ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ അക്കൗണ്ട് ട്വിറ്റർ പുനസ്ഥാപിച്ചു. ഇന്ന് രാവിലെയാണ് രാഹുലിന്റെ അക്കൗണ്ട് തിരിച്ചു നൽകിയത്. ലോക്ക് ചെയ്ത് ഏഴ് ദിവസമാകുമ്പോഴാണ് അക്കൗണ്ട് പുനസ്ഥാപിക്കുന്നത്.
ഡൽഹിയിൽ ബലാത്സംഗത്തിന് ഇരയായ കുട്ടിയുടെ ബന്ധുക്കളുടെ ചിത്രങ്ങൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്തതിനെ തുടർന്നായിരുന്നു രാഹുലിന്റെ അക്കൗണ്ട് കഴിഞ്ഞയാഴ്ച മരവിപ്പിച്ചത്.ഇതെത്തുടർന്ന് സമൂഹ മാധ്യമങ്ങളിൽ വലിയ പ്രതിഷേധം ഉയർന്നു. രാഹുൽ ഗാന്ധി ട്വിറ്ററിൽ ഉപയോഗിച്ച അതേ ചിത്രം നിരവധി കോൺഗ്രസ് പ്രവർത്തകർ തങ്ങളുടെ പ്രൊഫൈൽ ചിത്രമാക്കി മാറ്റി. ഇതെത്തുടർന്ന് ഈ അക്കൗണ്ടുകളും മരവിപ്പിച്ചിരുന്നു.
അതേസമയം ദേശീയ ബാലാവകാശ കമ്മീഷൻ്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി എന്നായിരുന്നു ട്വിറ്റർ പ്രതികരണം. ട്വിറ്റർ നടപടിക്കെതിരെ രാഹുൽ ഗാന്ധി രൂക്ഷമായി പ്രതികരിച്ചിരുന്നു.
















