ടോകിയോ: ടോകിയോയിൽ ഒളിമ്പിക്സ് ഇന്ന് കൊടിയിറങ്ങുന്നു. വനിതാ വിഭാഗം വോളിബോൾ, ബാസ്കറ്റ് ബോൾ സ്വർണമെഡൽ പോരാട്ടങ്ങളിൽ ഇന്ന് നടക്കും. സൈക്കിളിംഗ്, ബോക്സിംഗ് ഫൈനലുകളും ഇന്ന് നടക്കും.38 സ്വർണവുമായി െമഡൽപട്ടികയിൽ ചൈന ഒന്നാമതും രണ്ടെണ്ണം കുറഞ്ഞ് യു.എസ് രണ്ടാമതുമാണ്.
വനിത ബാസ്കറ്റ്ബാൾ, വനിത വാളിബാൾ, വാട്ടർപോളോ, ബോക്സിങ് ഇനങ്ങളിലെ മെഡൽ ജേതാക്കളെ അറിയാനിരിക്കെ അവയിൽ കൂടുതൽ മെഡലുകളുറപ്പിച്ച് ഇത്തവണയും ഒന്നാമന്മാരാകുകയാണ് യു.എസ് ലക്ഷ്യം. ബാസ്കറ്റ്ബാൾ കലാശപ്പോരിൽ ജപ്പാനെ വീഴ്ത്തി സ്വർണം സ്വന്തമാക്കാനായാൽ വ്യത്യാസം ഒരു സ്വർണം മാത്രമാകും. കരുത്തിലും കളിമികവിലും മുന്നിൽനിൽക്കുന്ന യു.എസിന് തന്നെയാണ് ഈയിനത്തിൽ സാധ്യത.
മൊത്തം മെഡലുകളുടെ എണ്ണത്തിൽ നിലവിൽ യു.എസ് ഏറെ മുന്നിലാണ്. സെഞ്ച്വറി കടന്ന യു.എസ് ശനിയാഴ്ച 108 മെഡലുകൾ സ്വന്തമാക്കിയപ്പോൾ ചൈനക്ക് 87 ആണ് സമ്പാദ്യം.ഒളിമ്പിക്സിൽ നിന്നും ഇത്തവണ ഇന്ത്യയുടെ മടക്കം എക്കാലത്തേയും മികച്ച പ്രകടനത്തോടെയാണ്. നീരജ് ചോപ്ര ചരിത്രനേട്ടം കുറിച്ചതോടെ മെഡൽ നേട്ടം ഒരു സ്വർണവും, രണ്ട് വെള്ളിയും, നാല് വെങ്കലവും അടക്കം ഏഴ് മെഡലുകളായി ഉയർന്നു. 2012 ൽ ലണ്ടൻ ഒളിമ്പിക്സിൽ ഇന്ത്യ നേടിയിരുന്നത് ആറ് മെഡലുകളായിരുന്നു. ഈ റെക്കോർഡാണ് 2021 ൽ ഇന്ത്യ തിരുത്തിയത്.
നീരജ് ചോപ്ര മാത്രമാണ് ഇന്ത്യയ്ക്കായി സ്വർണം നേടിയത്. ജാവലിൻ ത്രോയിലായിരുന്നു അഭിമാന നേട്ടം കൈവരിച്ചത്. 87.58 ദൂരം താണ്ടിയാണ് നീരജ് സ്വതന്ത്ര്യ ഇന്ത്യയുടെ ആദ്യ ഒളിമ്പിക്സ് അത്ലറ്റിക്സ് മെഡൽ നേടിയത്. സ്വാതന്ത്ര്യത്തിനു മുൻപ് ആംഗ്ലോ ഇന്ത്യക്കാരനായ നോർമൻ പ്രിച്ചാർഡ് ആണ് ഇന്ത്യക്ക് വേണ്ടി ട്രാക്ക് ആൻഡ് ഫീൽഡിൽ നിന്ന് ആദ്യ മെഡൽ കണ്ടെത്തിയത്.