ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 40,120 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 21,445 രോഗികളുമായി കേരളംതന്നെയാണ് എണ്ണത്തിൽ മുന്നിൽ. ഇന്നലെ 585 പേർകൂടി മരിച്ചതോടെ മൊത്തം മരണസംഖ്യ 4.3 ലക്ഷം കവിഞ്ഞു. രാജ്യത്ത് ഇതുവരെ 3.21 കോടി പേർക്ക് കോവിഡ് ബാധിച്ചു. ഇവരിൽ 3.13 കോടി പേർ രോഗമുക്തിനേടി. നിലവിൽ 3.85 ലക്ഷം രോഗികളാണ് രാജ്യത്ത് ചികിത്സയിലുള്ളത്.
ഡൽഹിയിൽ തുടർച്ചയായ രണ്ടാം ദിനവും കോവിഡ് ബാധിച്ച് ആരും മരിച്ചില്ല എന്നത് ആശ്വാസമായി. കഴിഞ്ഞ ദിവസം പുതുതായി 49 പേർക്കു മാത്രമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 0.07 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രണ്ടാം തരംഗം വ്യാപിച്ചശേഷം തലസ്ഥാനത്ത് എട്ടാം തവണയാണ് കോവിഡ് മരണങ്ങൾ ഇല്ലാത്ത ദിവസം രേഖപ്പെടുത്തുന്നത്.
















