ന്യൂഡല്‍ഹി: കന്റോണ്‍മെന്റ് പ്രദേശത്ത് പ്രായപൂർത്തിയാകാത്ത ദലിത് പെൺകുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ തങ്ങളുടെ ചിത്രമോ ട്വീറ്റോ പങ്കുവയ്ക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കുട്ടിയുടെ മാതാവ് വ്യക്തമാക്കി. കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പങ്കുവെച്ച ട്വീറ്റ് വിവാദമാവുകയും കേസെടുക്കുകയും ചെയ്ത സംഭവത്തിലാണ് പെൺകുട്ടിയുടെ അമ്മ നിലപാട് വ്യക്തമാക്കിയത്.
പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കൊപ്പമുള്ള ചിത്രം ട്വിറ്ററില്‍ പങ്കുവച്ചതിനെതിരെ ഡല്‍ഹി പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് വിവാദമായതോടെ ട്വിറ്റര്‍ പിന്‍വലിക്കുകയും ബാലാവകാശ കമ്മിഷന്‍ ട്വിറ്ററിനോട് വിശദീകരണം ചോദിക്കുകയും ചെയ്തിരുന്നു.
ചിത്രം പങ്കുവച്ചത് പെൺകുട്ടിയെ തിരിച്ചറിയാന്‍ ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് നീക്കം ചെയ്യാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടത്. കൊലപാതകത്തിൽ കുടുംബം പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ഇവർക്ക് പിന്തുണയുമായി എത്തിയ രാഹുൽ ഗാന്ധി കുടുംബത്തെ ആശ്വസിപ്പിക്കുന്ന ചിത്രമാണ് പ്രചരിച്ചത്.
രാഹുല്‍ ഗാന്ധിക്കൊപ്പം വാഹനത്തിലിരുന്ന് സംഭാഷണത്തിലേര്‍പ്പെടുന്ന മാതാപിതാക്കളുടെ മുഖം ചിത്രത്തില്‍ കാണാമായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത ഒരാളുടെ ഐഡന്റിറ്റി ഏതെങ്കിലും മാധ്യമം വഴി വെളിപ്പെടുത്തുന്നത് ജുവനൈല്‍ ജസ്റ്റിസ് ആക്റ്റ്, പോക്സോ നിയമം എന്നിവ പ്രകാരം നിയമവിരുദ്ധമാണെന്നും ബാലാവകാശ കമ്മിഷന്‍ ട്വിറ്റര്‍ ഇന്ത്യയോട് വ്യക്തമാക്കിയിരുന്നു. എന്നാൽ രാഹുൽ ഗാന്ധിയെ പിന്തുണച്ച് പെൺകുട്ടിയുടെ അമ്മ തന്നെ രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോൾ.
















