ന്യൂഡൽഹി;സുനന്ദ പുഷ്കർ കേസിൽ ശശി തരൂർ കുറ്റവിമുക്തൻ. തരൂരിന് മേൽ ആത്മഹത്യാ പ്രേരണാകുറ്റം നിലനിൽക്കില്ലെന്ന് ഡൽഹി റോസ് അവന്യു കോടതി വിധിച്ചു. ജഡ്ജി ഗീതാംഞ്ജലി ഗോയൽ ആണ് വിധി പറഞ്ഞത്.
2014ല്‍ നടന്ന സംഭവത്തില്‍ ശശി തരൂരിനെതിരെ ആത്മഹത്യാ പ്രേരണാ കുറ്റമോ കൊലപാതകക്കുറ്റമോ ചുമത്താനുള്ള തെളിവുകളുണ്ടെന്നാണ് ഡല്‍ഹി പൊലീസിന്റെ വാദം. എന്നാല്‍ സുനന്ദ പുഷ്‌കറിന് നിരവധി അസുഖങ്ങളുണ്ടായിരുന്നെന്നും മരണം സ്വാഭാവികമാണെന്നുമാണ് ശശി തരൂരിന്റെ വാദം.
2014 ജനുവരി 17നാണ് സുനന്ദ പുഷ്കറെ ഡൽഹി ചാണക്യപുരിയിലെ നക്ഷത്ര ഹോട്ടലിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശശി തരൂരാണ് സുനന്ദയെ മരിച്ച നിലയിൽ ആദ്യം കണ്ടതെന്നാണ് അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന അഭിനവ് കുമാർ അന്ന് മാധ്യമങ്ങളോടു വെളിപ്പെടുത്തിയത്. പെട്ടെന്നുള്ളതും അസ്വാഭാവികവുമാണ് മരണമെന്നും അൽപ്രാക്‌സ് ഗുളിക അമിതമായി കഴിച്ചതാണ് കാരണമെന്നും പോസ്‌റ്റ്‌മോർട്ടം നടത്തിയ ഡോ.സുധീർ ഗുപ്‌ത ആദ്യം വ്യക്‌തമാക്കിയിരുന്നു. എന്നാൽ, അൽപ്രാക്‌സിന്റെ സാന്നിധ്യം സുനന്ദയുടെ ഉള്ളിൽ കണ്ടെത്താതിരുന്നത് പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിനെക്കുറിച്ചും സംശയത്തിന് ഇടയാക്കി. റിപ്പോർട്ട് കെട്ടിച്ചമയ്‌ക്കാൻ തന്റെമേൽ സമ്മർദമുണ്ടായെന്ന് ഡോ.ഗുപ്‌ത പിന്നീട് ആരോപിച്ചു.
എയിംസ് ഓട്ടോപ്സി വിഭാഗം നടത്തിയ പരിശോധനയിൽ കാരണം കണ്ടുപിടിക്കാൻ കഴിയാതെ വന്നതോടെ യുഎസിലെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ (എഫ്ബിഐ) സഹായം തേടി. അസ്വാഭാവികമരണം ആണെന്നു കണ്ടെത്തിയ എഫ്ബിഐ റേഡിയോ ആക്ടീവ് വിഷം പ്രയോഗിച്ചിട്ടില്ലെന്നും പറഞ്ഞിരുന്നു. മരണം അന്വേഷിക്കുന്ന പ്രത്യേക സംഘം ശശി തരൂർ ഉൾപ്പെടെ ഏഴുപേരെ ചോദ്യംചെയ്തിരുന്നു. അതിൽ ആറുപേരെ പോളിഗ്രാഫ് പരിശോധനയ്ക്കും വിധേയരാക്കി. മരണത്തിനു മുമ്പു സുനന്ദയുടെ മൊബൈൽ ഫോണിൽ വന്ന കോളുകളും അവർ നടത്തിയ ചാറ്റിങ്ങും വിശകലനം ചെയ്തിരുന്നു.
















