കോവിഡ് തന്നെ കീഴടക്കി മുറിക്കുള്ളിൽ ഒറ്റപ്പെട്ടപ്പോഴാണ് മാസിൻ മൻസൂർ ക്യാൻസർ ചികിത്സകളെ കുറിച്ചുള്ള വീഡിയോ കാണുന്നത്. അബുദാബിയിലെ ആശുപത്രിയിൽ രണ്ടാം തവണയും കോവിഡ് തന്നെ പിടികൂടിയപ്പോഴായിരുന്നു അത്. അന്നത്തെ വീഡിയോ ദൃശ്യങ്ങളാണ് തന്റെ മുടി നീട്ടി വളർത്താൻ മലപ്പുറം തിരൂരങ്ങാടി സ്വദേശിയായ മാസിൻ മൻസൂറിനെ പ്രേരിപ്പിച്ചത്. ആ അനുഭവ കഥകൾ മറ്റുള്ളവർക്കും പ്രചോദനമാകുമെന്നതിനാൽ അത് മാസിൻ മൻസൂറിന്റെ വാക്കുകളിലൂടെ തന്നെ കേൾക്കാം…
■ രണ്ടാം കോവിഡ് കാലം..
തൊണ്ടപൊട്ടുന്ന ചുമയും ശരീരം വിറയ്ക്കുന്ന പനിയുമായി രണ്ടാം തവണയും കോവിഡ് കീഴടക്കിയപ്പോൾ ഇക്കുറി അതിജീവനമെങ്ങനെയെന്ന ഭയം ഉള്ളിൽ നിറയുന്നുണ്ടായിരുന്നു. പങ്കിടുന്ന താമസസ്ഥലത്തെ മറ്റാർക്കും വൈറസിനെ നൽകാതിരിക്കാൻ മുറിയിൽ അടച്ചിരിക്കുമ്പോഴാണ് വീണ്ടും പോസിറ്റിവായെന്ന സ്ഥിരീകരണം.
ആദ്യ കോവിഡ് ദിനങ്ങളുടെ തനിയാവർത്തനം പോലെ അബുദാബിയിലെ ഫ്ളാറ്റിന് താഴെ കിതപ്പോടെ ആംബുലൻസ് വന്നുനിന്നു. ആശുപത്രിയിൽ എത്തിയപ്പോൾ ആദ്യമേ റേഡിയോളജി വിഭാഗത്തിലേക്കായിരുന്നു പോയത്. നെഞ്ചിന്റെ എക്സ്റേയെടുത്തു. ബ്രോങ്കൈറ്റിസ് എന്നൊരു സംശയം പറഞ്ഞു. അവിടെ നിന്ന് ഏറെ താമസമില്ലാതെ കോവിഡ്കെയർ സെന്ററിലേക്ക്. വൈകീട്ട് വന്ന ഡോക്ടറുടെ നിർദ്ദേശപ്രകാരം സി ടി സ്കാൻ. രാവിലെ തന്നെ എന്നെ തിരഞ്ഞു ഡോക്ടർ വന്നു. ന്യൂമോണിയ ആയിട്ടുണ്ടെന്നും ഉടൻ പൂർണ്ണമായും ഐസോലേഷനിലേക്ക് മാറണമെന്നമെന്നുമുള്ള അറിയിപ്പുമായിട്ടായിരുന്നു ആ വരവ്. ധൈര്യം സംഭരിക്കാനുള്ള ശ്രമങ്ങളെ തളർത്തികൊണ്ട് നെഞ്ചിൻകൂട് കലക്കുന്ന ചുമ ആവർത്തിച്ചുകൊണ്ടേയിരുന്നു.
ജോലി ചെയ്തിരുന്ന വിപിഎസ് ഹെൽത്ത് കെയറിന് കീഴിലുള്ള ബുർജീൽ മെഡിക്കൽ സിറ്റിയിലേക്കായിരുന്നു മാറ്റം. അർബുദ ചികിത്സയിൽ സ്പെഷ്യലൈസ് ചെയ്യുന്ന ആശുപത്രി കോവിഡ് ചികിത്സയ്ക്കായി പ്രത്യേക മേഖല സജ്ജീകരിച്ചിട്ടുണ്ടായിരുന്നു. അവിടെ ന്യൂമോണിയ മാറാൻ ഉള്ള ട്രീറ്റ്മെന്റ് തുടങ്ങി. അപ്പോഴേക്കും മുഴുവൻ ക്ഷീണിച്ചു. ചുമ വിടാനുള്ള ലക്ഷണമൊന്നും ഇല്ല. ഇടയ്ക്കിടെ അസുഖവിവരം അന്വേഷിച്ചുള്ള ഡോക്ടർമാരുടെയും വൈറ്റൽസ് പരിശോധിക്കാൻ വരുന്ന നഴ്സുമാരുടെയും ആശ്വാസവാക്കുകളാണ് മാനസികമായി തകർന്ന് പോവാതെയിരിക്കാൻ കൂട്ടായത്.
സുഹൃത്തുക്കളുമായും വീട്ടുകാരുമായും ചാറ്റ് ചെയ്ത് വിവരങ്ങൾ അറിയിച്ചുകൊണ്ടിരുന്നു. അതിനിടെയാണ് യാദൃശ്ചികമായി ക്യാൻസർ രോഗത്തെ കുറിച്ചും ചികിത്സയെക്കുറിച്ചുമുള്ള വീഡിയോകൾ കാണുന്നത്. ക്യാൻസർ സ്പെഷ്യാലിറ്റിയുള്ള ഹോസ്പിറ്റലിലാണ് ചികിത്സയിലെന്നതും എന്റെ ഒരു സുഹൃത്ത് ഒരു ക്യാൻസർ സർവൈവർ ആണെന്നതും വല്ലാതെ ഉള്ളുലച്ചു. ചികിത്സയുടെ ഭാഗമായി മുടി നഷ്ടപ്പെടുന്നവരുടെ ചിത്രങ്ങളും ഓർമകളും മനസിലെത്തിയപ്പോഴാണ് എനിക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമോയെന്ന ചിന്ത തുടങ്ങിയത്. അടുത്തദിവസമെത്തിയ ഡോക്ടറോട് ഇക്കാര്യം അന്വേഷിച്ചു. യുഎഇയിൽ ലഭ്യമായ വഴികൾ അദ്ദേഹം പറഞ്ഞുതന്നു.
■ കോവിഡാനന്തര കാലം
2020 ജൂണ് 21. നീണ്ട കോവിഡ് കാലത്തിനു ശേഷം ആശുപത്രിയിൽ നിന്നും പുറത്തിറങ്ങി. ഒന്നാം വരവിലേതു പോലെ നന്നായി വലച്ചു തന്നെയാണ് കോവിഡ് ഇക്കുറിയും വിട്ടുപോയത്. കഴിഞ്ഞവർഷം ഏപ്രിലിലാണ് ആദ്യം പൊസിറ്റിവായത്. അബുദാബി എൽഎൽഎച്ച് ആശുപത്രിയിലെ കോവിഡ് കേന്ദ്രത്തിലായിരുന്നു അന്ന് പ്രവേശിക്കപ്പെട്ടത്. നാല് ദിവസങ്ങൾ കൊണ്ട് നെഗറ്റീവ് റിസൾട്ട് വന്നു. അഞ്ച് ദിവസത്തിന് ശേഷം ടെസ്റ്റ് ആവർത്തിച്ചപ്പോളും ഫലം നെഗറ്റീവ് തന്നെ. പക്ഷേ, ആശുപത്രി വിട്ട് ഒരാഴ്ചയ്ക്ക് ശേഷം കടുത്ത തലവേദനയും ചുമയും കാരണം വീണ്ടും ഡോക്ടറെ കാണേണ്ടിവന്നു. നിർദ്ദേശപ്രകാരം വീണ്ടും ടെസ്റ്റ് ചെയ്തപ്പോൾ, ഇന്റർമീഡിയേറ്റ് റിസൾട്ട്, അഥവാ വീണ്ടും പൊസിറ്റിവെന്ന് അവർക്ക് സംശയം! അന്നൊന്നും ഇത് പുതിയ ലോകക്രമത്തിന്റെ നിർമാണവേളയാണ് എന്ന് ആരും കരുതിയിരുന്നില്ല. റിസൾട്ട് വന്നു പോസിറ്റീവ് എന്ന് ഉറപ്പിച്ചു. ഒരിക്കൽ കോവിഡ് വന്നവർക്ക് വീണ്ടും വരില്ലെന്ന എന്റെയും കൂടെ ജോലിചെയ്യുന്നവരുടെയും ധാരണ മാറിമറിഞ്ഞു.
ഇക്കുറി ഇന്റർമീഡിയേറ്റ് റിസൾട്ടിന്റെ മാനസിക സമ്മർദ്ധമൊന്നുമുണ്ടായില്ലെന്നത് ഭാഗ്യം. ചുമച്ചുലഞ്ഞ നെഞ്ചിൽ തൊട്ടുറപ്പിച്ച ഒരു തീരുമാനത്തിന്റെ കൂട്ടുണ്ടായിരുന്നു കോവിഡിനെ അതിജീവിച്ച് രണ്ടാം തവണ ആശുപത്രി വിടുമ്പോൾ ഒപ്പം. അടുത്ത ജന്മദിനം വരെ മുടി വളർത്തണം. ഡൊണേറ്റ് ചെയ്യാനുള്ള നീളമായാൽ അങ്ങനെ. ഇല്ലെങ്കിൽ ആവുന്ന മുറക്ക്, എന്നാണ് മനസിൽ ഉറപ്പിച്ചത്.
അതിനിടെ ഡിസംബർ 10 ന് വിപിഎസിലെ ജോലി തൽക്കാലം മതിയാക്കി ഫെബ്രുവരി 2ന് നാട്ടിലേക്ക് മടങ്ങി. നാട്ടിൽ വന്ന് ഈ ജൂലൈ 28ന് നീണ്ടു വളർന്ന മുടി ഡൊണേറ്റ് ചെയ്യണമെന്ന് കരുതിയെങ്കിലും കോവിഡ് സോണ് ക്ലാസിഫിക്കേഷൻ കാരണം അത് നടന്നില്ല. എങ്കിലും രണ്ട് വട്ടം കോവിഡ് വന്നപ്പോഴും കരകയറാൻ കൂടെ നിന്ന ഈ സമൂഹത്തിന് സാധ്യമായത് തിരികെ നൽകാനായുള്ള ശ്രമങ്ങൾക്ക് വെല്ലുളികൾ ഏറെ നേരിടേണ്ടി വന്നു. മുടി ദാനം നൽകുന്നത് സ്വീകരിച്ചിരുന്നവരിൽ പലരും കോവിഡിനെ തുടർന്ന് ആ ഉദ്യമത്തിൽ നിന്നും പിന്നോട്ട് പോയിരുന്നു. എങ്കിലും അന്വേഷണങ്ങൾക്കിടെ പ്രതീക്ഷയായ ചിലരെപ്പറ്റിയറിഞ്ഞു. ബന്ധപ്പെട്ടപ്പോൾ, മുടി bundil ആയി വെട്ടിയെടുത്ത് അവരുടെ വിലാസത്തിൽ അയച്ചുതരാൻ പറഞ്ഞു. അതനുസരിച്ച് കഴിഞ്ഞ ദിവസം മുടി മുറിച്ചു. അവർ പറഞ്ഞ 12 ഇഞ്ചിൽ കൂടുതൽ നീളം..!
പ്രതിസന്ധികളുടെയും അതിജീവനത്തിന്റെയും ഈ കോവിഡ് കാലത്ത് എളിയ ഈ ശ്രമം ആർക്കെങ്കിലും ഉപകാരപ്പെട്ടങ്കിൽ മനംനിറയെ സന്തോഷം. അർബുദ ആശുപത്രിയിൽ നിന്ന് ലഭിച്ച ഉൾവെളിച്ചം മറ്റുള്ളവർക്ക് അറിവും പ്രചോദനവുമാകുമെങ്കിൽ ഇരട്ടി മധുരം.