ആന്ധ്രപ്രദേശിലെ ഗുണ്ടൂരിൽ എൻജിനീയറിങ് വിദ്യാർഥിനിയെ പട്ടാപ്പകൽ റോഡിൽ കുത്തിക്കൊന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഗുണ്ടൂർ നഗരത്തിൽ ഞായറാഴ്ച പകലായിരുന്നു സംഭവം. സ്വകാര്യ എന്‍ജിനീയറിങ് കോളജിലെ മൂന്നാം വര്‍ഷ ബിടെക് വിദ്യാര്‍ഥി രമ്യശ്രീ(20) ആണ് കൊല്ലപ്പെട്ടത്. കേസില്‍ പ്രതിയായ ശശികൃഷ്ണ(22)യെ പൊലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച, കാകനി റോഡിൽകൂടി രമ്യശ്രീ നടക്കുമ്പോൾ ശശികൃഷ്ണ ബൈക്കിലെത്തി കയറാൻ ആവശ്യപ്പെട്ടു. ഇതു അനുസരിക്കാതിരുന്നപ്പോൾ കയ്യിൽ കരുതിയ കത്തി ഉപയോഗിച്ച് രമ്യശ്രീയുടെ കഴുത്തിലും വയറിലും തുടരെ കുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം കൈഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാൻ ശശികൃഷ്ണയും ശ്രമിച്ചിരുന്നു. സിസിടി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ രാത്രിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇരുവരും ആറു മാസം മുൻപ് പരിചയപ്പെടുന്നത്. എട്ടാം ക്ലാസില്‍ പഠനം നിര്‍ത്തിയ ശശികൃഷ്ണ, ഓട്ടമൊബീല്‍ കടയിലാണ് ജോലിചെയ്തിരുന്നത്. രമ്യശ്രീക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് അടുത്തിടെ ശശികൃഷ്ണ പ്രശ്നമുണ്ടാക്കിയിരുന്നു. ഇതാണ് ഇപ്പോൾ കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് നിഗമനം. ആഭ്യന്തര മന്ത്രി എം. സുചരിത പെൺകുട്ടിയുടെ മൃതദേഹം സൂക്ഷിച്ചിരുന്ന ആശുപത്രിയിലെത്തി, സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തി. പെൺകുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നൽകുമെന്ന് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി പ്രഖ്യാപിച്ചു.
Engineering 3rd year student Ramya stabbed to death in broad daylight in #Guntur #AndhraPradesh by 22-year-old school dropout who she reportedly met on Instagram six months ago; bystanders who saw girl being assaulted could have stopped murder #GunturGirlStabbed @ndtv @ndtvindia pic.twitter.com/pCbFgQ2Qg1
— Uma Sudhir (@umasudhir) August 16, 2021