രണ്ട് ദിവസം പട്ടിണി കിടക്കും, മൂന്നിന്റെയന്ന് കഞ്ഞി വയ്ക്കും ഈ മീൻ പാത്രം അതുകൊണ്ടുള്ള ജീവിതം, അത് മാത്രമേ ഞങ്ങൾക്കുള്ളു.. പൂന്തുറയിലെ മത്സ്യ തൊഴിലാളികൾ ജീവിതം പറഞ്ഞു തുടങ്ങുകയാണ്.
പൂന്തുറയിലെ മത്സ്യ വ്യാപാരികളുടെ ജീവിതം പെരുവഴിയാലാക്കപ്പെട്ടിട് ഒന്നര വർഷം പിന്നിടുകയാണ്.. കുമരി ചന്ത എന്ന ഇവരുടെ മീൻ മാർക്കറ്റ് രണ്ടായിരത്തി ഇരുപത് മാർച്ചിൽ കൊറോണയോടെയാണ് അടക്കുന്നത്. കാലമിത്രയുമായിട്ടും കുമരി ചന്ത ഇത് വരെ തുറക്കപ്പെട്ടിട്ടില്ല. പണികൾ നടക്കുന്നു അതിന് ശേഷം തുറന്ന് തരാം എന്ന പല്ലവി പലതവണയായി. ജീവിക്കാൻ വേണ്ടി നടുറോട്ടിലേക്ക് ഇറങ്ങി പുറപ്പെടേണ്ട അവസ്ഥയാണ് കൊറോണയും അധികാരികളുടെ കെടുകാര്യസ്തതയും പൂന്തുറക്കാർക്ക് വരുത്തി വച്ചത്. ജീവിക്കാൻ വേണ്ടി മറ്റ് മാർഗങ്ങൾ ഇല്ലാതെ വാഹനങ്ങങ്ങൾ ഇട തടവില്ലാതെ ഓടുന്ന റോഡരികിലേക്കാണ് ഇവർക്ക് ചെക്കറേണ്ടി വന്നത്. വാഹനങ്ങളുടെ പൊടിയും ശബ്ദവും ഇന്നിവർക്ക് അന്യമല്ലാതായിരിക്കുന്നു.. പൊരി വെയിലും പെരുമഴയും ഇവർക്ക് പരാതികൾ ഇല്ലാതെ അനുഭവിക്കേണ്ടതുണ്ട്, അവരുടെ കുഞ്ഞുങ്ങൾക്ക് ഒരു നേരത്തെ ആഹാരം നൽകാൻ.
“വെയില് വന്നാൽ വെയില്കൊള്ളും, മഴ വന്നാൽ തലയിൽ ഒരു കിറ്റും ചൂടിക്കൊണ്ട് ഇരിക്കും. വെയിലിലും മഴയിലും ഞങ്ങൾ മരിക്കുകയാണ്, എങ്ങനെയെങ്കിലും ഞങ്ങളുടെ കട തുറന്ന് താ മക്കളേ, ഞങ്ങൾക്ക് ഇനി വേറെ വഴിയില്ല ” വാർത്ത റിപ്പോർട്ട് ചെയ്യാൻ ചെന്ന അന്ന്വേഷണം ടീമിനോട് മത്സ്യ തൊഴിലാളികൾ കേണപേക്ഷിക്കുകയാണ്..
“മത്സ്യ തൊഴിലാളി തന്നെ മരിക്കുന്നു, മീൻ ഉണ്ടെങ്കിൽ ഉണ്ട്, ഇല്ലെങ്കിൽ ഇല്ലാ, മീനിനാണെങ്കിൽ അധിക വില, മീൻ വാങ്ങാൻ ആളില്ല, ആളുകൾ പേടിച്ചോടുകയാണ്” അവർ കൂട്ടിചേർക്കുന്നു.
ഞങ്ങളുടെ മക്കളേ വളർത്താൻ ഞങ്ങൾക്ക് പറ്റുന്നില്ല, ആത്മഹത്യയിലേക്ക് നീളുന്ന അവസ്ഥയാണ്, ഞങ്ങളിവിടെ വിശന്നു വെയില് കൊണ്ട് തലകറങ്ങി മരിക്കുന്നു, ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് ഭക്ഷണം നൽകാൻ, അവരെ പഠിപ്പിക്കാൻ ഞങ്ങൾക്ക് നിവൃത്തിയില്ലാണ്ടാകുന്നു, എങ്ങനെയെങ്കിലും ഞങ്ങൾക്ക് മാർക്കറ്റ് തുറന്നു കിട്ടിയേ മതിയാകൂ, അല്ലാത്ത പക്ഷം ഞങ്ങളുടെ ജീവൻ ഇവിടെ നടുറോഡിൽ ഒതുങ്ങും.
ഇലക്ഷൻ സമയത്തു കുമരി ചന്ത തുറന്നു കൊടുക്കാമെന്നു സ്ഥാനാർഥികൾ വാക്ക് നൽകിയിരുന്നു.. എന്നാൽ അത് വാഗ്ദാനം മാത്രമായി ഒതുങ്ങി.
എപ്പോളും ഞങ്ങളെ നിയന്ത്രിക്കാൻ പോലീസ് ഉണ്ടാകും.. കച്ചവടം നടക്കാത്ത അവസ്ഥ വരും.. പക്ഷെ പോലീസ് അവരുടെ ചുമതല നിർവഹിക്കുകയല്ലേ, അവരെ എങ്ങനെ കുറ്റം പറയാനാണ്, നിസ്സഹായതയോടെ പൂന്തുറക്കാർ നോവിന്റെ കഥ പറയുകയാണ്..
മീനിന് വൻ വിലയാണ്, കടം വാങ്ങി മീൻ വാങ്ങിക്കൊണ്ട് വന്നാൽ വാങ്ങാൻ ആളില്ല.. എന്നും നഷ്ടം.. കടത്തിനു മേലെ കടം പെരുകുകയാണ്. ഇനിയെന്ത് ചെയ്യണമെന്ന് ഞങ്ങൾക്ക് അറിയില്ല.. മറ്റൊരു തൊഴിലും ഞങ്ങൾക്ക് അറിയില്ല. ഞങ്ങളുടെ ജീവിതം വഴി മുട്ടി നിൽക്കുയാണ് ഈ പെരുവഴിയിൽ…
ക്ഷയരോഗവും ഹൃദരോഗവും മറ്റ് മാരക അസുഖങ്ങൾ ഉള്ളവരും ഞങ്ങളുടെ വീടുകളിലുണ്ട്.. കച്ചവടക്കാരുടെ ശബ്ദവും മീനിന്റെ ദുർഗന്ധവും അവരുടെ ആരോഗ്യത്തെ കൂടുതൽ വഷളാക്കുകയാണ്.. ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് സ്വസ്ഥമായി പഠിക്കാൻ പോലും പറ്റുന്നില്ല.. അതിനാൽ ഈ വഴിയോര കച്ചവടം മാർക്കറ്റിലേക്ക് മാറിയേ മതിയാകു, റോഡ് സൈഡിൽ ഉള്ള തമാസക്കാർ പറയുകയാണ്.
. അഭ്യസ്ത വിദ്യരായ ചെറുപ്പക്ക്കാർ വരെ ഇവിടെ മീൻ വിൽക്കാനുണ്ട്. ഓഖിയിൽ കുടുംബങ്ങങ്ങളെ നഷ്ടപ്പെട്ടവർ ഇവിടെയുണ്ട്.. പ്രളയ സമയത്ത് മുങ്ങി താഴ്ന്നിരുന്നവരുടെ ജീവനുകൾ അമരത്ത് കുത്തി നിർത്തി രക്ഷിച്ചവരാണ് ഈ മത്സ്യ തൊഴിലാളികൾ. എന്നാൽ അവരുടെ ജീവിതം ഇന്ന് പട്ടിണിയുടെയും കടത്തിന്റെയും, ആരോഗ്യ പ്രശ്നങ്ങളുടെയും നിസ്സഹായതയുടെയും നടുവിലാണ്. കോവിഡിനോടും അധികാരികളുടെ കെടുകാര്യസ്തതയോടും ഒരു പോലെ പടവെട്ടി അന്നന്നത്തെ ജീവിതം നയിക്കേണ്ടി വരുന്ന അവസ്ഥയാണ് പൂന്തുറക്കാർക്ക്.. അധികൃതർ ഇവരുടെ ദുരിതങ്ങൾക്ക് മേലെ ഇനിയും കണ്ണടച്ചുകൂടാ, അല്ലാത്ത പക്ഷം പട്ടിണിയാലും കടബാധ്യതകളയും ഇവരുടെ ജീവിതം ഈ നടുറോട്ടിൽ അവസാനിക്കും. ജനങ്ങൾക്ക് വേണ്ടിയുള്ള ജനാധിപത്യ രാജ്യത്തിൽ പണിയെടുത്തു ജീവിക്കാനുള്ള അവകാശം അധികാരികൾ അവർക്ക് നിഷേധിച്ചു കൂടാ.. ജനങ്ങളുടെ ജീവനേക്കാൾ വലുത് മറ്റൊന്നുമില്ല.