തിരുവനന്തപുരം: സംസ്ഥാനത്ത് ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിന് ഈ മാസം 16 മുതൽ അപേക്ഷിക്കാമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പ്രവേശന നടപടികൾ തിങ്കളാഴ്ച മുതൽ തുടങ്ങുമെന്നും വിദ്യാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാനാകുമെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.
ഏകജാലക സംവിധാനത്തിലൂടെ പ്രവേശന നടപടികൾ പൂർത്തിയാക്കി സെപ്റ്റംബറിൽ ക്ലാസുകൾ തുടങ്ങാനാണ് ആലോചിക്കുന്നത്. പാഠ്യപദ്ധതി പരിഷ്കരണത്തിനുള്ള നടപടികളും സർക്കാർ സ്വീകരിക്കുന്നുണ്ട്. അടുത്ത വർഷം ജനുവരിക്ക് മുമ്പ് തന്നെ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ കരട് തയ്യാറാക്കും. ആധുനിക ശാസ്ത്ര – സമൂഹ ബോധത്തിന്റെ അടിസ്ഥാനത്തിൽ പാഠ്യപദ്ധതി പരിഷ്കരിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.