കോഴിക്കോട്: മുസ്ലിം ലീഗില്‍ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ആധിപത്യം അവസാനിക്കുകയാണെന്ന് കെ.ടി. ജലീല്‍ എംഎല്‍എ. ബ്ലാക്ക്മെയില്‍ രാഷ്ട്രീയത്തിന്റെ വക്താവാണ് കുഞ്ഞാലിക്കുട്ടി. മുസ്ലിം ലീഗില്‍ നിന്നും കുഞ്ഞാലിക്കുട്ടിയെ പുറത്താക്കുന്ന ഒരു തലമുറ വളര്‍ന്നുവരുമെന്നും ജലീല്‍ മാധ്യമങ്ങളോട് പറഞ്ഞു.
പാണക്കാട് കുടുംബത്തിന്റെ മേസ്തിരി പണിയെടുക്കാന്‍ ആരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന സാദിഖലി തങ്ങളുടെ പ്രസ്താവന കുഞ്ഞാലിക്കുട്ടിയെ കുറിച്ചാണെന്ന് കെ.ടി. ജലീല്‍ പറഞ്ഞു. മാഫിയാ രാഷ്ട്രീയത്തിന് എതിരായ താക്കീതാണ് ഇത്. വാക്കുപറഞ്ഞാല്‍ വാക്കാവണമെന്നും അതുകൊണ്ടാണ് താന്‍ മറ്റ് കാര്യങ്ങള്‍ പുറത്തുവിടാത്തതെന്നും ജലീല്‍ പറഞ്ഞു.
‘ലീഗിന്റെ ഇന്നത്തെ വാര്‍ത്താസമ്മേളനം വളരെ മാതൃകാപരമായിരുന്നു. ലീഗിന്റെ ചരിത്രത്തില്‍ കുഞ്ഞാലിക്കുട്ടി വായ് തുറക്കാത്ത ആദ്യ വാര്‍ത്തസമ്മേളനമാണ് ഇത്. സാദിഖലി ശിഹാബ് തങ്ങള്‍ക്ക് സ്വസ്ഥമായി കാര്യങ്ങള്‍ പറയാന്‍ പറ്റി. പി.എം.എ. സലാം സംസ്ഥാന ജനറല്‍ സെക്രട്ടറിയായതിന് ശേഷം നാലുവാക്ക് വാര്‍ത്തസമ്മേളനത്തില്‍ പറയാന്‍ പറ്റി. ഇ.ടി. മുഹമ്മദ് ബഷീര്‍ പറയാനുദ്ദേശിച്ചതൊക്കെ പറഞ്ഞു. വളരെ അച്ചടക്കത്തോടെയുള്ള വാര്‍ത്തസമ്മേളനമാണ് ഇന്ന് നടന്നത്. ഇതുതന്നെയാണ് ഞാന്‍ ഉദ്ദേശിച്ചത്’ -ജലീല്‍ പറഞ്ഞു.
ബ്ലാക്ക്മെയില്‍ രാഷ്ട്രീയത്തിന്റെ വക്താവാണ് കുഞ്ഞാലിക്കുട്ടി. പി.എം. അബൂബക്കര്‍ സാഹിബിനെയും സേട്ട് സാഹിബിനെയും അടക്കം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത് അദ്ദേഹമാണ്. മുസ്ലിം ലീഗില്‍ കുഞ്ഞാലിക്കുട്ടി യുഗം അവസാനിക്കുകയാണ്. കുഞ്ഞാലിക്കുട്ടിയെ പുറത്താക്കാനും ലീഗില്‍ ഒരു തലമുറ ജനിക്കുമെന്നും ജലീല്‍ ഓര്‍മപ്പെടുത്തി. മുഈനലിക്കെതിരെ നടപടിയുണ്ടാവാത്തതിനാല്‍ കുഞ്ഞാലിക്കുട്ടിക്കെതിരായ ഫോണ്‍ രേഖകള്‍ പുറത്തുവിടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.