അർജന്റീനയുടെ സൂപ്പർതാരം ലയണൽ മെസ്സി ഫ്രഞ്ച് ലീഗിലെ മുൻനിരക്കാരായ പാരിസ് സെന്റ് ജെർമെയ്ന്റെ ജസ്സിയണിയും. ബസ്സിലോണവിട്ട താരവും ക്ലബും ഇക്കാര്യത്തിൽ നടത്തിയ ചർച്ച വിജയകരമായി പൂർത്തിയായി. ഇതോടെ മെസ്സി വീണ്ടും ബ്രസീൽ സൂപ്പർതാരം നെയ്മർക്കൊപ്പം പന്തുതട്ടും. നേരത്തെ ഇരുവരും ബാഴ്സയ്ക്ക് വേണ്ടിയാണ് ഒരുമിച്ചിറങ്ങിയതെങ്കിൽ ഇനിയത് പി എസ് ജിക്ക് വേണ്ടിയാകും.
രണ്ടു വർഷത്തെ കരാറിലാണ് മെസ്സി പി എസ് ജിയുമായി ഒപ്പുവെക്കുന്നത്. മൂന്നാം വർഷത്തിലേക്ക് വേണമെങ്കിൽ കരാർ നീട്ടാമെന്ന ഉപാധി കൂടി ചേർത്താണ് താരവും ക്ലബും തമ്മിൽ ധാരണയിലെത്തിയത്.
നൂകാമ്പിൽനിന്ന് പാർക് ഡി പ്രിൻസെസിലേക്ക് വൈകാതെ ഇതിഹാസതാരം കൂടുമാറും. കൂട്ടുകാരനായ നെയ്മറിനും ഫ്രഞ്ച് യുവതാരം കിലിയൻ എംബാപ്പെക്കുമൊപ്പം മെസ്സി കൂടി അണിനിരക്കുന്നതോടെ ലോകത്തിലെ ഏറ്റവും മികച്ച താര സമ്പന്ന നിരയാകും പി എസ് ജിയുടേത്.
ബാഴ്സലോണയുമായുള്ള കരാർ അവസാനിച്ച സാഹചര്യത്തിൽ മെസ്സിയുടെ അടുത്ത തട്ടകം പി എസ് ജി ആയിരിക്കുമെന്ന് നേരത്തേ, സൂചനയുണ്ടായിരുന്നു. ഫ്രഞ്ച് ക്ലബ് ഉടമയായ ഖത്തർ അമീറിന്റെ സഹോദരൻ ഖാലിദ് ബിൻ ഹമദ് ബിൻ ഖലീഫ ആൽതാനി വാർത്ത നേരത്തേ സ്ഥിരീകരിക്കുകയും ചെയ്തു.