ന്യൂഡല്‍ഹി: പുതിയ വോട്ടര്‍മാരുടെ രജിസ്‌ട്രേഷന് ആധാര്‍ ഉപയോഗിക്കാനുള്ള നീക്കം കേന്ദ്രസര്‍ക്കാറിന്‍റെ സജീവപരിഗണനയില്‍. ഈയൊരാവശ്യത്തിന് ആധാര്‍ ഉപയോഗിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ അനുവദിക്കണമെന്ന് ആധാര്‍ തയ്യാറാക്കിയ യൂണിക് ഐഡന്‍റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയോട് (യുഐഡിഎഐ) കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
നേരത്തെ ഇത് സംബന്ധിച്ച് കേന്ദ്രനിയമമന്ത്രാലയം കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആധാര്‍ ഉപയോഗിക്കുന്നത് വോട്ടര്‍മാരുടെ മേല്‍വിലാസമാറ്റം സുഗമമാക്കാന്‍ സഹായിക്കുമെന്ന് നിര്‍ദേശിച്ചിരുന്നു. വോട്ടര്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നത് വോട്ടര്‍പ്പട്ടികയിലെ ഇരട്ടിപ്പും കള്ളവോട്ടും തടയാന്‍ സഹായിക്കും. ഇത് രാജ്യതാല്‍പര്യം സംരക്ഷിക്കാന്‍ സഹായകരമാകും.
വോട്ടര്‍പട്ടിക തയ്യാറാക്കാന്‍ ആധാര്‍ ഉപയോഗിക്കാമെന്ന് നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. ഇക്കാര്യം സജീവ പരിഗണനയിലാണെന്ന് കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു കഴിഞ്ഞ ദിവസം എഴുതി നല്‍കിയ ചോദ്യത്തിന് ഉത്തരമായി ലോക്‌സഭയില്‍ പ്രസ്താവിച്ചിരുന്നു.
2015ല്‍ ആധാറുമായി വോട്ടര്‍കാര്‍ഡ് ബന്ധിപ്പിക്കുന്നതിനുള്ള നടപടി തൂടങ്ങിയെങ്കിലും അന്ന് സുപ്രീംകോടതി അതിന് അനുവാദം നല്‍കിയിരുന്നില്ല.
















