ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് സസ്പെന്‍ഡ് ചെയ്യപ്പെട്ടെന്ന ആരോപണവുമായി കോണ്‍ഗ്രസ്. പാര്‍ട്ടിയുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ പിന്നീട് അക്കൗണ്ട് പുനഃസ്ഥാപിച്ചതായും റിപ്പോര്‍ട്ടുണ്ട്.
ഡല്‍ഹിയില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ ചിത്രങ്ങള്‍ പങ്കുവെച്ചതിനെ തുടര്‍ന്നാണ് നടപടി. മാതാപിതാക്കളുടെ മുഖം വ്യക്തമാവുന്ന വിധത്തിലായിരുന്നു ചിത്രം.
സംഭവത്തില്‍ ട്വിറ്റര്‍ ഇന്ത്യക്ക് ദേശീയ ബാലാവകാശ കമ്മീഷന് നേരത്തെ നോട്ടീസ് അയച്ചിരുന്നു. രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് പെണ്‍കുട്ടിയെ തിരിച്ചറിയാന്‍ ഇടയാക്കുമെന്ന് ചൂണ്ടിക്കാട്ടി അത് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു കമീഷന് നോട്ടീസ് അയച്ചത്.
ഞായറാഴ്ചയാണ് ഡല്‍ഹി കന്റോണ്‍മെന്റ് പ്രദേശത്ത് ഒമ്പതു വയസുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. തുടര്‍ന്ന് അക്രമികള്‍ മൃതദേഹം ബലമായി ദഹിപ്പിച്ചു. മകളുടെ ശരീരത്തില്‍ പരിക്കേറ്റ പാടുകളുണ്ടായിരുന്നുവെന്നും പൂജാരിയാണ് മകളെ ബലാത്സംഗം ചെയ്തതെന്നും മാതാപിതാക്കള്‍ ആരോപിച്ചിരുന്നു.