മെല്‍ബണ്‍: ന്യൂസിലന്‍ഡ് മുന്‍ ക്രിക്കറ്റ് താരം ക്രിസ് കെയ്ന്‍സ് അതീവ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. ഹൃദയ ശസ്ത്രക്രിയക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ക്രിസ് കെയ്ന്‍സിന്റെ ഹൃദയ ധമനികള്‍ പൊട്ടി രക്തസ്രാവം ഉണ്ടായതിനെത്തുടര്‍ന്ന് സ്ഥിതി വഷളാകുകയായിരുന്നു. ആസ്ട്രേലിയന്‍ തലസ്ഥാനമായ കാന്‍ബറയിലെ ആശുപത്രയില്‍ കഴിയുന്ന കെയ്ന്‍സ് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന് നിലനിര്‍ത്തുന്നത്.
ഹൃദയപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഒന്നിലേറെ ശസ്ത്രക്രിയകള്‍ക്കു വിധേയനായിട്ടുണ്ട് കെയ്ന്‍സ്. താരം ഇപ്പോള്‍ ചികിത്സയോട് പ്രതികരിക്കുന്നില്ലെന്നും ജീവന് രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജീവന് നിലനിര്‍ത്തുന്നതെന്നുമാണ് ആശുപത്രിയില്‍ നിന്നും പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ വിദ്ഗദ ചികിത്സക്കായി സിഡ്നിയിലെ ആശുപത്രിയിലേക്ക് മാറ്റിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
2010ല്‍ ഓസ്ട്രേലിയക്കാരി മെലാനി ക്രോസറെ വിവാഹം കഴിച്ച കെയ്ന്‍സ് പിന്നീട് ഓസ്ട്രേലിയയിലാണ് താമസിച്ചിരുന്നത്.
ന്യൂസിലന്‍ഡിന്റെ എക്കാലത്തെയും മികച്ച ഓള്‍റൌണ്ടര്‍മാരില്‍ ഒരാളാണ് ക്രിസ് കെയ്ന്‍സ്. കിവീസിനായി 62 ടെസ്റ്റുകളും 215 ഏകദിനങ്ങളും രണ്ട് ട്വന്റി-20 മത്സരങ്ങളിലും താരം ജഴ്സിയണിഞ്ഞിട്ടുണ്ട്. 1998 മുതല്‍ 2006 വരെ ക്രിക്കറ്റില്‍ സജീവമായിരുന്ന കെയ്ന്‍സ് ടെസ്റ്റില്‍ 3320 റണ്‍സും 218 വിക്കറ്റുകളും നേടിയിട്ടുണ്ട്. ഏകദിനത്തില്‍ 4950 റണ്‍സും 201 വിക്കറ്റും കെയ്ന്‍സിന്റെ പേരിലുണ്ട്.