കോയമ്പത്തൂർ: കോയമ്പത്തൂരിൽ ദളിതനായ സർക്കാർ ഉദ്യോഗസ്ഥനെക്കൊണ്ട് മേൽജാതിക്കാരനായ യുവാവിന്റെ കാലിൽ സാഷ്ടാംഗം വീണ് കരഞ്ഞുകൊണ്ട് മാപ്പപേക്ഷിക്കുന്ന വീഡിയോ സാമുഹിക മാധ്യമങ്ങളിൽ വൈറലായി. അണ്ണൂർ ഒട്ടർപാളയം വില്ലേജ് എക്സ്റ്റൻഷൻ ഓഫിസിൽ വില്ലേജ് അസിസ്റ്റൻറായി ജോലി ചെയ്യുന്ന ദലിത് ജീവനക്കാരൻ ഗൗണ്ടർ യുവവൈന്റെ കാലിൽ വീഴ്ത്താനാണ് ദൃശ്യം. സംഭവത്തെക്കുറിച്ച് ജില്ല കലക്ടർ സമീറാൻ അന്വേഷണത്തിന് ഉത്തരവിട്ടു.
വി.ഇ.ഒ ആയി ജോലി ചെയ്യുന്ന കലൈ ശെൽവിയുടെ സഹായിയായ ഇതേ ഗ്രാമത്തിൽ താമസിക്കുന്ന മുത്തുസാമിയാണ് സവർണ(കൗണ്ടർ സമുദായംഗം) യുവാവായ ഗോപിനാഥിന്റെ കാൽക്കൽ വീണ് മാപ്പപേക്ഷിച്ചത്. വീടിന്റെ രേഖകൾ ശരിയാക്കാനാണ് വില്ലേജ് ഓഫീസിൽ ഗോപിനാഥ് എത്തിയത്. മതിയായ രേഖകളില്ലാത്തതിനാൽ അത് ഹാജരാക്കാൻ വില്ലേജ് ഓഫീസർ പറഞ്ഞു. എന്നാൽ പ്രകോപിതനായ ഗോപിനാഥ് വില്ലേജ് ഓഫീസറെ അസഭ്യം പറഞ്ഞു. തർക്കത്തിനിടെ ഇടപെട്ട വില്ലേജ് അസിസ്റ്റന്റ് മുത്തുസ്വാമി ഇത് തടയാൻ ശ്രമിച്ചു.
ഇതോടെ മുത്തുസാമിക്ക് നേരെ തിരിഞ്ഞ ഗോപിനാഥ് ദലിതനായ തന്നെ ഗ്രാമത്തിൽ വസിക്കാൻ അനുവദിക്കില്ലെന്നും ജോലി തെറിപ്പിക്കുമെന്നും തീകൊളുത്തി കുടുംബത്തെ വകവരുത്തുമെന്നും ഭീഷണിപ്പെടുത്തി. ഈ നിലയിലാണ് മുത്തുസാമി ഗോപിനാഥിന്റെ കാൽക്കൽവീണ് കരഞ്ഞുകൊണ്ട് ജീവിക്കാൻ അനുവദിക്കണമെന്ന് മാപ്പ് പറഞ്ഞത്. ഈ സമയത്ത് ഗോപിനാഥ് ക്ഷമിച്ചെന്ന് പറഞ്ഞ് എഴുന്നേൽക്കാൻ ആവശ്യപ്പെടുന്നുണ്ട്.
ഓഫിസിലുണ്ടായിരുന്ന മറ്റൊരാൾ ഇതിന്റെ വീഡിയോ മൊബൈൽഫോണിൽ പകർത്തി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു. ജില്ലയിൽ ജാതിവിവേചനം നിലനിൽക്കുന്ന പ്രദേശമാണ് അണ്ണൂർ.