ശ്രീഹരിക്കോട്ട: ജിഎസ്എൽവി എഫ് ടെൻ വിക്ഷേപണം പരാജയപ്പെട്ടു. ക്രയോജനിക് ഘട്ടത്തിലാണ് പാളിച്ചയുണ്ടായത്. രണ്ട് തവണ മാറ്റിവച്ച ഉപഗ്രഹ വിക്ഷേപണമാണ് പരാജയപ്പെട്ടത്.ഇന്നു പുലർച്ചെ 5.43ന് സതീഷ് ധവാൻ സ്പേസ് സ്റ്റേഷനിൽനിന്നാണ് ഉപഗ്രഹം വിക്ഷേപിച്ചത്.
51.70 മീറ്റർ ഉയരമുള്ള ജിഎസ്എൽവി ഒരു ത്രീ സ്റ്റേജ് എൻജിൻ റോക്കറ്റ് ആണ്. ആദ്യ ഘട്ടത്തിൽ ഖര ഇന്ധനവും രണ്ടാമത്തേതിൽ ദ്രാവക ഇന്ധനവും മൂന്നാമത്തേതിൽ ക്രയോജനിക് എൻജിനുമാണ് പ്രവർത്തിക്കുന്നത്.
24 മണിക്കൂറും ഇന്ത്യൻ ഉപഭൂഖണ്ഡത്തെ നിരീക്ഷിക്കാൻ ലക്ഷ്യമിട്ടായിരുന്നു ഇഒഎസ് 03 ഉപഗ്രഹത്തിന്റെ വിക്ഷേപണം. 2,268 കിലോഗ്രാം ഭാരമുള്ള ഇഒഎസ് -03 വിക്ഷേപിച്ച് 18 മിനിറ്റിനുള്ളിൽ ഭ്രമണപഥത്തിലെത്തിക്കാനായിരുന്നു പദ്ധതി.പ്രകൃതിദുരന്തം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയവയെക്കുറിച്ച് മുന്നറിയിപ്പ് നൽകാനുതകുന്ന ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമാണ് ഇ.ഒ.എസ്-03.
















