25 ദിവസമായി രാജ്യത്ത് ഇന്ധനവിലയിൽ മാറ്റം വരുത്താതെ എണ്ണക്കമ്പനികൾ. ജൂലൈ 17 ന് പെട്രോളിന് 30 പൈസ വർധിപ്പിച്ചതിനു ശേഷം വിലയിൽ മാറ്റം വന്നിട്ടില്ല. ഡീസലിന് അവസാനമായി വില വർധിപ്പിച്ചത് ജൂലൈ 15നാണ്, 17 പൈസ. നിലവിൽ കൊച്ചിയിൽ പെട്രോളിന് 102.06 രൂപയും ഡീസലിന് 94.82 രൂപയുമാണ്. കഴിഞ്ഞ ഒരു മാസമായി രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണവില ബാരലിന് ശരാശരി 72 ഡോളർ എന്ന നിലയിലാണ്.
ലോകത്ത് ഏറ്റവും കൂടുതൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്ന ചൈന കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കിയതിനെത്തുടർന്ന് തിങ്കളാഴ്ച 69.05 ഡോളറിലേക്കു താഴ്ന്ന അസംസ്കൃത എണ്ണവില ഇന്നലെ 70.02 ഡോളറായി ഉയർന്നു. രാജ്യാന്തര വില ഉയരാത്തതിനുപുറമെ, പാർലമെന്റ് സമ്മേളനം നടക്കുന്നതും ഇന്ധനവില വർധനയ്ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധമുയരുന്നതും വില പിടിച്ചുനിർത്തുന്നതിനു കാരണമായി കണക്കാക്കുന്നു.