- വേണുഗോപാലൻ കെ.എ എഴുതുന്നു
ഭരണവർഗ വഞ്ചന തുറന്ന് കാണിച്ച് സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം വിപുലമായി ആചരിക്കുന്നതിനും സ്വാതന്ത്ര്യ സമരത്തിൽ കമ്യൂണിസ്റ്റുകാരും കമ്മ്യൂണിസ്റ്റ് പാർട്ടിയും വഹിച്ച ധീരോദാത്തമായ പങ്ക് ഉയർത്തി കാണിക്കുന്നതിനും സിപിഐഎം തീരുമാനിച്ചത് ഭരണവർഗ പാർട്ടികളിൽ ഉണ്ടാക്കിയിട്ടുള്ള അങ്കലാപ്പ് ചെറുതല്ല. കേരള നിയമസഭയിലും പുറത്തുമൊക്കെ അതിന്റെ അലയൊലികൾ ഉണ്ടായി. ഇന്ത്യയെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ചത് കോൺഗ്രസ് മാത്രമാണെന്നാണ് അവരുടെ കാഴ്ചപ്പാട്. സ്വാതന്ത്ര്യ സമരത്തിൽ യാതൊരു പങ്കും നിർവഹിക്കാത്ത ബിജെപി ആവട്ടെ ചരിത്രം തിരുത്തിയെഴുതി സ്വാതന്ത്രസമര പ്രസ്ഥാനത്തെ തട്ടിയെടുക്കാനുള്ള ശ്രമത്തിലാണ്. സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമ സ്ഥാപിച്ചതും പാർലമെന്റിൽ സവർക്കറുടെ ചിത്രം വെച്ചതും ഒക്കെ അതിന്റെ ഭാഗമാണ്. പക്ഷേ കമ്മ്യൂണിസ്റ്റുകാർക്ക് സ്വാതന്ത്ര്യസമര പങ്കാളിത്തത്തെക്കുറിച്ച് വ്യാജചരിത്രം സൃഷ്ടിക്കേണ്ടതില്ല. അത് ചരിത്രത്തിൽ സുവർണ്ണ ലിപികളാൽ കുറിക്കപ്പെട്ടിട്ടുള്ളതാണ്.
1917 ൽ നടന്ന റഷ്യൻ വിപ്ലവം ഇന്ത്യയിലെ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തെ ഒരു ജനകീയ പ്രസ്ഥാനമാക്കി മാറ്റുന്നതിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. അതുവരെ അതൊരു ഞായറാഴ്ച കോൺഗ്രസ് ആയിരുന്നു. ഇന്ത്യയിലെ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തെ മാത്രമല്ല ലോകമൊട്ടാകെ നടന്നു വന്നിരുന്ന ദേശീയ വിമോചന പോരാട്ടങ്ങളെയും അത് സ്വാധീനിച്ചിരുന്നു. 1920 ഒൿടോബർ 17 നാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ രൂപീകരിക്കപ്പെടുന്നത്. അതിനുമുമ്പുതന്നെ തന്നെ റഷ്യൻ വിപ്ലവത്തിൽ ആകൃഷ്ടരായ വിദേശത്ത് താമസിച്ചിരുന്ന ഇന്ത്യക്കാർ ലെനിനെ നേരിട്ട് സന്ദർശിക്കുകയും ഗദ്ദർ പാർട്ടി എന്ന പേരിൽ ഒരു പ്രസ്ഥാനത്തിന് രൂപം കൊടുക്കുകയും ചെയ്തിരുന്നു. മൂന്നാം കമ്യൂണിസ്റ്റ് ഇൻറർനാഷണലിന്റെ രണ്ടാം കോൺഗ്രസ് വിവിധ രാജ്യങ്ങളിൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു. കോമിന്റേണിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റി ഇതിനായി ഒരു സബ് കമ്മിറ്റിയും രൂപീകരിച്ചിരുന്നു. 1920 സെപ്റ്റംബറിൽ ഇതിനായി കിഴക്കൻ രാജ്യങ്ങളിലെ പ്രതിനിധികളുടെ ഒരു സമ്മേളനവും കമ്മ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ വിളിച്ചു ചേർക്കപ്പെട്ടിരുന്നു. ഇതാണ് 1920 ഒക്ടോബർ 17 ന്റെ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരണത്തിലേക്ക് നയിച്ചത്. എം എൻ റോയി ആയിരുന്നു ഇതിന്റെ മുഖ്യസംഘാടകൻ. ഇന്ത്യൻ സാഹചര്യങ്ങൾക്കൊത്ത വിധം ഒരു പാർട്ടി പരിപാടി എഴുതി തയ്യാറാക്കുന്നതിനും ആദ്യയോഗത്തിൽ തന്നെ തീരുമാനമെടുത്തിരുന്നു. എം എൻ റോയ്, എവ് ലിൻ റോയ്,അബനി മുഖർജി, റോസ ഫിറ്റിംഗോവ്,മുഹമ്മദലി,മുഹമ്മദ് ഷാഫിക്ക്, ആചാര്യ എന്നിവരാണ് ആദ്യ യോഗത്തിൽ പങ്കെടുത്തത്. ഷാഫിക് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. താഷ്കന്റിലും മോസ്കോയിലും പഠനം പൂർത്തിയാക്കിയ ശേഷം മുഹമ്മദ് ഷഫീഖ്, ഫിറോസുദ്ദീൻ മസ്ദൂർ, തുടങ്ങിയ മുൻ മുഹാജിർമാർ ഇന്ത്യയിലേക്കു മടങ്ങി. ഇവിടെ രൂപംകൊണ്ട കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കാൻ തുടങ്ങി. വിദേശത്ത് കഴിഞ്ഞിരുന്ന ഇന്ത്യക്കാർക്കിടയിൽ കമ്യൂണിസ്റ്റ് ഗ്രൂപ്പുകൾ രൂപീകരിക്കുന്നതിൽ എം എൻ റോയ്ക്ക് പുറമേ പ്രധാന പങ്കുവഹിച്ച മറ്റൊരു പ്രമുഖൻ അബനി മുഖർജിയായിരുന്നു.
ഇന്ത്യൻ ദേശീയ വിമോചന പ്രസ്ഥാനം,രാജ്യത്തെ സമകാലിക രാഷ്ട്രീയ സാമ്പത്തിക സ്ഥിതിഗതികൾ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ച് 1920കളിൽ റോയിയും മുഖർജിയും പുസ്തകങ്ങളും ലഘുലേഖകളും ലേഖനങ്ങളും പ്രസിദ്ധീകരിക്കുകയും നിയമവിരുദ്ധമായി അത് ഇന്ത്യയിൽ എത്തിക്കുകയും ചെയ്തു. 1921ലെ അഹമ്മദാബാദ് കോൺഗ്രസിലും 1922 ലെ ഗയാ കോൺഗ്രസിലും തുടർന്നുള്ള കോൺഗ്രസ് സമ്മേളനങ്ങളിലും അവർ മാനിഫെസ്റ്റോകൾ വിതരണം ചെയ്തു. 1921ലെ അഹമ്മദാബാദ് സമ്മേളനത്തിൽ പൂർണസ്വാതന്ത്ര്യം പ്രമേയം അവതരിപ്പിച്ച മൗലാനാ ഹസ്റത്ത് മൊഹാനി കമ്മ്യൂണിസ്റ്റുകാരൻ ആയിരുന്നു. ആ പ്രമേയത്തെ അന്ന് എതിർത്ത് പരാജയപ്പെടുത്തുന്നതിൽ മഹാത്മാഗാന്ധിയും ഉണ്ടായിരുന്നു. “നിരുത്തരവാദപരമായ ഈ പ്രമേയം എന്നെ ദുഃഖിപ്പിക്കുന്നു ” എന്നാണ് ഗാന്ധിജി അന്ന് പറഞ്ഞത്. പിന്നീട് 1930 ൽ കോൺഗ്രസിനു തന്നെ പൂർണസ്വാതന്ത്ര്യം അംഗീകരിക്കേണ്ടതായി വന്നു. ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിൽ പൂർണസ്വാതന്ത്ര്യം എന്ന കാഴ്ചപ്പാട് ആദ്യമായി മുന്നോട്ടുവച്ചത് കമ്മ്യൂണിസ്റ്റ് പാർട്ടി ആയിരുന്നു എന്ന് അഭിമാനത്തോടെ പറയാൻ കഴിയും.
സ്വാതന്ത്ര്യ സമരത്തിന്റെ നേതൃത്വത്തിലുണ്ടായിരുന്ന കോൺഗ്രസിന്റെ വർഗ്ഗപരമായ പരിമിതികൾ തുറന്നു കാണിച്ചും അതിനെ മറികടക്കാൻ കഴിയുന്ന സൈദ്ധാന്തിക നിലപാടുകളും പ്രവർത്തന പരിപാടികളും ആവിഷ്കരിച്ചും അതോടൊപ്പം കോൺഗ്രസിനോടും അവർ നയിച്ച ദേശീയ പ്രസ്ഥാനത്തോടുമുള്ള വിമർശനാത്മകമായ സഹകരണം തുടർന്നുമാണ് കമ്യൂണിസ്റ്റ് പാർട്ടി സ്വാതന്ത്ര്യ സമരത്തിൽ സവിശേഷമായ സ്വന്തം പങ്കു നിർവ്വഹിച്ചത്.
1922 ലെ ഗയ കോൺഗ്രസ് സമ്മേളനത്തിന് കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപകനേതാക്കളിൽ പ്രമുഖനായ എം.എൻ.റോയി തയ്യാറാക്കിയ മാനിഫെസ്റ്റോയിൽ ഇപ്രകാരം ആവശ്യപ്പെട്ടു.” ദേശീയ വിമോചന പോരാട്ടത്തിന്റെ നേതൃത്വമെന്ന നിലയിൽ കോൺഗ്രസ്, തങ്ങളുടെ ലക്ഷ്യം സാർവത്രിക വോട്ടവകാശമെന്ന ജനാധിപത്യ തത്ത്വത്തിന്റെ അടിസ്ഥാനത്തിലുള്ള പൂർണ്ണമായും സ്വതന്ത്രമായ ഒരു ദേശീയ ഗവൺമെന്റിൽ കുറഞ്ഞ യാതൊന്നുമല്ല എന്ന് ധീരവും അസന്ദിഗ്ദ്ധവുമായ വാക്കുകളില്‍ പ്രഖ്യാപിക്കണം” എന്ന് വീണ്ടും ആവശ്യപ്പെട്ടു. കമ്യുണിസ്റ്റുകാർ ഈ ആവശ്യം നിരന്തരമായി ഉയർത്തിക്കൊണ്ടിരുന്നു.
കോൺഗ്രസ് ഡൊമിനിയൻ പദവി എന്ന ആവശ്യത്തിൽ തൃപ്തിപ്പെടുന്നത് തുടർന്നു. 1927 ലെ മദ്രാസ് കോൺഗ്രസ് സമ്മേളനത്തിൽ പൂർണ്ണ സ്വരാജ് പ്രമേയം നെഹ്റു അവതരിപ്പിച്ചപ്പോൾ പിന്താങ്ങിയതും കമ്യൂണിസ്റ്റ് പാർട്ടി പ്രതിനിധിയായിരുന്ന ജോഗ് ലേക്കർ ആയിരുന്നു. 1928 ലെ കൊൽക്കത്ത കോൺഗ്രസ് സമ്മേളനമായപ്പോഴേക്കും പൂർണ്ണ സ്വാതന്ത്ര്യമെന്ന കമ്യൂണിസ്റ്റ് ആവശ്യത്തിന് സുഭാഷ്ചന്ദ്രബോസിന്റെ പിന്തുണ ലഭിച്ചു.
1928 ലെ കൊൽക്കത്ത കോൺഗ്രസിൽ പൂർണ്ണസ്വാതന്ത്യം ലക്ഷ്യമായി അംഗീകരിക്കണം എന്നാവശ്യപ്പെട്ട് തുണിമിൽ തൊഴിലാളികളും പാവപ്പെട്ടവരുമായ 50,000 ത്തോളം പേരെ അണിനിരത്തി കമ്യൂണിസ്റ്റുകാരടക്കമുള്ള എല്ലാ ഇടതു പക്ഷക്കാരുടേയും നേതൃത്വത്തിൽ റാലി നടന്നു. ഒടുവിൽ 1930 ജനുവരി 26നാണ് ആണ് കോൺഗ്രസ് പൂർണസ്വാതന്ത്ര്യം പ്രമേയം അംഗീകരിക്കുന്നത്.
ഇതിനിടയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തനം തടയുന്നതിനു വേണ്ടി മൂന്ന് ഗൂഢാലോചന കേസുകളാണ് ബ്രിട്ടീഷുകാർ കമ്മ്യൂണിസ്റ്റുകാർക്ക് എതിരായി ചുമത്തിയത്. മീറത്, പെഷവാർ, കാൺപൂർ ഗൂഢാലോചന കേസുകൾ ആണ് അവ. ചെറിയ താണെങ്കിലും കമ്മ്യൂണിസ്റ്റ് പാർട്ടിയെ ബ്രിട്ടീഷ് ഭരണാധികാരികൾ എത്രമാത്രം ഭയപ്പെട്ടിരുന്നു എന്നാണ് ഇത് വ്യക്തമാക്കുന്നത്. ദേശീയ വിമോചന സമരത്തിന്റെ മുഖ്യധാരയിൽ നിന്ന് കമ്യൂണിസ്റ്റുകാരെ ഒറ്റപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കൊളോണിയൽ ഭരണാധികാരികൾ അവരെ മൃഗീയമായി മർദ്ദിച്ചൊതുക്കാനും ശ്രമിച്ചു. ഇതിനെയൊക്കെ അതിജീവിച്ചുകൊണ്ട് തൊഴിലാളികളുടെ രാഷ്ട്രീയ പ്രവർത്തനം 1928 -29 കാലത്ത് ഉച്ചകോടിയിൽ എത്തി. പണിമുടക്കുകൾ ഒന്നൊന്നായി പൊട്ടിപ്പുറപ്പെട്ടു. രാജ്യത്തിന്റെ നാനാഭാഗത്തും നടന്ന ഉശിരൻ പ്രകടനങ്ങൾ ബ്രിട്ടീഷ് ഭരണത്തെ പിടിച്ചുകുലുക്കി. 1928 ഏപ്രിൽ മാസത്തിൽ ബോംബെയിലെ ടെക്സ്റ്റൈൽ തൊഴിലാളികൾ പണിമുടക്കി. ആറുമാസം നീണ്ടുനിന്ന ആ പണിമുടക്കിൽ ഒന്നര ലക്ഷം തൊഴിലാളികൾ പങ്കെടുത്തു. തൊഴിലാളികളുടെ വർഗബോധം ഉയർത്തുന്നതിൽ ആ പണിമുടക്ക് വമ്പിച്ച പങ്കുവഹിച്ചു. ഈ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് രാജ്യത്തെമ്പാടും പണിമുടക്കുകൾ നടന്നു. അഞ്ച് ലക്ഷത്തോളം തൊഴിലാളികൾ ആ സമരങ്ങളിൽ പങ്കെടുത്തു. പൂർണസ്വാതന്ത്ര്യമെന്ന ആവശ്യമാണ് അവർ മുഖ്യമായും മുന്നോട്ടുവച്ചത്.
ഈ കാലയളവിൽ ഇന്ത്യയിലെ പല പ്രദേശങ്ങളിലും കൃഷിക്കാരുടെ ഉശിരൻ നാടുവാഴിത്ത വിരുദ്ധ കൊളോണിയൽ വിരുദ്ധ സമരങ്ങളും നടന്നു. ഈ കർഷക – തൊഴിലാളി പ്രക്ഷോഭ സമരങ്ങളെ തകർക്കുക എന്നതായിരുന്നു മീററ്റ് ഗൂഢാലോചന കേസിന്റെ ലക്ഷ്യം. കേസ് വിചാരണ 4 മാസം നീണ്ടു നിന്നു. കമ്മ്യൂണിസം, കാർഷിക വിപ്ലവം, പൂർണസ്വാതന്ത്ര്യം എന്നീ ആശയങ്ങളുടെ പ്രചാരണത്തിനായിരുന്നു കേസിന്റെ വിചാരണയിൽ കമ്യൂണിസ്റ്റുകാർ ശ്രദ്ധിച്ചത്. ബ്രിട്ടീഷ് സാമ്രാജ്യത്തെ കെട്ടുകെട്ടിക്കുമെന്നും പൂർണ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടുമെന്നും ഉള്ള അവരുടെ പ്രഖ്യാപനം ഇന്ത്യൻ ദേശാഭിമാനികളുടെ ഹൃദയം കവർന്നു. മീററ്റ് കേസിലെ വിചാരണ പുതിയ ആശയങ്ങളിലേക്ക് ജനങ്ങളുടെ ഭാവനയെ തിരിച്ചുവിടാൻ വലിയ പങ്കുവഹിച്ചു എന്ന് തൻ്റെ ആത്മകഥയിൽ നെഹ്റു രേഖപ്പെടുത്തി.
മീററ്റ് വിചാരണ നടക്കുന്നതിനിടയിൽ 1930 ൽ കമ്യൂണിസ്റ്റ് പാർട്ടി “കർമ്മപരിപാടി ” എന്ന രേഖ അംഗീകരിച്ചു. സാമ്രാജ്യത്വ വിരുദ്ധ സമരത്തെ കാർഷിക വിപ്ലവവുമായും സാമൂഹികവും മതപരവുമായ എല്ലാ അസമത്വങ്ങളും അവസാനിപ്പിക്കുന്നതുമായും ബന്ധപ്പെടുത്താൻ ആ രേഖക്ക് കഴിഞ്ഞു. തുടർന്നാണ് 1935 ൽ ഫാസിസത്തിനെതിരായ ഐക്യമുന്നണി എന്ന കാഴ്ചപ്പാട് ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനം അംഗീകരിക്കുന്നത്. ഇതിനെ തുടർന്നാണ് കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയുമായും കോൺഗ്രസുമായും ചേർന്ന് പ്രവർത്തിക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടി തീരുമാനിക്കുന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിനകത്തും പുറത്തും കറകളഞ്ഞ സാമ്രാജ്യത്വവിരുദ്ധ ശക്തികളെ കമ്മ്യൂണിസ്റ്റുകാർ പ്രബലമാക്കണമെന്നും സാമ്രാജ്യത്വ മർദ്ദകർക്കെതിരായ സമരത്തെ വിപുലമാക്കി നയിക്കണമെന്നും കമ്യൂണിസ്റ്റുകാർ തീരുമാനിച്ചു. ഇക്കാലയളവിലാണ് അഖിലേന്ത്യ കിസാൻസഭ, അഖിലേന്ത്യാ വിദ്യാർത്ഥി ഫെഡറേഷൻ, പുരോഗമന സാഹിത്യ സംഘടന എന്നിവ രൂപീകരിക്കപ്പെടുന്നത്. ഇവയുടെ ഒക്കെ നേതൃത്വത്തിൽ കമ്മ്യൂണിസ്റ്റുകാർ ആയിരുന്നു. അവയൊക്കെ പ്രവർത്തിച്ചത് പൂർണസ്വാതന്ത്ര്യം ലക്ഷ്യമിട്ടായിരുന്നു.
1937 ൽ വമ്പിച്ച തോതിൽ പണിമുടക്കുകൾ നടന്നു. 397 പണിമുടക്കുകൾ ആണ് നടന്നത്. ആറു ലക്ഷത്തിലേറെ തൊഴിലാളികൾ ആ പണിമുടക്കിൽ പങ്കെടുത്തു. എഐസിസി യിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരിൽ 20 പേർ കമ്മ്യൂണിസ്റ്റുകാർ ആയിരുന്നു. ഇതിനിടയിൽ കോൺഗ്രസിനകത്ത് ഇടതു-വലതു ചേരികൾ ശക്തിപ്പെട്ടു.1939 ൽ ത്രിപുരയിൽ നടന്ന അഖിലേന്ത്യാ കോൺഗ്രസ് സമ്മേളനത്തിൽ പ്രസിഡണ്ട് സ്ഥാനത്തേക്ക് സുഭാഷ് ചന്ദ്ര ബോസ് മത്സരിച്ചു. യഥാർത്ഥത്തിൽ കമ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റ്കാര്യം ഇടതുപക്ഷ കോൺഗ്രസ്സുകാരും ചേർന്ന് അദ്ദേഹത്തെ സ്ഥാനാർത്ഥിയാക്കുകയായിരുന്നു. ബോസ് തെരഞ്ഞെടുക്കപ്പെട്ടു. ഇതേത്തുടർന്ന് വിവിധ സംസ്ഥാനങ്ങളിലെ വിവിധ കമ്മിറ്റികളിലേക്ക് ഒട്ടേറെ കമ്മ്യൂണിസ്റ്റുകാർ തെരഞ്ഞെടുക്കപ്പെട്ടു. തുടർന്നാണ് ബോസിന്റെ രാജിയും ഫോർവേഡ് ബ്ലോക്ക് എന്ന പേരിലുള്ള അദ്ദേഹത്തിൻ്റെ പാർട്ടിയുടെ രൂപീകരണവും നടന്നത്.
1939 സെപ്റ്റംബറിലാണ് രണ്ടാം ലോകമഹായുദ്ധം ആരംഭിക്കുന്നത്. യുദ്ധം പൊട്ടിപ്പുറപ്പെട്ട ഉടനെ അതിനെ എതിർത്തുകൊണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടി രംഗത്തിറങ്ങി. തൊഴിലാളികൾ യുദ്ധത്തിനെതിരെ ഉറച്ച നിലപാട് സ്വീകരിച്ചു. 90,000 തൊഴിലാളികൾ യുദ്ധവിരുദ്ധ പണിമുടക്ക് നടത്തി.1940 ജൂണിൽ കമ്യൂണിസ്റ്റുകാരെയും ഉശിരൻ സാമ്രാജ്യത്വവിരുദ്ധ പോരാളികളെയും രാജ്യരക്ഷാ നിയമപ്രകാരം ബ്രിട്ടീഷുകാർ അറസ്റ്റ് ചെയ്തു തടവിലാക്കി. ആകെ തടവിലാക്കപ്പെട്ട 700 പേരിൽ 480 പേരും കമ്മ്യൂണിസ്റ്റുകാർ ആയിരുന്നു. 1941 ജൂൺ 22ന് നാസികൾ ഒരു മുന്നറിയിപ്പുമില്ലാതെ സോവിയറ്റ് യൂണിയനെതിരെ ആക്രമണം നടത്തി. ഫാസിസ്റ്റ് വിരുദ്ധ മുന്നണി രൂപംകൊള്ളുന്നതിന് അത് വഴിവച്ചു. അങ്ങനെയൊരു മുന്നണി രൂപീകരിക്കാൻ ദീർഘകാലമായി സോവിയറ്റ് യൂണിയൻ ശ്രമിച്ചു വരികയായിരുന്നു. സോവിയറ്റ് യൂണിയനെ തിരായുള്ള ഹിറ്റ്‌ലറുടെ ആക്രമണം യുദ്ധത്തിൽ ഒരു വഴിത്തിരിവ് സൃഷ്ടിച്ചു. ഫാസിസ്റ്റ് ശക്തികൾക്കെതിരെ ലോകവ്യാപകമായ ഒരു മുന്നണി രൂപം കൊണ്ടു. ജനകീയ യുദ്ധം എന്ന മുദ്രാവാക്യം കമ്യൂണിസ്റ്റ് ഇൻറർനാഷണൽ അംഗീകരിച്ചു. ഈ കാലയളവിലാണ് ക്വിറ്റിന്ത്യാ സമരം പ്രഖ്യാപിക്കപ്പെട്ടത്. സ്വാഭാവികമായും ഫാസിസ്റ്റ് വിരുദ്ധ മുന്നണി എന്ന സാർവദേശീയ കാഴ്ചപ്പാടിന് കീഴ്പെട്ടു കൊണ്ടാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ഈ സമരത്തിനെ നോക്കിക്കണ്ടത്. ഇത് ദേശാഭിമാന പ്രചോദിതരായ ജനങ്ങൾക്കുമുമ്പിൽ പാർട്ടിക്ക് അവമതിപ്പുണ്ടാക്കി. പക്ഷേ ഇതിനെ മറികടക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് അതിവേഗം കഴിഞ്ഞു. യുദ്ധാനന്തരം നടന്ന നാവിക കലാപത്തിലും കർഷക പോരാട്ടങ്ങളിലും ഐഎൻഎ പോരാളികളെ മോചിപ്പിക്കാനുള്ള സമരത്തിലും ഒക്കെ മുന്നിൽനിന്ന് പ്രവർത്തിക്കാൻ കമ്യൂണിസ്റ്റ് പാർട്ടിക്ക് കഴിഞ്ഞു. തേഭാഗാസമരം, തെലുങ്കാന സമരം , പുന്നപ്ര വയലാർ സമരം, ത്രിപുര യിലെ ഗിരിവർഗക്കാരുടെ സമരം, ആസാമിലെ സുർമാവാലിയിലെ സമരം എന്നിവയ്ക്ക് നേതൃത്വം കൊടുത്തത് കമ്മ്യൂണിസ്റ്റ് പാർട്ടിയായിരുന്നു. 1946 ൽ നാവിക കലാപം പൊട്ടിപ്പുറപ്പെട്ടു. കലാപകാരികൾ കപ്പലിന് മുകളിൽ ഉയർത്തിയിരുന്നത് കോൺഗ്രസിന്റെയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും മുസ്ലിം ലീഗിന്റെയും കൊടികളായിരുന്നു. തൊഴിലാളി വർഗത്തിന്റെയും കർഷകരുടെയും നേതൃത്വത്തിൽ ഉയർന്നുവന്ന ഈ പോരാട്ടങ്ങളാണ് ഇന്ത്യയെ ആത്യന്തികമായി ദേശീയ സ്വാതന്ത്ര്യത്തിലേക്ക് നയിച്ചത്.
അന്ന് ഇന്ത്യയിലെ സ്വാതന്ത്ര്യ സമര പോരാളികൾ ഉയർത്തിയ സാമ്രാജ്യത്വവിരുദ്ധ കാഴ്ചപ്പാട് ഉപേക്ഷിച്ചാണ് 1991 ൽ ഇന്ത്യയിൽ നവലിബറൽ നയങ്ങൾ നടപ്പിലാക്കപ്പെട്ടത്. കോൺഗ്രസിനേക്കാൾ തീവ്രമായി ആ നയങ്ങൾ നടപ്പിലാക്കുകയാണ് ഇന്ന് മോഡി ഗവൺമെൻറ് ചെയ്യുന്നത്. ഫലത്തിൽ ഇന്ത്യൻ ഭരണവർഗ്ഗം ഇന്ന് സാമ്രാജ്യത്വവിരുദ്ധത കൈ വിട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ ഇന്ന് അവരുയർത്തുന്ന ദേശാഭിമാനവും ദേശസ്നേഹവും ഒക്കെ വ്യാജമാണ്. ഇത് ജനങ്ങൾക്ക് കൂടുതൽ ബോധ്യപ്പെടുത്തുന്നതിന് വേണ്ടി ആഗസ്റ്റ് 15 നെ നമുക്ക് ഉപയോഗപ്പെടുത്താം.