അഹമ്മദാബാദ്: കോവിഡ് വാക്സീന്‍ എടുക്കാന്‍ വിസമ്മതിച്ച ഉദ്യോഗസ്ഥനെ വ്യോമസേനയില്‍ നിന്നു നീക്കിയതായി കേന്ദ്ര സര്‍ക്കാര്‍ ഗുജറാത്ത് ഹൈക്കോടതിയെ അറിയിച്ചു. വാക്സിന്‍ സ്വീകരിക്കാത്ത ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിന് കൃത്യമായ മറുപടി നല്‍കാത്ത ഉദ്യേഗസ്ഥനെയാണ് സര്‍വീസില്‍ നിന്ന് നീക്കിയത്.
വാക്സിന്‍ സ്വീകരിക്കണം എന്ന നിബന്ധന മറികടന്നതിനാണു നടപടിയെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. വാക്സിന്‍ സ്വീകരിക്കാത്തതിന് കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ച വ്യോമസേന കോര്‍പറല്‍ യോഗേന്ദ്ര കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെ, അഡിഷനല്‍ സോളിസിറ്റര്‍ ജനറല്‍ ദേവാങ് വ്യാസ് ആണ് ഇക്കാര്യം കോടതിയെ അറിയിച്ചത്. കാരണം കാണിക്കല്‍ നോട്ടിസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് യോഗേന്ദ്ര കുമാര്‍ കോടതിയെ സമീപിച്ചത്.
ആകെ ഒന്‍പതു വ്യോമസേനാ ഉദ്യോഗസ്ഥരാണു വാക്സീന്‍ സ്വീകരിക്കാന്‍ വിസമ്മതിച്ചത്. ഇവര്‍ക്കെല്ലാം കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു. ഇതില്‍ നോട്ടിസിനു മറുപടി നല്‍കാത്ത ആളെയാണു സര്‍വീസില്‍നിന്നു നീക്കിയത്.
എന്നാല്‍ നടപടിക്ക് വിധേയനായ ഉദ്യോഗസ്ഥന്റെ പേരോ മറ്റ് വിവരങ്ങളോ അദ്ദേഹം പുറത്ത് വിട്ടില്ല. വാക്‌സിന്‍ സ്വീകരിക്കുന്നത് വ്യോമസേനാ സര്‍വ്വീസില്‍ നിര്‍ബന്ധമാക്കിയതിന് പുറമേ സത്യപ്രതിജ്ഞയിലും ഇത് ഉള്‍പ്പെടുത്തിയിട്ടുണ്ട്.
യോഗേന്ദ്ര കുമാര്‍ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കിയ സാഹചര്യത്തില്‍ അദ്ദേഹത്തിന് ആംഡ് ഫോഴ്‌സസ് ട്രൈബ്യൂണല്‍ ആക്ട് പ്രകാരം ആംഡ് ഫോഴ്‌സസ് ട്രൈബ്യൂണലിന്റെ മുന്നില്‍ ഹാജരാകാമെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ദേവാംഗ് വ്യാസ് പറഞ്ഞു. കഴിഞ്ഞ മേയ് പത്തിനാണ് യോഗേന്ദ്ര കുമാര്‍ കാരണം കാണിക്കല്‍ നോട്ടീസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുന്നത്.
















