തിരുവനന്തപുരം: കോവിഡ് മഹാമാരിയെ തുടര്‍ന്ന് അടച്ചിട്ടിരുന്ന സംസ്ഥാനത്തെ എല്ലാ ഇക്കോ ടൂറിസം സെന്ററുകളും ഇന്നു മുതല്‍ തുറന്നു പ്രവര്‍ത്തിച്ച് തുടങ്ങി. വനംവകുപ്പിന് കീഴിലുള്ള ഇക്കോ ടൂറിസം സെന്ററുകളാണ് സഞ്ചാരികള്‍ക്കായി തുറന്നു നല്‍കുക. പരിഷ്കരിച്ച കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും സെന്ററുകള്‍ പ്രവര്‍ത്തിക്കുകയെന്ന് ഇക്കോ ഡെവല്പ്മെന്റ് ആന്റ് ട്രൈബല്‍ വെല്‍ഫെയര്‍ വിഭാഗം ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അറിയിച്ചു.
പീച്ചി, വാഴാനി ഡാമുകളിലേക്ക് സന്ദര്‍ശകരുടെ ഒഴുക്ക് തുടങ്ങി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ബുധനാഴ്ച മുതലാണ് ഡാമുകള്‍ തുറന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ഡാമുകള്‍ സന്ദര്‍ശിക്കാനെത്തുന്നുണ്ട്. പുതിയ കൊവിഡ് മാനദണ്ഡങ്ങളനുസരിച്ചുള്ള രേഖകളുള്ളവര്‍ക്ക് മാത്രമാണ് പ്രവേശനം. ഒരു ഡോസ് വാക്സിന് എടുത്ത രേഖയോ, ആര്‍ടിപിസിആര്‍ ടെസ്റ്റ് റിസല്‍ട്ട് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ പ്രവേശന സമയത്ത് കാണിക്കണം. സര്‍ട്ടിഫിക്കറ്റുകളുടെ പ്രിന്റ് ഔട്ട് ഇല്ലെങ്കില്‍ മൊബൈലില്‍ രേഖകള്‍ കാണിച്ചാലും പ്രവേശനം അനുവദിക്കുമെന്ന് ഡിടിപിസി സെക്രട്ടറി ഡോ.എ.കവിത അറിയിച്ചു.
ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ അതിരപ്പിള്ളി, തുമ്ബൂര്‍മുഴി എന്നിവിടങ്ങളിലേക്ക് 10 മുതല്‍ പ്രവേശനം അനുവദിച്ച് തുടങ്ങും. അതിരപ്പിള്ളി പഞ്ചായത്തില്‍ ഇന്നലെ രാവിലെ സംയുക്തസമിതി യോഗം ചേര്‍ന്നാണ് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. അതിരപ്പിള്ളിയും തുമ്ബൂര്മുഴിയും കൂടി തുറക്കുന്നതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നടക്കം കൂടുതര്‍ വിനോദ സഞ്ചാരികള്‍ ജില്ലയിലേക്കെത്തും.