ടോക്യോ ഒളിമ്പിക്സിന് കൊടിയിറങ്ങി. ഇനി മൂന്ന് വർഷങ്ങൾക്കപ്പുറം പാരിസിൽ കാണാമെന്ന ആശംസയോടെ ടോക്യോ ഒളിംപിക്സിന് സമാപനം. മേള സമാപിച്ചെന്ന് രാജ്യാന്തര ഒളിമ്പിക്സ് കമ്മറ്റി പ്രസിഡൻ്റ് തോമസ് ബാക്ക് അറിയിച്ചു. ലോകത്തെ ഒരുമിപ്പിച്ച മേളയാണ് ടോക്യോ ഒളിമ്പിക്സ് എന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസം 23നാണ് ടോക്യോയിൽ ഒളിമ്പിക്സ് മാമാങ്കം ആരംഭിച്ചത്. 2024ൽ പാരീസിലാണ് അടുത്ത ഒളിമ്പിക്സ് നടക്കുക.
ജപ്പാന്റെ സാംസ്കാരിക തനിമ വിളിച്ചോതുന്ന സമാപന ചടങ്ങുകളാണ് സ്റ്റേഡിയത്തില്‍ അരങ്ങേറിയത്. ഒരുമിച്ച് മുന്നോട്ട് എന്നതായിരുന്നു സമാപനച്ചടങ്ങിന്റെ ആശയം.
സമാപന ചടങ്ങിനോടനുബന്ധിച്ച് നടന്ന മാര്‍ച്ച് പാസ്റ്റില്‍ ഗുസ്തിയില്‍ വെങ്കലവുമായി തിളങ്ങിയ ബജ്റംഗ് പുനിയ ഇന്ത്യന്‍ പതാകയേന്തി. ഒളിമ്പിക്സ് ചരിത്രത്തിലെ തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യ ഒരു സ്വര്‍ണവും രണ്ടു വെള്ളിയും നാലു വെങ്കലവുമായി 48-ാം സ്ഥാനത്തെത്തി. റിയോയില്‍ വെറും രണ്ടു മെഡലുകളുമായി 67-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഇനങ്ങലില് ഇന്ത്യക്ക് ആദ്യ ഒളിംപിക് സ്വര്‍ണം നേടാനായെന്നുള്ളത് അഭിമാനകരമായി നേട്ടമായി. പുരുഷ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയാണ് ഇന്ത്യക്ക് സ്വര്‍ണം സമ്മാനിച്ചത്.
41 വര്‍ഷങ്ങള്‍ക്ക് ശേഷം പുരുഷ ഹോക്കിയില്‍ ഇന്ത്യക്ക് വെങ്കലം നേടാനും സാധിച്ചു. മലയാളി ഗോള്‍ കീപ്പര്‍ പി ആര് ശ്രീജേഷ് ഇന്ത്യയുടെ ഹീറോയായി. വനിതകളുടെ ഭാരോദ്വഹനത്തില്‍ മീരാഭായ് ചാനു, ഗുസ്തിയില്‍ രവികുമാര്‍ ദഹിയ എന്നിവരാണ് വെള്ളി നേട്ടക്കാര്‍. ഹോക്കി, ഗുസ്തി എന്നിവയ്ക്ക് പുറമെ വനിതകളുടെ ബാഡ്മിന്റണില്‍ പി വി സിന്ധു, വനിതാ ബോക്സിംഗില്‍ ലൊവ്ലിന ബോര്ഗോഹെയ്ന് എന്നിവരാണ് വെങ്കലം നേടിയവര്‍.
നീരജിന്റെ സ്വര്‍ണത്തോടെ 18 സ്ഥാനങ്ങളാണ് ഇന്ത്യ മെച്ചപ്പെടുത്തിയത്. ജൂലൈ 23നാണ് ഒളിംപ്കിസിന് തുടക്കമാകുന്നത്.
ടോക്യോയില്‍ വലിയ സംഘത്തെ തന്നെ അണിനിരത്തിയ അമേരിക്ക 39 സ്വര്‍ണവും 41 വെള്ളിയും 33 വെങ്കലവുമടക്കം 113 മെഡലുകളുമായി ഒന്നാമതെത്തി. 38 സ്വര്‍ണവും 32 വെള്ളിയും 18 വെങ്കലവുമടക്കം 88 മെഡലുകള്‍ നേടിയ ചൈനയാണ് രണ്ടാമത്.
ആതിഥേയരായ ജപ്പാന് 27 സ്വര്‍ണമടക്കം 58 മെഡലുകളുമായി മൂന്നാം സ്ഥാനത്തെത്തി. 22 സ്വര്‍ണവുമായി ബ്രിട്ടനാണ് നാലാമത്.
ലോകമെമ്പാടും ബാധിച്ച കോവിഡ് ഭീഷണിക്കിടയില്‍ നടന്ന ഒളിമ്പിക്സ് കുറ്റമറ്റ രീതിയില്‍ സംഘടിപ്പിച്ച് ജപ്പാന് ലോകത്തിന് തന്നെ മാതൃകയായി. കോവിഡിനെ തുടര്‍ന്ന് ഒരു വര്‍ഷത്തേക്ക് നീട്ടിവെച്ച ഒളിമ്പിക്സാണ് 2021 ജൂലായ് 23 മുതല്‍ ഓഗസ്റ്റ് എട്ടു വരെ ടോക്യോയില്‍ അരങ്ങേറിയത്. ഒളിമ്പിക് വില്ലേജില്‍ പോലും നിരവധി പേര് രോഗബാധിതരായെങ്കിലും അതൊന്നും മഹാമേളയുടെ നടത്തിപ്പിനെ ബാധിക്കാതിരിക്കാന്‍ സംഘാടകര്‍ക്കായി.
🎆🎆🎆 Incredible fireworks to end the @Tokyo2020 #ClosingCeremony.#StrongerTogether pic.twitter.com/NQf5NsJa3t
— Olympics (@Olympics) August 8, 2021
ഒളിമ്പിക് ചരിത്രത്തില്‍ ആദ്യമായി ഇത്തവണ സമാപന ചടങ്ങിന്റെ ഭാഗമായുള്ള പതാക കൈമാറ്റ ചടങ്ങില്‍ അടുത്ത ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കുന്ന രാജ്യത്തിന്റെ ദേശീയ ഗാനം മുഴങ്ങി. ഫ്രാന്‍സിന്റെ നാഷണല്‍ ഓര്‍ക്കസ്ട്രയാണ് ചടങ്ങില്‍ രാജ്യത്തിന്റെ ദേശീയ ഗാനം ആലപിച്ചത്.
സ്ക്രീനിലെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ കൂടുതല്‍ വേഗത്തില്‍, ഉയരത്തില്‍, കരുത്തോടെ എന്ന ഒളിമ്പിക് ആപ്തവാക്യത്തിനൊപ്പം ഒന്നിച്ച് എന്ന വാക്ക് കൂടി കൂട്ടിച്ചേര്‍ത്തു.
പിന്നാലെ ഒളിമ്പിക് പതാക ടോക്യോ ഗവര്‍ണര്‍ കൊയ്കെ യുറിക്കോ ഐ.ഒ.സി പ്രസിഡന്റ് തോമസ് ബാച്ചിന് കൈമാറി. അദ്ദേഹം പതാക അടുത്ത ഒളിമ്പിക്സ് വേദിയായ പാരീസിന്റെ മേയര്‍ അന്ന ഹിഡാല്‍ഗോയ്ക്ക് കൈമാറിയതോടെ ചടങ്ങിന് സമാപനമായി. തുടര്‍ന്ന് ഗെയിംസ് അവസാനിച്ചതായി രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ഒളിമ്പിക്സിന്റെ തുടര്‍ച്ചയായ പാരാലിമ്പിക്സിന് ഈ മാസം 24-ന് ടോക്യോയില്‍ തുടക്കമാകും.