ലോക അവയവദാന ദിനത്തില്‍ കേരളത്തില്‍ ‘മൃതസഞ്ജീവനി’ക്കായി കാത്ത് 2800 പേര്‍. മരണാനന്തര അവയവ കൈമാറ്റത്തിനുള്ള സര്‍ക്കാര്‍ പദ്ധതിയായ മൃതസഞ്ജീവനിക്ക് വ്യാഴാഴ്ച 10 വയസ്സ് തികയുമ്പോള്‍ പദ്ധതിയിലൂടെ പുതുജീവിതം ലഭിച്ചത് 913 പേര്‍ക്ക്. കേരള നെറ്റ്‌വര്‍ക്ക് ഫോര്‍ ഓര്‍ഗന്‍ ഷെയറിങ് (കെ.എന്‍.ഒ.എസ്) എന്ന സംവിധാനത്തിലൂടെയാണ് മൃതസഞ്ജീവനി പദ്ധതി നടപ്പാക്കുന്നത്.
നിലവില്‍ വൃക്ക, കരള്‍, ഹൃദയം തുടങ്ങിയ അവയവങ്ങള്‍ക്കായി 2721 പേരാണ് ആണ് രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നത്. വൃക്കകള്ക്കുവേണ്ടി കാത്തിരിക്കുന്നവരാണ് കൂടുതല്‍, 2024 പേര്‍. 643 പേര്‍ കരളിനുവേണ്ടിയും 50 പേര്‍ ഹൃദയത്തിനു വേണ്ടിയും കാത്തിരിക്കുന്നു. ചെറുകുടലിനായി ഒരാളും പാന്‍ക്രിയാസിനായി മൂന്നുപേരുമാണ് രജിസ്റ്റര്‍ ചെയ്തത്.
രണ്ടുവര്‍ഷം മുമ്പ് വരെ അവയവദാന നിരക്കില്‍ ക്രമാനുഗത വര്‍ധനയാണ് ഉണ്ടായിരുന്നതെങ്കിലും കോവിഡ് സാഹചര്യത്തില്‍ അവയവദാനം കുറയുകയാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 2012 ആഗസ്‌റ്റ് 12ന് തുടങ്ങിയതുമുതലിന്നുവരെ 913 പേര്ക്കുമുന്നിലാണ് മസ്തിഷ്കമരണം സംഭവിച്ചവരുടെ അവയവങ്ങളിലൂടെ പ്രത്യാശയുടെ പുതിയ വഴി തുറക്കപ്പെട്ടത്. 323 പേരുടെ അവയവങ്ങള്‍ പലരിലായി തുന്നിച്ചേര്‍ക്കപ്പെട്ടു. പാന്‍ക്രിയാസ്, ലാരിങ്ക്സ്, ശ്വാസകോശം, ചെറുകുടല്‍ എന്നിവ ദാനം ചെയ്യപ്പെടുന്നതിെന്റ നിരക്ക് കുറവാണ്.
ഇതില്‍ വൃക്കതന്നെയാണ് കൂടുതലും,557. 257 പേര്‍ക്ക് കരളും 62 പേര്‍ക്ക് ഹൃദയവും ലഭിച്ചു. 16 പേര്‍ക്കാണ് പുതിയ കൈകള്‍ കൈത്താങ്ങായത്.
എന്താണ് മൃതസഞ്ജീവനി ??
കേരളത്തിൽ സർക്കാർതലത്തിൽ നടപ്പാക്കുന്ന മരണാനന്തര അവയവകൈമാറ്റ പദ്ധതിയാണ് മൃതസഞ്ജീവനി പദ്ധതി. 1994ൽ ലോകസഭ പാസാക്കിയ നിയമം അടിസ്ഥാനമാക്കി ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ ഭാഗമായാണ് മൃതസഞ്ജീവനിക്ക് സംസ്ഥാനത്ത് തുടക്കം കുറിച്ചത്. ‘ഷെയർ ഓർഗൻസ് സേവ് ലൈവ്സ്’ എന്ന മുദ്രാവാക്യമുയർത്തി കേരളത്തിലെ അവയവദാന പദ്ധതിയെ വിപുലീകരിക്കുക എന്നതാണ് മൃതസഞ്ജീവനിയിലൂടെ ലക്ഷ്യംവയ്ക്കുന്നത്. 2012 ആഗസ്‌റ്റ് 12-ന് മൃതസഞ്‌ജീവനി പദ്ധതി നിലവിൽ വന്നു. മൃതസഞ്ജീവനി പദ്ധതിയുടെ ഗുഡ്‌വിൽ അംബാസിഡർ മോഹൻലാലാണ്. ഇതിന്റെ നടത്തിപ്പിനായി കേരള നെറ്റ്‌വർക്ക് ഫോർ ഓർഗൺ ഷെയറിംഗ് (KNOS) എന്ന ഏജൻസിയും പ്രവർത്തിക്കുന്നു.
അവയവങ്ങൾ ആവശ്യമുള്ളവരും അവയവദാനത്തിനു തയ്യാറാകുന്നതുമായ ആളുകളുടെ ഏകോപന സംവിധാനമാണ് മൃതസഞ്‌ജീവനി വഴി സർക്കാർ ലക്ഷ്യം വയ്ക്കുന്നത്. പലപ്പോഴും ആവശ്യക്കാരും ദാതാക്കളും തമ്മിൽ കണ്ടുമുട്ടാതെ പോവുന്നത് അവയവ കൈമാറ്റത്തിന്റെ പ്രവർത്തനങ്ങളിൽ തടസ്സങ്ങൾ സൃഷ്ടിക്കുന്നു. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തെ അവയവകൈമാറ്റം ഏകോപിപ്പിക്കാനും, സുഗമമാക്കാനും വേണ്ടി സർക്കാർ തലത്തിൽ ഒരു സംവിധാനം ഉണ്ടാകുന്നത്.
പ്രവർത്തനങ്ങൾ
അവയവമാറ്റത്തിന് സംവിധാനവും ലൈസൻസും ഉള്ള ആശുപത്രികൾ വഴി മൃതസഞ്ജീവനിയിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. കേരളത്തിലെ സർക്കാർസ്വകാര്യ ആശുപത്രികളിൽ മസ്തിഷ്‌കമരണം സംഭവിച്ചാൽ മൃതസഞ്ജീവനിയിൽ അറിയിക്കുന്നു. മസ്തിഷ്‌കമരണം സംഭവിച്ചവരുടെ കുടംബാംഗങ്ങളുടെ സമ്മതത്തോടെ പ്രവർത്തനസജ്ജമായ അവയവം എടുക്കുന്നതും സർക്കാർ ലിസ്റ്റിൽ കാത്തിരിക്കുന്നവർക്ക് മുൻഗണനാ ക്രമത്തിൽ നൽകുന്നതും മൃതസഞ്ജീവനി വഴിയാണ്. 24 മണിക്കൂറും പ്രവർത്തിക്കുന്നതാണ് മൃതസഞ്ജീവനി ടീം.
അവയവദാന സന്നദ്ധതയുള്ളവരുടെയും നിർദ്ദിഷ്ട സ്വീകർത്താക്കളുടെയും രജിസ്ട്രി (കേരള നെറ്റ്‌വർക്ക് ഫോർ ഓർഗൺ ഷെയറിംഗ്) ഇതിന്റെ ഭാഗമായി സൂക്ഷിക്കുന്നുണ്ട്. സംസ്ഥാനത്ത് അവയവം മാറ്റിവെക്കേണ്ട രോഗികളുടെ വിവരങ്ങളും, മരണാനന്തരം അവയവങ്ങൾ ദാനം ചെയ്യാൻ തയ്യാറാകുന്നവരുടെ വിവരങ്ങളും ഈ രജിസ്ട്രിയുടെ ഭാഗമായി സൂക്ഷിക്കുന്നുണ്ട്. അവയവക്കൈമാറ്റത്തിൽ സുതാര്യത ഉറപ്പുവരുത്താൻ ഇതിന്റെ ഭാഗമായി സാധിക്കുന്നു. അവയവദാനത്തിന്റെ ആവശ്യകതയെക്കുറിച്ച് ജനങ്ങളുടെ ഇടയിൽ ബോധവൽക്കരണം നടത്താനും കെ.എൻ.ഒ.എസ് ശ്രദ്ധിക്കുന്നുണ്ട്. ഈ പ്രവർത്തനങ്ങളുടെ ഭാഗമായി ഇതുവരെ 15,000 ആളുകൾ മരണാനന്തരം അവയവങ്ങൾ ദാനം ചെയ്യുവാൻ സന്നദ്ധത പ്രകടിപ്പിച്ചു കൊണ്ട് രജിസ്ട്രിയിൽ പേർ ചേർത്തിട്ടുണ്ട്. അവയവദാനം സുഗമമാക്കാനുള്ള പെരുമാറ്റച്ചട്ടവും നടപടിക്രമങ്ങളും നിശ്ചയിക്കുക എന്നതും കെഎൻഒഎസിന്റെ ചുമതലയായിരിക്കും. കേരളത്തിലേക്കും കേരളത്തിൽ നിന്നും ഉള്ള അവയവങ്ങളുടെ കൈമാറ്റം വേഗത്തിലാക്കുന്നതിനായി വ്യോമസേവനദാതാക്കളുമായി ധാരണാപത്രത്തിൽ ഒപ്പിടാനും കെ.എൻ.ഒ.എസ് ശ്രമിക്കുന്നു.
പദ്ധതി പ്രതിസന്ധിയില്‍…
കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ അവയവദാനം നടന്നത് 2015ലാണ്, 218 എണ്ണം. ഏറ്റവും കുറവ് ഈ വര്‍ഷവും. ഓഗസ്റ്റ് വരെ 10 വൃക്ക, ഒരുഹൃദയം, അഞ്ച് കരള്‍ എന്നിങ്ങനെ 16 എണ്ണം മാത്രമേ നടന്നിട്ടുള്ളൂ.
രണ്ടുവര്‍ഷമായി കോവിഡും അനുബന്ധ കാരണങ്ങളാലുമാണ് അവയവദാന നിരക്ക് കുറഞ്ഞതെന്ന് മൃതസഞ്ജീവനി സംസ്ഥാന നോഡല്‍ ഓഫിസര്‍ ഡോ. നോബിള്‍ ഗ്രേഷ്യസ് ചൂണ്ടിക്കാണിക്കുന്നു. അവയവം മാറ്റിവെച്ചശേഷം കോവിഡ് വന്നാല്‍ ഗുരുതരമായി ബാധിക്കുമോയെന്ന ആശങ്കയും ഭൂരിഭാഗം ആശുപത്രികളും കോവിഡ് ചികിത്സക്ക് മുന്‍ഗണന നല്‍കിയതുമെല്ലാമാണ് ഇതിനുപിന്നില്‍.
മസ്തിഷ്കമരണം സംഭവിച്ച ഉറ്റവരുടെ അവയവദാനത്തിന് സന്നദ്ധരായെത്തുന്നവര്‍ തീരെകുറഞ്ഞതോടെയാണ് മൃതസഞ്ജീവനി പദ്ധതി പ്രതിസന്ധിയിലായത്.
കേരളത്തിലെ ആദ്യ ഹൃദയദാനം
പറവൂര്‍ കൊച്ചിക്കാരന്‍പറമ്പില്‍ സുകുമാരന്റെ ബന്ധുക്കളെ നാം ഈ ദിനത്തില്‍ വിസ്മരിക്കരുത്. കേരളത്തില്‍ ആദ്യമായി മരണാനന്തര ഹൃദയദാനം നടത്തിയയാള്‍ സുകുമാരനാണ്. 2003 മേയ് 13ന് കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലായിരുന്ന കേരളത്തിലെ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയ നടന്നത്. ആലപ്പുഴ സ്വദേശി എബ്രഹാമെന്ന കര്‍ഷകനാണ് വാഹനാപകടത്തില്‍ മസ്തിഷ്കമരണം സംഭവിച്ച സുകുമാരന്റെ ഹൃദയം സ്വീകരിച്ചത്. അവയവദാനത്തെകുറിച്ച് ഏറെ ചര്‍ച്ചകള്‍ പോലും നടക്കാതിരുന്ന ആ കാലത്ത് സുകുമാരന്റെ കുടുംബമെടുത്ത തീരുമാനം എബ്രഹാമിന്റെ ആയുസ് രണ്ട് വര്‍ഷം കൂടി നീട്ടികൊടുത്തു.
എബ്രഹാമിന്റെ മരണശേഷമാണ് സുകുമാരന്റെ മരണാനന്തര ചടങ്ങുകള്‍ പോലും കുടുംബം നടത്തിയത്. അകാലത്തില്‍ പൊലിഞ്ഞ സുകുമാരന്റെ ഹൃദയം മറ്റൊരാളില്‍ തുടിക്കുന്നതിന്റെ ആശ്വാസത്തിലായിരുന്നു ആ കാലമത്രയും ഭാര്യ പത്മിനിയും മൂന്ന് മക്കളും കഴിഞ്ഞത്. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം മരണാനന്തര അവയവദാനമെന്ന് േകള്‍ക്കുമ്പോള്‍ സംശയദൃഷ്ടിയോടെ പുറംതിരിയുന്ന സമൂഹമായി കേരളം മാറികഴിഞ്ഞിരിക്കുന്നു. കൃത്യമായ ബോധവത്കരണത്തോടെ ഈ അവസ്ഥയ്ക്ക് മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തയാറാകണം.
മസ്തിഷ്കമരണം സംഭവിക്കുന്ന ഒരു മനുഷ്യന് എട്ട് പേരുടെ ജീവന്‍ രക്ഷിക്കാനാകും. മസ്തിഷ്കമരണം സംഭവിച്ചവരുടെ ബന്ധുക്കള്‍ അവയവദാനത്തിന് മുന്‍കൈയെടുത്താല്‍ ഒരുപാട് പേരെ ജീവിത്തിലേക്ക് തിരിച്ചുനടത്താനാകും.
മന്ത്രി വീണാ ജോര്‍ജിന്‍റെ വാക്കുകള്‍
ലോക അവയവദാന ദിനത്തില്‍ സംസ്ഥാനത്തിന്റെ അവയവദാന മേഖലയ്ക്ക് ഏറെ അഭിമാനിക്കാമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ സങ്കീര്‍ണവും ചെലവേറിയതും മറ്റ് ശസ്ത്രക്രിയകളില്‍ നിന്ന് വ്യത്യസ്തവുമാണ്. എന്നാല്‍ സാധാരണക്കാര്‍ക്ക് കൂടി പ്രാപ്തമായ രീതിയിലാണ് സംസ്ഥാനത്തെ മരണാനന്തര അവയവദാന പ്രക്രിയ നടക്കുന്നത്. ജാതി, മത, ദേശ, ലിംഗ വ്യത്യാസമോ അതിര്‍വരമ്പുകളോ ഇല്ലാതെയാണ് സംസ്ഥാനത്തെ മരണാന്തര അവയവദാന പദ്ധതിയായ കേരള നെറ്റ്‌വര്‍ക്ക് ഫോര്‍ ഓര്‍ഗണ്‍ ഷെയറിംഗ് (KNOS) അഥവാ മൃതസഞ്ജീവനിവഴി അവയവദാനവും വിന്യാസവും നടത്തിയിരിക്കുന്നത്.
അഫ്ഗാന്‍ സ്വദേശിയായ സൈനികന് കൈകളും കസാഖിസ്ഥാനിലെ പെണ്‍കുട്ടിക്ക് ഹൃദയവും നല്‍കി മാതൃക കാട്ടി. അവയവദാന പ്രക്രിയയിലെ മഹത് വ്യക്തികളാണ് അതിന് തയ്യാറായ കുടുംബം. തീരാ ദു:ഖത്തിനിടയിലും പ്രിയപ്പെട്ടവരുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ സന്മനസ് കാണിച്ച കുടുംബാംഗങ്ങളെ ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കുന്നതായും അവയവ ദാതാക്കളെ സ്മരിക്കുകയും ചെയ്യുന്നതായും മന്ത്രി വ്യക്തമാക്കി.
അവയവദാന പ്രക്രിയ കൂടുതല്‍ കാര്യക്ഷമയുമാക്കുന്നതിനായി കേരള ഓര്‍ഗണ്‍ ട്രാന്‍സ്പ്ലാന്റ് സൊസൈറ്റി (കെ-സോട്ടോ) രൂപീകരിക്കാനായി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ജീവിച്ചിരിക്കുന്നവരുടെ അവയവദാനവും മരണാനന്തര അവയവദാനവും ഒരു കുടക്കീഴില്‍ കൊണ്ടുവന്ന് അവയവദാന പ്രക്രിയ കൂടുതല്‍ കാര്യക്ഷമമാക്കുവാനാണ് ലക്ഷ്യമിടുന്നത്. അവയവദാന പ്രക്രിയ ഫലപ്രദമായി നിര്‍വഹിക്കുന്ന കെ.എന്‍.ഒ.എസിന്റെ എല്ലാ ജീവനക്കാരേയും മന്ത്രി അഭിനന്ദിച്ചു.
45 ആശുപത്രി
സംസ്ഥാനത്താകെ 45 ആശുപത്രിക്കാണ് അവയവദാനത്തിന് അനുമതിയുള്ളത്, നേത്രദാനമുള്െപ്പടെയാണിത്. തെക്കന്‍ മേഖലയില്‍ 16, മധ്യമേഖലയില്‍ 21, വടക്കന്‍ കേരളത്തില്‍ എട്ട് എന്നിങ്ങനെയാണിവ. ഇതില്‍തന്നെ ഏറെയും സ്വകാര്യ മേഖലയിലാണ്. എന്നാല്‍, ഈ സ്ഥാപനങ്ങളില്‍ പലതിനും വൃക്കയോ മറ്റേതെങ്കിലും ഒരു അവയവമോ മാത്രമേ മാറ്റിവെക്കാനുള്ള സംവിധാനമുള്ളൂ. കൊച്ചി അമൃത ആശുപത്രിയിലാണ് ഹൃദയം, കരള്‍, വൃക്ക, ശ്വാസകോശം, പാന്‍ക്രിയാസ്, ചെറുകുടല്‍, ലാരിങ്ക്സ്, കോര്‍ണിയ, കൈപ്പത്തി അവയവങ്ങളെല്ലാം മാറ്റിവെക്കാനുള്ള സൗകര്യമുള്ളത്. കൈപ്പത്തി, കോര്‍ണിയ എന്നിവ ഒഴികെ എറണാകുളം ലിസി ആശുപത്രിയിലും മാറ്റിവെക്കാം.
നിങ്ങള്‍ക്കും ദാനം ചെയ്യാം
മരണാനന്തരം അവയവങ്ങള്‍ നല്കാന് താല്പര്യമുള്ള ഏതൊരാള്‍ക്കും http://knos.org.in/DonorCard.aspx വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ആവശ്യമായ വിവരങ്ങള്‍ നല്കിയാല് ദാതാവിനുള്ള ഡോണര്‍ കാര്‍ഡ് ലഭിക്കും. അത് പ്രിന്റ് ചെയ്ത് സൂക്ഷിക്കുകയും തെന്റ ആഗ്രഹം കുടുംബാംഗങ്ങളെ അറിയിക്കുകയും വേണം. ഹെല്പ്ലൈന് നമ്ബര്‍: 0471 2528658.