സുപ്രീംകോടതിയിലേക്ക് മൂന്ന് വനിതകള്‍ ഉൾപ്പടെ ഒമ്പത് ജഡ്ജിമാരെ ശുപാര്‍ശ ചെയ്ത് കൊളീജിയം.കേരള ഹൈക്കോടതിയിലെ രണ്ടാമത്തെ മുതിര്‍ന്ന ജഡ്ജി സി ടി രവികുമാറിനെയും സുപ്രീംകോടതിയിലേക്ക് കൊണ്ടുവരാൻ കൊളീജിയം ശുപാര്‍ശ ചെയ്തു.ഇത് ആദ്യമായാണ് ഇത്രയും അധികം ജഡ്ജിമാരെ ഒന്നിച്ച് കൊളീജിയം ശുപാര്‍ശ ചെയ്യുന്നത്. കര്‍ണാടക ഹൈക്കോടതിയിലെ ജസ്റ്റിസ് ബി വി.നാഗരത്ന, തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഹിമ കോലി, ഗുജറാത്ത് ഹൈക്കോടതിയിലെ ജസ്റ്റിസ് ബേല ത്രിവേദി എന്നിവരാണ് കൊലീജിയം ശുപാര്‍ശ ചെയ്ത വനിത ജഡ്ജിമാര്‍.
കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് സി ടി രവികുമാര്‍, കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് അശോക് ഓഖ, ഗുജറാത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിക്രംനാഥ്, സിക്കിംഗ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജെ.കെ.മഹേശ്വരി, സുപ്രീംകോടതി അഭിഭാഷകനും അഡീഷണൽ സോളിസിറ്റര്‍ ജനറലുമായ പി.എസ്.നരസിംഹ തുടങ്ങിയ പേരുകളും കൊളീജിയത്തിന്‍റെ ശുപാര്‍ശയിലുണ്ട്.
അതേസമയം കൊളീജിയത്തിലെ ജഡ്ജിമാര്‍ക്ക് ഇടയില്‍ ഉണ്ടായ അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് കഴിഞ്ഞ 22 മാസമായി സുപ്രീം കോടതിയിലേക്ക് ജഡ്ജിമാരെ ശുപാര്‍ശ ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഒക്ക, ത്രിപുര ഹൈക്കോടതി ചീഫ് ജസ്റ്റിസ് അഖില്‍ ഖുറേഷി എന്നിവരുടെ പേരുകള്‍ ആദ്യം ശുപാര്‍ശ ചെയ്യണമെന്ന നിലപാട് കൊളീജിയത്തിലെ അംഗമായിരുന്ന ജസ്റ്റിസ് റോഹിങ്ടന്‍ നരിമാന്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ ഇതിനോട് കൊളീജിയത്തിലെ മറ്റ് പലരും വിയോജിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ശുപാര്‍ശ നല്‍കാന്‍ കഴിയാതെ വന്നത്.
















