുള ,ഇടശേരിമല ,തോട്ടപ്പുഴശേരി പള്ളിയോടക്കരകൾ ഭട്ടതിരിയുടെ യാത്രയ്ക്ക് ഭക്തിനിർഭരമായ സ്വീകരണം വഞ്ചിപ്പാട്ടോടുകൂടി നൽകി.
ഇടനാട് പള്ളിയോട പ്രതിനിധികളായ ജയേഷ് കുട്ടമത്ത്, വി.കെ.ചന്ദ്രൻ എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി. ഇന്ന് ആറൻമുളയിലെത്തുന്ന ഭട്ടതിരി അവിടെ വിശ്രമിച്ച ശേഷം നാളെ കാട്ടൂരിലേക്ക് തിരിച്ച് രാത്രിയിൽ തിരുവോണത്തോണിയോടൊപ്പം ഭഗവാന് സമർപ്പിക്കാനുള്ള ഓണ വിഭവങ്ങളുമായി മറ്റെന്നാൾ രാവിലെ ആറൻമുള ക്ഷേത്രക്കടവിൽ എത്തും. ഈ യാത്രയിൽ ആചാരപരമായി കീഴ് വൻ വഴി ,മാരാമൺ ,കോഴഞ്ചേരി പള്ളിയോടങ്ങൾ മാത്രം അകമ്പടി സേവിക്കും.
കോവിഡ് സാഹചര്യത്തിൽ മറ്റുപള്ളിയോടങ്ങൾക്ക് പങ്കെടുക്കുവാൻ അനുമതിയില്ല .മുതവഴി പള്ളിയോടവും ഉണ്ട് .മുതവഴിക്കരയും ഭട്ടതിരിപ്പാടിൻ്റെ യാത്രയ്ക്ക് സ്വീകരണം നൽകി.