ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ക്ക് ഒബിസി പട്ടിക തയാറാക്കാന്‍ അനുമതി നല്‍കുന്ന 127ാം ഭരണഘടനാ ഭേദഗതി ലോക്‌സഭ പാസാക്കി. സഭയിലുണ്ടായിരുന്ന 385 അംഗങ്ങളുടെ പിന്തുണയോടെയാണ് ഭരണഘടനാ ഭേദഗതി പാസാക്കിയത്. അതേസമയം, പ്രതിപക്ഷത്തിന്റെ നിര്‍ദേശങ്ങള്‍ വോട്ടിനിട്ടു തളളി. നാളെ മറാത്ത സംവരണ കേസിലെ സുപ്രീംകോടതി വിധി മറികടക്കാന്‍ വ്യവസ്ഥകളുള്ള ബില്ല് രാജ്യസഭയിലും കൊണ്ടുവരും.
മറാത്താ കേസില്‍ മേയ് അഞ്ചിന് സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയില്‍ സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളെ കണ്ടെത്താനുള്ള അധികാരം രാഷ്‌ട്രപതിക്കു മാത്രമാണെന്നും,സംസ്ഥാനങ്ങള്‍ക്കും ബന്ധപ്പെട്ട കമ്മിഷനുകള്‍ക്കും കേന്ദ്രപട്ടികയില്‍ ജാതിവിഭാഗങ്ങളെ പുതിയതായി ഉള്‍പ്പെടുത്താനും നിലവിലുള്ളവയെ ഒഴിവാക്കാനുമുള്ള ശുപാര്‍ശ നല്‍കാനേ കഴിയൂ എന്നും വിധിച്ചിരുന്നു. സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കേന്ദ്ര പട്ടികയാണ് പിന്തുടരേണ്ടതെന്നും വിധിയില്‍ പറയുന്നു. വിധിക്കെതിരെ നല്‍കിയ പുന:പരിശോധനാ ഹര്‍ജി തള്ളിയതോടെയാണ് ഭരണഘടനാ ഭേദഗതിക്ക് കേന്ദ്രസര്‍ക്കാര്‍ തുടക്കമിട്ടത്.
ഭരണഘടനാ ഭേദഗതി രാജ്യസഭ നാളെ പരിഗണിക്കും. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും സ്വന്തമായി ഒബിസി പട്ടിക തയാറാക്കാന്‍ കഴിയുന്ന ഭരണ ഘടനാ ഭേദഗതിയാണ് ഒബിസി ബില്‍.
സാമൂഹ്യനീതിമന്ത്രി വീരേന്ദ്രകുമാറാണ് ബില്‍ സഭയില്‍ അവതരിപ്പിച്ചത്. ബില്‍ നിയമമാകുന്നതോടെ ഓരോ സംസ്ഥാനത്തിനും സ്വന്തമായി ഒബിസി പട്ടിക തയ്യാറാക്കാന്‍ കഴിയും. പെഗാസസ് ചാരവൃത്തി, കര്‍ഷകപ്രക്ഷോഭം എന്നീ വിഷയങ്ങളില്‍ പ്രതിഷേധം തുടരുന്ന പ്രതിപക്ഷം ഈ ബില്‍ പാസാക്കാന്‍ ഇരുസഭയിലും സര്‍ക്കാരുമായി സഹകരിക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നു.
















