ഷിംല: ഹിമാചല്‍ പ്രദേശിലെ കിനൗറില്‍ മണ്ണിടിച്ചില്‍ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 11 ആയി. മുപ്പതോളം പേര്‍ ഇപ്പോഴും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. പത്ത് പേരെ ഇതിനകം രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.
ഇന്ന് ഉച്ചയ്ക്ക് 12.45 ന് വാഹനങ്ങൾ ദേശീയ പാതയിലൂടെ കടന്നു പോകുമ്പോഴായിരുന്നു അപകടം. ഹിമാചല്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ബസും ട്രക്കും വിനോദ സഞ്ചാരികളുടെ കാറുകളും അപകടത്തില്‍പ്പെട്ടു. മണ്ണും പാറയും ഇടിഞ്ഞു വീണതോടെ വാഹനങ്ങളും പൂര്‍ണമായി തകര്‍ന്നു. ഗതാഗതവും തടസപ്പെട്ടു. ദിവസങ്ങളായി തുടരുന്ന കനത്ത മഴയെ തുടര്‍ന്നാണ് മണ്ണിടിച്ചില്‍ ഉണ്ടായതെന്നാണു റിപ്പോര്‍ട്ട്.
മണ്ണിടിച്ചിലുണ്ടായ വിവരം പുറത്ത് വന്നതോടെ അടിയന്തര രക്ഷപ്രവർത്തനത്തിന് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയറാം ഠാക്കൂർ നിർദ്ദേശം നൽകി. ഐടിബിപിയുടെ 20 ട്രൂപ്പുകള്‍, ദേശീയ ദുരന്ത നിവാരണ സേന, പോലീസ് തുടങ്ങിയവര്‍ സംയുക്തമായി സംഭവസ്ഥലത്ത് തിരച്ചില്‍ തുടരുകയാണ്. സംഭവം നടന്ന സ്ഥലം ഇപ്പോഴും അപകടാവസ്ഥയിലാണെന്നും, എങ്കിലും രാത്രിയിലും തിരച്ചില്‍ തുടരുമെന്നും ഐടിബിപി ഉദ്യോഗസ്ഥര്‍ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ഹിമാചല്‍ മുഖ്യമന്ത്രി ജയ്റാം താക്കൂറുമായി ഫോണില്‍ സംസാരിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. രക്ഷാപ്രവര്‍ത്തനത്തിന് എല്ലാ സഹായവും വാഗാദാനം ചെയ്തതായി പ്രധാനമന്ത്രി ട്വിറ്ററില്‍ പ്രതികരിച്ചു.
















