കൊച്ചി: കോതമംഗലം നെല്ലിക്കുഴിയില്‍ ഡെന്റല്‍ ഡോക്ടര്‍ പി.വി. മാനസയെ വെടിവച്ചു കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയ രാഖിലിനു തോക്ക് നല്‍കിയതിന് ബിഹാറില്‍ നിന്ന് അറസ്റ്റിലായ പ്രതികളെ കേരളത്തില്‍ എത്തിച്ചു.
ബിഹാര്‍ മുന്ഗര് ജില്ലയിലെ പര്സോന്ത സ്വദേശി സോനു കുമാര്‍ (24), രാഖിലിന് ഇയാളെ പരിചയപ്പെടുത്തിയ ടാക്സി ഡ്രൈവര്‍ മനീഷ് കുമാര്‍ വര്‍മ (25) എന്നിവരെയാണ് ആലുവ റൂറല്‍ എസ് പി ഓഫീസില്‍ എത്തിച്ചത്.
കള്ള തോക്ക് നിർമാണത്തിന്റെയും വിൽപ്പനയുടെയും പ്രധാനകേന്ദ്രമായ മുൻഗറിൽ നിന്നാണ് സോനു കുമാർ മോദിയെ കേരള പോലീസ് പിടികൂടിയത്. സോനു കുമാർ നൽകിയ വിവരമാണ് തോക്ക് കച്ചവടത്തിന്റെ ഇടനിലക്കാരനും ടാക്സി ഡ്രൈവറുമായ ബസ്സർ സ്വദേശി മനേഷ് കുമാറിന്റെ അറസ്റ്റിന് സഹായകമായത്.
മനേഷ് കുമാറിന്റെ കാറില്‍ രഖില്‍ യാത്ര ചെയ്യുന്നതും തോക്ക് ഉപയോഗിക്കാന്‍ പരിശീലനം നല്‍കുന്നതുമായ ദൃശ്യങ്ങള്‍ പുറത്തുവന്നു. മനേഷ് കുമാറിന്റെ മൊബൈല്‍ ഫോണില്‍ നിന്നാണ് ദൃശ്യങ്ങള്‍ ലഭിച്ചതെന്ന് പൊലിസ് പറഞ്ഞു.
തോക്ക് ഉപയോഗിക്കാന്‍ രഖിലിന് ബിഹാറില്‍നിന്ന് തന്നെ പരിശീലനം ലഭിച്ചതായി പൊലീസിന് മുമ്ബുതന്നെ സംശയമുണ്ടായിരുന്നു. രഖില്‍ ബിഹാറിലെത്തിയാണ് തോക്ക് വാങ്ങിയതെന്നതും പ്രതികളുമായി നേരിട്ട് ബന്ധപ്പെട്ടിട്ടുണ്ടെന്നതും ഇതോടെ പൊലീസ് സ്ഥിരീകരിച്ചു.
രഖില്‍ 35,000 രൂപയാണ് തോക്കിന് നല്‍കിയതെന്നും തുക പണമായി നേരിട്ടു കൈമാറുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ബിഹാര്‍ പൊലീസുമായി എറണാകുളം റൂറല്‍ എസ്.പി ചര്‍ച്ച നടത്തി തയാറാക്കിയ പദ്ധതിയിലൂടെയാണ് പ്രതികളെ പിടികൂടിയത്. സംഭവത്തോടെ ബിഹാറിലെ അനധികൃത തോക്ക് വില്പനയെക്കുറിച്ച് വിശദമായ അന്വേഷണത്തിനാണ് തുടക്കമായിരിക്കുന്നത്. ഇന്ത്യന്‍ നിര്‍മിത തോക്കുകള്‍ക്ക് പുറമെ വിദേശ നിര്‍മിത തോക്കുകളും ഇവിടെ സംഘങ്ങള്‍ വില്‍ക്കുന്നുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം.