താലിബാനും താലിബാന് അനുകൂല പോസ്റ്റുകള്‍ക്കും ഫെയ്സ്ബുക്ക് വിലക്ക് ഏർപ്പെടുത്തി. താലിബാനെ ഭീകര സംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് വിലക്കേര്‍പ്പെടുത്തുന്നതെന്ന് ഫെയ്സ്ബുക്ക് അറിയിച്ചു. എന്നാല്‍ താലിബാന് ഫെയ്സ്ബുക്കിന്റെ മെസേജിങ് ആപ്പായ വാട്സ് ആപ്പ് ഉപയോഗിക്കുന്നത് തുടരുന്നതായാണ് റിപ്പോര്‍ട്ട്.
അഫ്ഗാനിസ്താനിലെ സാഹചര്യം കമ്പനി സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും വാട്സ് ആപ്പ് അക്കൗണ്ടുകള്‍ നീക്കം ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടാകുമെന്നും ഫെയ്സ്ബുക്ക് വക്താവ് അറിയിച്ചു. ട്വിറ്ററിലും ആയിരക്കണക്കിന് ഫോളോവേഴ്സ് ആണ് താലിബാനുള്ളത്. താലിബാന് അഫ്ഗാനില്‍ ആധിപത്യം നേടിയതുമായി ബന്ധപ്പെട്ട് പതിനായിരക്കണക്കിന് ട്വിറ്റര്‍ അപ്ഡേറ്റുകളാണ് ഉണ്ടായത്.
സമാധാനപരമായ അന്താരാഷ്ട്ര ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് താലിബാന് വ്യക്തമാക്കുമ്പോഴും ജനങ്ങള്‍ക്ക് എല്ലാവിധ സുരക്ഷിതത്വവും ഉറപ്പുനല്‍കുന്നുണ്ടെങ്കിലും രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം അഫ്ഗാനില്‍ താലിബാന് ആധിപത്യം തിരിച്ചുപിടിക്കുമ്പോള്‍ അഫ്ഗാന് ജനതയുടെ മനുഷ്യവകാശങ്ങളേയും അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തേയും സ്ത്രീകളുടെ സ്വാതന്ത്ര്യത്തേയും ബാധിക്കുമെന്ന ആശങ്ക ഉയരുന്നുണ്ട്.