ന്യൂഡല്‍ഹി: പുരുഷന്മാരുടെ ജാവ്ലിന് ത്രോയിലൂടെ ഇന്ത്യയുടെ ആദ്യ ഒളിംപിക് അത്ലറ്റിക് സ്വര്‍ണം നേടി തന്ന നീരജ് ചോപ്രയ്ക്ക് എക്സ്യുവി700 സമ്മാനിക്കുമെന്ന വാഗ്ദാനവുമായി വ്യവസായി ആനന്ദ് മഹീന്ദ്ര. ഇന്ത്യന്‍ വാഹനനിര്‍മാതാവിന്റെ വരാനിരിക്കുന്ന എക്സ്യുവി നിരയിലെ ഏറ്റവും പുതിയ ഉത്പന്നമാണിത്.
പി.വി. സിന്ധു ഒളിമ്ബിക് ബാഡ്മിന്റണില്‍ വെങ്കല മെഡല്‍ നേടിയപ്പോള്‍ താരത്തിന് മഹീന്ദ്രയുടെ ഓഫ് റോഡ് വാഹനമായ ഥാര്‍ സമ്മാനമായി നല്‍കണമെന്ന് ആരാധകര്‍ ആവശ്യപ്പെട്ടിരുന്നു. സിന്ധു ഥാര്‍ അര്‍ഹിക്കുന്നുവെന്നും എന്നാല്‍ നേരത്തെ തന്നെ നല്‍കിയിട്ടുണ്ടെന്നുമായിരുന്നു വ്യവസായി ആനന്ദ് മഹീന്ദ്ര ഇതിന് മറുപടി നല്‍കിയത്.
Yes indeed. It will be my personal privilege & honour to gift our Golden Athlete an XUV 7OO @rajesh664 @vijaynakra Keep one ready for him please. https://t.co/O544iM1KDf
— anand mahindra (@anandmahindra) August 7, 2021
കഴിഞ്ഞ പ്രാവശ്യത്തെ റിയോ ഒളിമ്ബിക്സില്‍ വെള്ളിമെഡല്‍ നേടിയപ്പോഴാണ് സിന്ധുവിന് ആനന്ദ് മഹീന്ദ്ര ഥാര്‍ സമ്മാനമായി നല്‍കിയത്. ഗുസ്തിയില്‍ മെഡല്‍ നേടിയ സാക്ഷി മാലികിനും മഹീന്ദ്രയുടെ സമ്മാനം ലഭിച്ചിരുന്നു.
ഇത്തവണ, ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടി ചരിത്രം കുറിച്ച നീരജ് ചോപ്രക്ക് മഹീന്ദ്രയുടെ ഏറ്റവും പുതിയ വാഹനമായ എക്സ്.യു.വി 700 നല്‍കണമെന്നാണ് ട്വിറ്ററില്‍ ആരാധകര്‍ ആവശ്യപ്പെട്ടത്. സുവര്‍ണ താരത്തിന് എക്സ്.യു.വി 700 സമ്മാനിക്കുന്നതില്‍ അഭിമാനമുണ്ടെന്നായിരുന്നു ഇതിന് ആനന്ദ് മഹീന്ദ്ര നല്കിയ മറുപടി. നീരജ് ചോപ്രക്കായി ഒരെണ്ണം തയാറാക്കി വെക്കൂവെന്ന് മഹീന്ദ്രയിലെ ഉന്നത ജീവനക്കാര്‍ക്ക് നിര്‍ദേശവും നല്കി.