ട്രെന്റ്ബ്രിഡ്ജ്: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഒന്നാം ടെസ്റ്റ് സമനിലയില്‍. മഴ മൂലം അഞ്ചാം ദിവസത്തെ മത്സരം ഉപേക്ഷിച്ചു. രണ്ടാം ഇന്നിംഗ്സിൽ 209 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ നാലാം ദിനം അവസാനിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 52 റൺസ് എന്ന നിലയിലായിരുന്നു. 157 റൺസ് ആയിരുന്നു അവസാന ദിനത്തിൽ ഇന്ത്യയുടെ വിജയലക്ഷ്യം. പക്ഷേ, മഴ കാരണം ഇന്ന് ഒരു പന്ത് പോലും എറിയാനായില്ല.
26 റണ്‍സെടുത്ത കെഎല്‍ രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. കളി അവസാനിപ്പിക്കുമ്പോള്‍ ക്രീസില്‍ രോഹിത് ശര്‍മയും ചേതേശ്വര്‍ പൂജാരയുമായിരുന്നു. രണ്ടാം ടെസ്റ്റ് ഓഗസ്റ്റ് 12 മുതല്‍ ലോര്‍ഡ്സില്‍ നടക്കും. ആകെ അഞ്ചു ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്.
രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ട് 303 റൺസ് ആണ് നേടിയത്. ആദ്യ ഇന്നിങ്സിൽ ബാറ്റിങ്ങിൽ പരാജയപ്പെട്ട ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്ങ്സിൽ മികച്ച പ്രകടനം നടത്തി. ജോ റൂട്ട് നേടിയ 109 റൺസിന്റെ ബലത്തിൽ ആണ് ഇംഗ്ലണ്ട് മികച്ച സ്കോർ നേടിയത്.
ജസ്പ്രീത് ബുംറ അഞ്ച് വിക്കറ്റ് നേടിയപ്പോൾ മുഹമ്മദ് സിറാജ്, ശർദ്ദുൽ താക്കൂർ എന്നിവർ രണ്ട് വീതം വിക്കറ്റ് നേടി.
ഇന്ത്യക്ക് 95 റൺസിൻ്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് ആണ് ഉണ്ടായിരുന്നത്. ഇംഗ്ലണ്ടിൻ്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 183 പിന്തുടർന്നിറങ്ങിയ ഇന്ത്യ 278 റൺസെടുത്ത് എല്ലാവരും പുറത്തായി. 84 റൺസെടുത്ത ലോകേഷ് രാഹുലാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. രവീന്ദ്ര ജഡേജയും (56) ഇന്ത്യക്കായി തിളങ്ങി.
ഇംഗ്ലണ്ടിനായി ഒലി റോബിൻസൺ അഞ്ച് വിക്കറ്റ് വീഴ്ത്തി. ജെയിംസ് ആൻഡേഴ്സണ് നാല് വിക്കറ്റുണ്ട്.