“ഈ മാസം മുപ്പത്തിയൊന്നാം തീയതി ഞങ്ങൾക്കായി ഫ്ലാറ്റ് തുറന്നു തരും എന്ന പ്രതീക്ഷ ഉണ്ട്. അത് അവർ ചെയ്തില്ല എന്നുണ്ടെങ്കിൽ ഒന്നാം തീയതി മുതൽ റോഡിൽ കുടില് കെട്ടി താമസിക്കാൻ ആണ് ഞങ്ങളുടെ തീരുമാനം . അതിനായുള്ള സാമ്പത്തികം പോലും ഞങ്ങളുടെ കയ്യിൽ ഇല്ല . എങ്കിലും ഓരോ ഇടവകകളിലും പഞ്ചായത്തുകളിലും ഭിക്ഷയെടുത്ത് ഞങ്ങൾ അതിനുള്ള തുക കണ്ടെത്തും. കടൽക്ഷോഭത്തിൽ വീട് നഷ്ട്ടപ്പെട്ട ഞങ്ങളുടെ തൊണ്ണൂറ്റി മൂന്ന് ദിവസമായുള്ള ക്യാമ്പ് ജീവിതം ഏറ്റവും ദുരിതകരമാണ്., ഇടയാനില്ലാത്ത ആടുകളെ പോലെയാണ് ഞങ്ങളുടെ ജീവിതം”.ജീവനും ജീവിതവും കൊടുത്തുണ്ടാക്കിയ കിടപ്പാടം കടലുകൊണ്ടുപോയ പൊഴിയൂരുകാരുടെ അവസ്ഥയാണിത്. അനാഥത്വം, വീടില്ലായ്മ എന്ന ഏറ്റവും ദുരിത പൂർണമായ ജീവിതമാണ് ഇപ്പോൾഈ പൊഴിയൂര്ക്കാർ നയിക്കുന്നത്.
മുപ്പത്തിയെട്ടു വീടുകൾ ആണ് പൊഴിയൂരിൽ കടൽക്ഷോഭത്തിൽ നഷ്ടപ്പെട്ടത്. ഇരുപത്തിയെട്ട് വീടുകൾ മുഴുവനായും കടലെടുത്തു. അന്നുമുതൽ അവിടുത്തെ ഗവണ്മെന്റ് യു പി സ്കൂളിലാണ് വീട് നഷ്ടപ്പെട്ടവരുടെ ജീവിതം.ആദ്യ മുപ്പത് ദിവസങ്ങളിൽ പഞ്ചായത്ത് ഇവർക്ക് ഭക്ഷണം എത്തിച്ചു നൽകി. എന്നാൽ പലർക്കും ഭക്ഷ്യ വിഷബാധയുണ്ടായി.അങ്ങനെ അവർ പാചകം ചെയ്യാനുള്ള സാധന സാമഗ്രികൾ ആവശ്യപ്പെട്ടു.ഇപ്പോൾ അതുപയോഗിച്ചു തനിയെ പാകം ചെയ്താണ് ഇവർ ഭക്ഷണം കഴിക്കുന്നത്.രണ്ട് ദിവസം കഴിച്ചാൽ മൂന്നാമത്തെ ദിവസം പട്ടിണിയാണ് അൻപതിൽ കൂടുതൽ കുട്ടികൾ ഉള്ള ഇവിടെ .
മുപ്പത്തിയാറ് കുടുംബങ്ങളിലായി,എണ്ണമറ്റ സ്ത്രീകളും കുട്ടികളൂം ഉൾപ്പടെയുള്ളവർ ആണ് മതിയായ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ ഇവിടെ കഴിയുന്നത്. ഇവർക്ക് ശുദ്ധിയും സുരക്ഷയും ഉള്ള ശുചിമുറികളോ കിടപ്പുമുറികളോ ഇല്ല. ഉരഗങ്ങളുടെ സാന്നിധ്യം പ്രദേശത്ത് പല തവണ കാണപ്പെട്ടു. ഇവിടെ രണ്ട് തവണയാണ് പാമ്പ് എത്തിയത് .കുട്ടികളുടെ സാന്ദ്രത വളരെ കൂടുതൽ ആണെങ്കിലും ആവശ്യത്തിന് മൊബൈലുകളോ ഇന്റർനെറ്റ് സൗകര്യങ്ങളോ ഇല്ലാതെ പഠനമെന്ന ഇവരുടെ ആഗ്രഹം കൂടിയാണ് ഇവിടെ ഹനിക്കപ്പെടുന്നത്. ചെറിയ ക്ലാസ്സിലെ കുട്ടികൾ മുതൽ ഡിഗ്രി പരീക്ഷ ഇന്റർനെറ്റ് ഇല്ലാതെ എഴുതാൻ വലഞ്ഞ, ക്യാമറയ്ക്കു മുൻപിൽ പ്രത്യക്ഷപ്പെടാൻ വിസമ്മതിച്ച പെൺകുട്ടി വരെയുണ്ട് ഇവിടെ. ഈ കുട്ടികളുടെ വാക്കുകൾ കണ്ണുനീരോടെയല്ലാതെ പൂർത്തിയാക്കാൻ ഇവർക്കോ കണ്ടു നിൽക്കുന്നവർക്കോ കഴിയുകയില്ല.
മത്സ്യ തൊഴിലാളികൾ ആണ് ഇവരെല്ലാം. കടൽ കൂടുതൽ ആയതിനാൽ കടലിൽ പോകാൻ ഇവർക്ക് സാധിക്കുകയില്ല. സ്ഥിര വരുമാനം നിലച്ച ഇവരുടെ ജീവ സന്ധാരണം ഏറ്റവും പരിതാപകരമായ അവസ്ഥയിലാണ്. മറ്റ് തൊഴിലുകൾ അറിയാത്ത ഇവർക്ക് മറ്റൊരു ഉപജീവന മാർഗവും സാധ്യമല്ല. കടംവാങ്ങാൻ ഇനി ആളുകൾ ബാക്കിയില്ല എന്നാണ് ഇവർ പറയുന്നത്.നാട്ടുകാരോ ഇടവകക്കാരോ ഇവരുടെ പ്രശ്നങ്ങളിൽ ഇടപെടുന്നില്ല എന്ന പരാതിയും ഇവർക്കുണ്ട് .
” പുനർഗേഹം ” പദ്ധതി പ്രകാരം സർക്കാർ ഇവർക്കായി നിർമിച്ച വീടുകൾ വൈദ്യുതിയും വെള്ളവും എത്തിച്ച് ഇവർക്ക് എത്രയും പെട്ടെന്ന് തുറന്നു കൊടുത്തേ മതിയാകു.പാർട്ടികളോ , ഇടവകക്കാരോ , അധികാരികളോ തമ്മിലുള്ള തർക്കങ്ങളും ചേരി തിരിവുകളും സുരക്ഷയുള്ള വീട് എന്ന അടിസ്ഥാന അവകാശം ലഭ്യമാകുന്നതിൽ നിന്ന് ഇവരെ വിലക്കിക്കൂടാ. ഇനിയും കണ്ണടച്ച് ഇവരെ ഇടയാനില്ലാത്ത ആടുകൾ അകാൻ അധികാരികൾ അനുവദിക്കരുത് .ഇനിയും ഇത് തുടർന്നാൽ കടുത്ത മനുഷ്യാവകാശ ലംഘനം തന്നെയാകും എന്ന പറയാതെ വയ്യ , ഇവരുടെ അവകാശങ്ങൾ ഇവർക്ക് ലഭിച്ചേ മതിയാകു .