ന്യൂഡൽഹി: ട്വിറ്ററുമായി ബന്ധപ്പെട്ട് രാഷ്ട്രീയ വിവാദങ്ങള്‍ ചൂടുപിടിക്കുന്നതിനിടെ ട്വിറ്റര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ക്ക് അമേരിക്കയിലേക്ക് സ്ഥലംമാറ്റം. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇന്ത്യന്‍ ട്വിറ്ററിന്റെ മേധാവിയായിരുന്ന മനീഷ് മഹേശ്വരിയെയാണ് സ്ഥലം മാറ്റിയത്. സീനിയര്‍ ഡയറക്ടര്‍ ഫോര്‍ റവന്യൂ സ്റ്റാറ്റര്‍ജി ആന്റ് ഓപ്പറേഷന് എന്ന സ്ഥാനത്തേക്കാണ് ഇന്ത്യയിലെ ട്വിറ്റര്‍ എംഡിയെ മാറ്റിയത്. ഇദ്ദേഹത്തിന് പകരം ട്വിറ്റര്‍ ഇന്ത്യയിലെ എംഡി സ്ഥാനത്തേക്ക് പുതുതായി ആരെയും പ്രഖ്യാപിച്ചിട്ടില്ല.
യുഎസിലെ ട്വിറ്റര്‍ ആസ്ഥാനം കേന്ദ്രമാക്കിയായിരിക്കും ഇനി മനീഷിന്റെ പ്രവര്‍ത്തനം. പുതിയ വിപണി കണ്ടെത്തുകയും വരുമാനം വര്ദ്ധിപ്പിക്കുന്നതുമായിരിക്കും മനീഷ് മഹേശ്വരിയുടെ പുതിയ ദൗത്യമെന്ന് ട്വിറ്റര്‍ വക്താവിനെ ഉദ്ധരിച്ച് ബിസിനസ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, കോൺഗ്രസ് നേതാക്കളുടെയും സംഘടനകളുടെയും ട്വിറ്റര്‍ അക്കൌണ്ടുകള്‍ക്കെതിരെ എടുത്ത നടപടി വിവാദമായി. ഈ ഘട്ടത്തിലാണ് രാജ്യത്തെ ഏറ്റവും മുതിര്‍ന്ന മേധാവിയെ ട്വിറ്റര്‍ സ്ഥലം മാറ്റിയത്. എന്നാല്‍ ഇപ്പോഴത്തെ വിവാദവുമായി ഈ സ്ഥലം മാറ്റാത്തിന് പങ്കുണ്ടോ എന്നത് വ്യക്തമല്ല.