യുഎഇയിൽ പുനരാരംഭിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് 14-ാം എഡിഷനിൽ പുതിയ മാർഗ നിർദേശം പുറത്തിറക്കി ബിസിസിഐ. കോവിഡ് സാഹചര്യത്തിലാണ് ബിസിസിഐ പുതിയ മാർഗനിർദേശം പുറത്തിറക്കിയത്. ഇതിൽ താരങ്ങൾക്ക് ഗുണകരമാവുന്ന നിർണായകമായ പുതിയ നിയമവും പ്രഖ്യാപിച്ചു.
അവശേഷിക്കുന്ന രണ്ടാം പാദ മത്സരങ്ങൾ നടക്കുമ്പോൾ ഗ്യാലറിയിൽ പന്ത് പോയാൽ അത് വീണ്ടും ഉപയോഗിക്കില്ലെന്നും മറിച്ച്, പുതിയ പന്തിലാകും കളി തുടരുകയെന്നുമാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്. ഗ്യാലറിയിലേക്ക് പോയ പന്ത് അണുവിമുക്തമാക്കി ബാൾ ലൈബ്രറിയിലേക്കായിരിക്കും മാറ്റുക. അതിന് പകരമായി ബാൾ ലൈബ്രറിയിൽ നിന്നുള്ള പുതിയ പന്ത് ഉപയോഗിച്ച് കളിതുടരുകയും ചെയ്യും.
ഇത്തവണ കാണികൾക്ക് പ്രവേശനം അനുവദിക്കാൻ തീരുമാനിച്ചതിനാൽ, ഗ്യാലറി സ്റ്റാൻഡിലേക്ക് പോകുന്ന പന്തുകൾ കാണികൾ തൊടാൻ സാധ്യതയുണ്ട്. അത് രോഗവ്യാപനത്തിനുള്ള സാധ്യത വർധിപ്പിക്കുന്നതിനാലാണ് ബാളുകളുടെ കാര്യത്തിൽ കർശനമായ തീരുമാനം അധികൃതരെടുത്തത്.
കഴിഞ്ഞ വർഷം യുഎഇയിൽ നടന്ന ഐപി.എല്ലിൽ സ്റ്റേഡിയത്തിന് പുറത്തേക്കോ, സ്റ്റാൻഡിലേക്കോ പോകുന്ന പന്തുകൾ അമ്പയർമാർ സാനിറ്റൈസ് ചെയ്ത് വീണ്ടും ഉപയോഗിക്കുന്ന രീതിയായിരുന്നു പിന്തുടർന്നിരുന്നത്.