തൊഴിലിനോടുള്ള ജനങ്ങളുടെ കാഴ്ചപ്പാടും മനോഭാവവും മാറിയാലേ കേരളത്തിന് വ്യാവസായിക പുരോഗതി കൈവരിക്കാൻ സാധിക്കൂ എന്ന് കവിയും ഷാർജ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പിന്റെ മേധാവിയുമായ ഡോ.സോഹൻ റോയ്. പ്രമുഖ ആരോഗ്യവിദഗ്ധൻ ഡോ. എസ് എസ് ലാൽ സംഘടിപ്പിച്ചു വരാറുള്ള ‘ ഫ്രൈഡേ ഓപ്പൺ ഹൗസിൽ’ അതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൂടുതൽ നിക്ഷേപ സൗഹൃദാന്തരീക്ഷം കേരളത്തിൽ വരേണ്ടതുണ്ട്. അതോടൊപ്പം ഏതു തൊഴിലും മാന്യതയുള്ളതാണെന്ന് തിരിച്ചറിയുകയും വേണം . ഗൾഫ് മേഖലയിൽ നിർമ്മാണ മേഖലയിൽ ഇരുപത്തയ്യായിരം രൂപയ്ക്ക് വരെ ജോലി ചെയ്യുന്ന ഒട്ടനവധി മലയാളി തൊഴിലാളികളുണ്ട്. പതിനായിരം രൂപ പോലും അവർക്ക് നാട്ടിലേക്ക് അയക്കാൻ സാധിക്കുന്നില്ല. എന്നാൽ കേരളത്തിൽ ജോലിചെയ്യുന്ന പല ബംഗാളികളും ഇരുപതിനായിരം രൂപയിലധികം അവരുടെ നാട്ടിലേക്ക് അയക്കുന്നു. സ്വന്തം നാട്ടിൽ ‘ബ്ലൂ കോളർ ‘ ജോലിചെയ്യാനുള്ള ദുരഭിമാനമാണ് ഇതിന് കാരണം. ഈ അവസ്ഥകൾക്കൊക്കെ മാറ്റം വരേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വിദ്യാഭ്യാസ ആവശ്യങ്ങൾക്കായുള്ള കണ്ടന്റ് വികസനവുമായി ബന്ധപ്പെട്ട നിക്ഷേപങ്ങൾക്ക് കേരളത്തിൽ മികച്ച ഭാവിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഓൺലൈൻ വിദ്യാഭ്യാസത്തിന് പ്രചാരം വർദ്ധിക്കുന്നതും ഹോം തിയേറ്ററുകൾ വീടുകളുടെ ഭാഗമായി മാറുന്നതും പുതിയ രീതിയിലുള്ള കണ്ടന്റുകളുടെ ആവശ്യകത ഭാവിയിൽ വർദ്ധിപ്പിക്കും. എപ്പിക്ക് സിനിമകളുടെ പ്രദർശനത്തിന് അനുയോജ്യമായ രീതിയിലുള്ള മികച്ച ദൃശ്യാനുഭവം സമ്മാനിക്കുന്ന തീയേറ്ററുകൾക്ക് കാഴ്ചക്കാരെ ആകർഷിക്കാൻ കഴിയും. ഇത് തീയേറ്ററുകളുടെയും നിർമ്മാതാക്കളുടെയും വരുമാനം വർദ്ധിപ്പിക്കും. ചെറിയ ബഡ്ജറ്റ് സിനിമകൾക്ക് ഒറ്റിറ്റി പ്ലാറ്റ്ഫോമുകൾ മികച്ച അവസരമൊരുക്കും. ജീവനക്കാർക്കായി ഒട്ടേറെ പദ്ധതികൾ വളരെ മുൻപേ തന്നെ ഏരീസ് ഗ്രൂപ്പിൽ നടപ്പാക്കിയിട്ടുണ്ടെന്നും പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.
സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി സ്ഥാപനത്തിലെ ജീവനക്കാരുടെ തൊഴിൽരഹിതരായ ഭാര്യമാർക്ക് ശമ്പളം നൽകുന്ന പദ്ധതിക്ക് ആദ്യമായി തുടക്കം കുറിച്ചത് ഏരീസ് ഗ്രൂപ്പാണ്.
ജീവനക്കാരുടെ മാതാപിതാക്കൾക്ക് മാസാമാസം പെൻഷൻ വിതരണം ചെയ്യുക, നിശ്ചിത കാലാവധി പൂർത്തിയാക്കിയ ജീവനക്കാർക്ക് ആവശ്യമുള്ളപക്ഷം മാന്യമായ റിട്ടയർമെന്റിന് അവസരമൊരുക്കുക , ജീവനക്കാർക്ക് അപ്രതീക്ഷിത വിയോഗം സംഭവിച്ചാൽ അവരുടെ മാതാപിതാക്കൾക്ക് സാമ്പത്തിക സുരക്ഷിതത്വം നൽകുക, കുട്ടികൾക്ക് വിദ്യാഭ്യാസത്തിനായി എഡ്യൂക്കേഷണൽ അലവൻസും സ്കോളർഷിപ്പുകളും കൊടുക്കുക, സ്റ്റാർട്ടപ്പുകൾ ആരംഭിക്കുന്ന ജീവനക്കാർക്ക് പ്രത്യേക പ്രോത്സാഹനമേകുക, ജീവനക്കാർക്കായി ഹെൽത്ത് മാനേജ്മെന്റ് സംവിധാനം സൃഷ്ടിയ്ക്കുക , സാമൂഹിക സുരക്ഷാ പദ്ധതികൾ നടപ്പിലാക്കുക തുടങ്ങിയവയെല്ലാം ഇതിൽ ചിലതാണ്. ഒപ്പം, അൻപത് ശതമാനം ഓഹരികൾ ജീവനക്കാർക്കായി മാറ്റിവയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി കഴിഞ്ഞവർഷം ഒട്ടേറെ ജീവനക്കാർക്ക് അഞ്ച് ലക്ഷം രൂപ മുതൽ ഒരു കോടി രൂപ വരെയുള്ള ഓഹരികൾ പണമായും വിതരണം ചെയ്തിരുന്നു. അവതാരകനായിരുന്ന ഡോ. എസ് എസ് ലാലിനെ കൂടാതെ സിനിമാ നിർമ്മാതാവും മെഡിമിക്സ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ എ വി അനൂപ്, പ്രമുഖ മാധ്യമ പ്രവർത്തകൻ എസ്. ബിജു തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തിരുന്നു.
മാരിടൈം കൺസൾട്ടൻസി, ഷിപ്പ് ഡിസൈൻ, കപ്പലുകളുടെ യു.റ്റി ഗേജിംഗ് സർവേ, റോപ്പ് ആക്സസ്, ഇന്റീരിയർ, എവിയേഷൻ സർവ്വേകൾ തുടങ്ങിയവയാണ് സ്ഥാപനത്തിന്റെ മുഖ്യധാരയിലുള്ള പ്രവർത്തന മേഖലകൾ. ഇതുകൂടാതെ മീഡിയ, സിനിമാ നിർമ്മാണം, ഇവന്റ് മാനേജുമെന്റ്, ടെലിവിഷൻ, ടൂറിസം മുതലായ മേഖലകളിലും ഗ്രൂപ്പ് മുതൽമുടക്കിയിട്ടുണ്ട്