കൊച്ചി: ഐഎൻഎസ് വിക്രാന്തിൻ്റെ ആദ്യ പരീക്ഷണയോട്ടം വിജയകരം. ഷിപ്പ് യാർഡിൻ്റെ ഡോക്കിൽ നിന്നുമാണ് അറബിക്കടലിലേക്ക് യുദ്ധക്കപ്പൽ പരീക്ഷണയോട്ടത്തിനായി പോയത്. യുദ്ധക്കപ്പലിൻ്റെ ഉൾക്കടലിലെ പരിശോധനകൾ വിജയകരമാണെന്ന് നാവികസേനാ വൃത്തങ്ങൾ അറിയിച്ചു. നാവികസേനയ്ക്കായി ഇന്ത്യ തദ്ദേശിയമായി നിർമിക്കുന്ന ആദ്യ വിമാനവാഹിനിക്കപ്പലാണ് വിക്രാന്ത്.
നാവികസേനയുടെ മേൽനോട്ടത്തിലായിരുന്നു യുദ്ധക്കപ്പലിൻ്റെ ഉൾക്കടലിലെ പരിശോധനകൾ. വേഗത കൂട്ടിയും കുറച്ചുമുള്ള പലതരം പരീക്ഷണങ്ങൾ ഉൾക്കടലിൽ നടന്നു. പ്രൊപ്പൽഷൻ സംവിധാനം കടുത്ത പരിശോധനകൾക്ക് വിധേയമാക്കി. കപ്പലിലെ നാവിഗേഷൻ, കമ്യൂണിക്കേഷൻ എന്നിവയുമായി ബന്ധപ്പെട്ട പരിശോധനകളും പൂർത്തിയാക്കി.