ലണ്ടൻ: ലോർഡ്സിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് ഐതിഹാസിക വിജയം. രണ്ടാമിന്നിങ്സില്‍ ഇംഗ്ലണ്ടിനെ 51.5 ഓവറില്‍ 120 റണ്‍സിന് പുറത്താക്കിയ ഇന്ത്യ 151 റണ്‍സിന്റെ ആധികാരിക വിജയം സ്വമന്തമാക്കി. നാല് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജും മൂന്നു വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയും ഇംഗ്ലണ്ടിനെ ചെറിയ സ്കോറിലൊതുക്കുകയായിരുന്നു. ലോര്‍ഡ്സില്‍ നിറഞ്ഞാടിയ സിറാജ് രണ്ടിന്നിങ്സിലുമായി എട്ടു വിക്കറ്റ് വീഴ്ത്തി.
ആദ്യ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചിരുന്നു. രണ്ടാം ടെസ്റ്റിലെ വിജയത്തോടെ ഇന്ത്യ പരമ്പരയില്‍ 1-0ത്തിന് മുന്നിലെത്തി. ഇനി മൂന്നു ടെസ്റ്റുകളാണ് പരമ്പരയില്‍ ശേഷിക്കുന്നത്.
ലോർഡ്സിൽ ടെസ്റ്റ് മത്സരം ജയിക്കുന്ന മൂന്നാമത്തെ മാത്രം ഇന്ത്യൻ നായകനാണ് കോലി. കപിൽ ദേവ് (1986), മഹേന്ദ്രസിങ് ധോണി (2014) എന്നിവരാണ് മുൻഗാമികൾ. ഒന്നാം ഇന്നിങ്സിൽ തകർപ്പൻ സെഞ്ചുറിയുമായി ഇന്ത്യൻ ഇന്നിങ്സിന് അടിത്തറയിട്ട കെ.എൽ. രാഹുലാണ് കളിയിലെ കേമൻ.
സ്കോർ: ഇന്ത്യ 364 & 298/8 ഡിക്ലയേർഡ്, ഇംഗ്ലണ്ട് 391 & 120
നാലു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജ്, മൂന്നു വിക്കറ്റ് പിഴുത ജസ്പ്രീത് ബുമ്ര, രണ്ടു വിക്കറ്റ് വീഴ്ത്തിയ ഇഷാന്ത് ശർമ, ഒരു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമി എന്നിവർ ചേർന്നാണ് ലോർഡ്സിൽ ഇന്ത്യയ്ക്ക് ചരിത്ര വിജയമൊരുക്കിയത്.
നേരത്തെ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 298 റണ്‍സ് എന്ന നിലയില്‍ ഇന്ത്യ രണ്ടാം ഇന്നിങ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഒരു ഘട്ടത്തില്‍ എട്ടു വിക്കറ്റിന് 209 റണ്‍സ് എന്ന നിലയിലായിരുന്ന ഇന്ത്യയെ വാലറ്റമായ ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും കൈപ്പിടിച്ചുയര്‍ത്തി. എട്ടാം വിക്കറ്റില്‍ ഇരുവരും 89 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. ഷമി 70 പന്തില്‍ ആറു ഫോറും ഒരു സിക്സും സഹിതം 56 റണ്‍സെടുത്തപ്പോള്‍ 64 പന്തില്‍ 34 റണ്‍സുമായി ബുംറ പിന്തുണ നല്കി. ഏകദിന ശൈലിയില്‍ ബാറ്റുചെയ്ത ഷമി സിക്സിലൂടെ അര്‍ധ സെഞ്ചുറിയിലെത്തി. ടെസ്റ്റ് കരിയറില്‍ ഷമിയുടെ രണ്ടാം അര്‍ധ സെഞ്ചുറിയാണിത്.