ദുബായ്: 2028ൽ ലോസ് ആഞ്ചലസിൽ വെച്ച് നടക്കുന്ന ഒളിമ്പിക്സിൽ ക്രിക്കറ്റിനെ ഉൾപ്പെടുത്തണമെന്ന് ഐസിസി (ഇന്റർനാഷൽ ക്രിക്കറ്റ് കൗൺസിൽ) ആവശ്യപ്പെട്ടു. ഇതിനായി ഒരു ഒളിമ്പിക് വർക്കിങ്ങ് കൂട്ടായ്മ രൂപവത്കരിച്ചിരുന്നു. ഈ കൂട്ടായ്മ ഒളിമ്പിക്സിൽ ക്രിക്കറ്റിനെ ഉൾപ്പെടുത്തുന്നതിനായി ശക്തമായി പ്രവർത്തിക്കുമെന്ന് ഐസിസി അറിയിച്ചു.
90 ശതമാനം ആളുകളും ക്രിക്കറ്റിനെ സ്നേഹിക്കുന്നവരാണ്. ഈ ആവശ്യം ശക്തമാണെന്നും ഒളിമ്പിക്സിൽ ഉൾപ്പെടുത്തുന്നതോടെ ക്രിക്കറ്റിന്റെ ഭാവി തെളിയുമെന്നും ഐസിസി ചെയർമാൻ ഗ്രെഗ് ബാർക്ലേ അഭിപ്രായപ്പെട്ടു. കൊറോണയുടെ പശ്ചാത്തലത്തിലും വളരെ ഭംഗിയായി ടോക്കിയോ ഒളിമ്പിക്സ് പൂർത്തീകരിക്കാൻ സാധിച്ചതിന് സംഘാടകരെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.
അമേരിക്കയില്‍ 30 മില്ല്യണ്‍ ക്രിക്കറ്റ് ആരാധകരാണുള്ളത്. ഒളിമ്പിക്സിലേക്ക് ക്രിക്കറ്റിന്റെ തിരിച്ചുവരവിന് അനുയോജ്യമായ വേദിയാണ് ലോസ് ഏഞ്ചല്സിലേതെന്നും ഐസിസി വ്യക്തമാക്കുന്നു.
ഒളിമ്പിക്സില്‍ ഒരൊറ്റ തവണ മാത്രമാണ് ക്രിക്കറ്റ് മത്സര ഇനമായത്. 1900-ത്തിലെ പാരിസ് ഒളിമ്പിക്സിലായിരുന്നു ഇത്. അന്ന് ബ്രിട്ടനും ഫ്രാന്‍സും മാത്രമാണ് മത്സരിച്ചത്. രണ്ടു ദിവസം നീണ്ടുനിന്ന മത്സരത്തില്‍ ഫ്രാന്‍സിനെ തോല്‍പ്പിച്ച് ബ്രിട്ടന് ജേതാക്കളായി.