ജയസൂര്യയെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രം ഈശോയ്‌ക്കെതിരെ മോഷണരോപണവുമായി എഴുത്തുകാരൻ ഷാജി കാരക്കൽ. അദ്ദേഹം നാദിർഷയ്ക്ക് വായിക്കാൻ കൊടുത്ത തിരക്കഥയാണ് ഇപ്പോള്‍ പുറത്ത് വരാന്‍ പോകുന്ന ‘ഈശോ’ എന്ന സിനിമ എന്നാണ് ആരോപണം. എഴുത്തുകാരന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
മൂന്ന് വര്‍ഷത്തെ എന്റെ അദ്ധ്വാനമാണ് ഈശോ വക്കീലാണ് എന്ന ഈ തിരക്കഥ. രണ്ടായിരത്തി പത്തൊമ്പത് മെയ് ആദ്യവാരം ഒരു പ്രമുഖ സംവിധായകന് ഇത് വായിക്കാന്‍ കൊടുത്തിരുന്നു. ഇപ്പോള്‍ സമാന പേരിലുള്ള അദ്ധേഹത്തിന്റെ സിനിമ അന്തിമ ഘട്ടത്തിലാണെന്ന് അറിയുന്നു. ഞാന്‍ തന്നെ സംവിധാനം ചെയ്യുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ണതയിലേക്ക് അടുത്തുകൊണ്ടിരുന്ന എന്റെ ഈ തിരക്കഥ അതുകൊണ്ടുതന്നെ സിനിമയാക്കുന്ന ഉദ്യമത്തില്‍നിന്നും ഞാന്‍ പിന്മാറുന്നു. എന്റെ ഈ തിരക്കഥ പല ഭാഗങ്ങളായി പൊതുജന സമക്ഷം ഇവിടെ സമര്‍പ്പിക്കുന്നു. എന്നാണ് ഷാജി കാരക്കല്‍ കുറിച്ചത്.
താന്‍ എഴുതിയ രണ്ടാമത്തെ തിരക്കഥയാണ് ഈശോ വക്കീലാണ്. അത് താന്‍ തന്നെ സംവിധാനം ചെയ്യാന്‍ ഇരുന്നതാണ്. ജയസൂര്യയെ നായകനാക്കി ചെയ്യാന്‍ ആയിരുന്നു ഇരുന്നത്. നടനെ ഫോണില്‍ ബന്ധപ്പെടുകയും ചെയ്തു. കഥ കേള്‍ക്കാം എന്ന് പറഞ്ഞെങ്കിലും പിന്നീട് വിളിച്ചപ്പോഴൊന്നും ഫോണ്‍ എടുത്തിരുന്നില്ല. എന്നാല്‍ അത് മുന്നോട്ട് പോകില്ല എന്ന് മനസ്സിലായി തിരക്കഥ മറ്റൊരാള്‍ക്ക് കൊടുക്കാം എന്ന് കരുതി. അങ്ങനെയാണ് നാദിര്‍ഷയെ ബന്ധപ്പെടുന്നത്. കൊച്ചിയിലുള്ള അവരുടെ സ്ഥാപനമായ ദേ പുട്ടില്‍ തിരക്കഥ ഏല്‍പ്പിക്കാന്‍ നാദിര്‍ഷ പറഞ്ഞു. അങ്ങനെ അവിടുത്തെ മാനേജര്‍ സന്തോഷിനെ തിരക്കഥ ഏല്‍പ്പിച്ചു. മാനേജറുടെ കൈയില്‍ നിന്നും നാദിര്‍ഷ തിരക്കഥ വാങ്ങുകയും ചെയ്തു. പിന്നീട് വിവരങ്ങളൊന്നും ഇല്ലാതിരുന്നപ്പോള്‍ ഞാന്‍ നാല് മാസങ്ങള്‍ക്ക് ശേഷം നാദിര്‍ഷയെ വിളിച്ചു.
തിരക്കഥ നന്നായിട്ടുണ്ടെന്നും പക്ഷെ സീരിയസ് വിഷയമായതുകൊണ്ട് കോമഡി ചെയ്യുന്ന ഞാന്‍ ചെയ്താല്‍ ശരിയാകില്ല എന്നുമാണ് നാദിര്‍ഷ പറഞ്ഞത്. മറ്റാരെയെങ്കിലും സമീപിക്കാനും പറഞ്ഞു. തിരക്കഥ തിരികെ സന്തോഷിനെ ഏല്‍പ്പിക്കുകയും ഞാന്‍ അത് മാസങ്ങള്‍ക്ക് ശേഷം അവിടെ നിന്ന് വാങ്ങുകയും ചെയ്തു. പിന്നീട് ഇപ്പോഴാണ് അതേ പേരിനോട് സാമ്യമുള്ള തരത്തില്‍ നാദിര്‍ഷ പടം ചെയ്യുന്നു എന്നറിയുന്നത്. വലിയ വിഷമമുണ്ടാക്കിയ കാര്യമാണത്. ഷാജി കാരക്കല്‍ ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
















