ന്യൂഡൽഹി: രാജ്യതലസ്ഥാനത്തു ദലിത് പെൺകുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിൽ പെൺകുട്ടിയുടെ കുടുംബത്തിനു ധനസഹായവുമായി ഡൽഹി സർക്കാർ. കുടുംബത്തിന് ആശ്വാസമായി 10 ലക്ഷം രൂപ കൈമാറാൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ അനുമതി നൽകി. ഓഗസ്റ്റ് ഒന്നിനു ഡൽഹി കന്റോൺമെന്റിനു സമീപം ശ്മശാനത്തിലാണു പെൺകുട്ടി ദുരൂഹ സാഹചര്യത്തിൽ മരിച്ചത്.
കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ വസതി കേജ്‍രിവാൾ സന്ദർശിക്കുകയും ധനസഹായം വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. വിഷയത്തിൽ മജിസ്ട്രേറ്റുതല അന്വേഷണം പ്രഖ്യാപിച്ച അദ്ദേഹം, കേസിനായി മുതിർന്ന അഭിഭാഷകരെ ഏർപ്പെടുത്തുമെന്നും കുടുംബത്തിന് ഉറപ്പു നൽകി.
പെൺകുട്ടിക്കും കുടുംബത്തിനും നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ടു ദലിത് സംഘടനകൾ പ്രതിഷേധത്തിലാണ്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുൾപ്പെടെയുള്ളവർ പെൺകുട്ടിയുടെ കുടുംബത്തെ കണ്ട് സമരത്തിൽ അണിചേർന്നിരുന്നു. ശ്മശാനത്തിലെ പുരോഹിതൻ ഉൾപ്പെടെ നാലു പേർ കേസിൽ അറസ്റ്റിലായി.
















