കോഴിക്കോട്: 41 വർഷത്തെ ചരിത്രം തിരുത്തി ഇന്ത്യൻ പുരുഷ ഹോക്കി ടീം ഒളിമ്പിക്സ് മെഡലുമായി എത്തുമ്പോൾ അതിൽ ഒരു മലയാളിയും ഉണ്ടെന്ന അഭിമാനത്തിലാണ് ജനം മുഴുവൻ. എന്നാൽ മലയാളി താരം ശ്രീജേഷിന് സർക്കാർ എന്ത് നൽകുമെന്നാണ് എല്ലാവരും ചോദിക്കുന്നത്. വിവിധ സർക്കാരുകൾ മെഡൽ നേട്ടക്കാർക്ക് വൻ സമ്മാനങ്ങൾ പ്രഖ്യാപിച്ചപ്പോൾ കേരളം ഇതുവരെ ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ല. ഇതിനെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുതിർന്ന മാധ്യമ പ്രവർത്തകനും സ്പോർട്സ് ലേഖകനുമായ കമാൽ വരദൂർ.
മണിപ്പുർ സർക്കാർ മീരാഭായി ചാനുവിന് ഒരു കോടിയും പ്രൊമോഷനും നൽകി. പി.വി സിന്ധുവിന് ആന്ധ്രയും തെലുങ്കാനയും മൽസരിച് പാരിതോഷികങ്ങൾ പ്രഖ്യാപിക്കുന്നു. ലവ് ലിനക്കായി ആസാം വീടും റോഡും പ്രഖ്യാപിച്ചിരിക്കുന്നു. എന്നാൽ കേരളത്തിൽ ഇതുവരെയും ഒന്നും പറഞ്ഞില്ല – കമാൽ വരദൂർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഈ മനുഷ്യൻ ഒരു നിശബ്ദ
വിപ്ലവകാരിയാണ്.
ഇന്ത്യൻ ഹോക്കി ടീമിന്റെ
സ്പോൺസർഷിപ്പിൽ നിന്ന്
സഹാറ ഗ്രൂപ്പ് പിന്മാറിയപ്പോൾ
അദ്ദേഹം ടീമിന്റെ സ്പോൺസറായി….
ഇന്ത്യൻ പുരുഷ-വനിതാ ടീമുകൾക്ക്
എല്ലാ പരീശീലന-താമസ
സൗകര്യങ്ങളും ഒരുക്കി.
ഹോക്കി എന്ന ദേശീയ ഗെയിമിനായി
ഒഡീഷ എന്ന സംസ്ഥാനത്ത്
ആയിരത്തോളം പരിശീലനകളരികൾ
സ്ഥാപിച്ചു..
ടോക്കിയോവിൽ പുരുഷ ടീം
വെങ്കലം നേടി.
വനിതകൾ നാലാം സ്ഥാനം നേടി.
മെഡൽ നേട്ടവും നാലാം സ്ഥാനവും
താരങ്ങൾ സമർപ്പിച്ചത് അദ്ദേഹത്തിന്.
ശ്രീജേഷ് ഉൾപ്പെടെ താരങ്ങളുടെ
ജഴ്സിയിലെ വലിയ അക്ഷരങ്ങൾ
കണ്ടില്ലേ-ഒഡീഷ..
അതൊരു സ്വകാര്യ സ്ഥാപനമല്ല
ഒരു സംസ്ഥാനമാണ്.
മേൽപ്പറഞ്ഞത് ഒരു മുഖ്യമന്ത്രിയാണ്-
നവീൻ പട്നായിക്.
അദ്ദേഹം പഴയ ഹോക്കി താരമാണ്.
കായികതയെ സ്നേഹിക്കുന്ന
ഭരണാധികാരി.
നമുക്കുമുണ്ട് ഒരു ഭരണകൂടം
ശ്രീജേഷ് എന്ന ഇതിഹാസം
ദീർഘകാലത്തിന് ശേഷം നമ്മുടെ
മണ്ണിലേക്ക് ഒരു വെങ്കലം കൊണ്ടുവന്നിട്ട്
ആരും ഒന്നും പറഞ്ഞ് കേട്ടില്ല.
മണിപ്പുർ സർക്കാർ മീരാഭായി
ചാനുവിന് ഒരു കോടിയും
പ്രൊമോഷനും നൽകി.
പി.വി സിന്ധുവിന് ആന്ധ്രയും തെലുങ്കാനയും
മൽസരിച് പാരിതോഷികങ്ങൾ പ്രഖ്യാപിക്കുന്നു.
ലവ് ലിനക്കായി ആസാം വീടും റോഡും
പ്രഖ്യാപിച്ചിരിക്കുന്നു.
നമ്മുടെ നിയമസഭ സമ്മേളിക്കുന്ന സമയമാണിത്.
1972 ലെ മ്യൂണിച്ച് ഒളിംപിക്സിൽ
ഇന്ത്യയെ പ്രതിനിധീകരിച്ച ഒരു
മലയാളി ഉണ്ടായിരുന്നു.
ഹോക്കി ടീം ഗോൾക്കിപ്പർ
മാനുവൽ ഫ്രെഡറിക്സ് എന്ന കണ്ണുരുകാരൻ.
വെങ്കലവുമായി അദ്ദേഹം വന്നപ്പോൾ
സ്വികരിക്കാൻ പോലും ആരുമുണ്ടായിരുന്നില്ല.
സ്വന്തമായി ഒരു വീട് പോലുമില്ലാതെ
ആ ഒളിംപ്യൻ കഷ്ടപ്പെട്ടപ്പോൾ
ഭരണക്കൂടത്തിന് കനിവ് തോന്നിയത്
ഈ അടുത്ത കാലത്ത്.
ശ്രീജേഷ് ആരോടും പരാതി പറയില്ല.
നമ്മളാണ് കണ്ടറിയേണ്ടത്.
അദ്ദേഹം നാട്ടിലെത്തുന്നതിന് മുമ്പ് തന്നെ
അംഗീകാരം നൽകണം.
അത് ഉടൻ ഉണ്ടാവട്ടെ
https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fkamal.varadoor%2Fposts%2F10160108081017240&show_text=true&width=500