കണ്ണൂര്‍: പൊലീസുകാരനായ തന്റെ ഭര്‍ത്താവിനെ വഴിതെറ്റിക്കുന്ന അയല്‍വാസിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്കി ബാങ്ക് ഉദ്യോഗസ്ഥ. കണ്ണൂര്‍ സ്വദേശിയായ സീമ എന്‍വി ആണ് അയല്‍വാസിയായ പരിയാരം സ്വദേശി സുരേഷ് ബാബുവിനെ ആക്രമിക്കാനായി ക്വട്ടേഷന്‍ നല്‍കിയത്. മൂന്നര ലക്ഷം രൂപ നല്കി ഉറപ്പിച്ച ക്വട്ടേഷനില്‍ ആയല്വാസിയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. നാലുമാസം മുമ്പാണ് ആക്രമണം നടന്നത്.
രാത്രിയില്‍ വീട്ടു വരാന്തയില്‍ ഇരിക്കുകയായിരുന്ന സുരേഷ് ബാബുവിനെ കാറിലെത്തിയ ഒരു സംഘം വടിവാളുകൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. അയല്‍ക്കാരനും ബന്ധുവുമായ സീമയാണ് ഗുണ്ടാ സംഘത്തിന് ക്വട്ടേഷന്‍ നല്‍കിയതെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. അതേസമയം, പ്രതികളെ പൊലീസ് പിടികൂടിയെങ്കിലും സീമ ഇപ്പോഴും ഒളിവിലാണ്.
ഭര്‍ത്താവും സീമയും തമ്മില്‍ വഴക്ക് പതിവായിരുന്നു. സുരേഷിന്റെ സ്വാധീനത്താലാണ് നിരന്തരം മദ്യപിച്ചെത്തി ഭര്‍ത്താവ് തനിക്കെതിരെ തിരിയുന്നതെന്ന് സീമ സംശയിച്ചു. ഈ സംശയമാണ് ക്വട്ടേഷനില്‍ കലാശിച്ചത്. ആക്രമണം നടത്തിയ ജിഷ്ണു, അഭിലാഷ്, സുധീഷ് രതീഷ് എന്നിവര്‍ പൊലീസിന്റെ പിടിയിലായി. അതേസമയം, മുന്‍കൂര്‍ ജാമ്യംകിട്ടും വരെ അറസ്റ്റ് ചെയ്യാതെ പരിയാരം പൊലീസ് ഒത്തുകളിക്കുന്നു എന്നാണ് സുരേഷ് ബാബുവും ബന്ധുക്കളും ആരോപിക്കുന്നത്.