ന്യൂഡൽഹി: കിഴക്കൻ ലഡാക്കിൽ നിന്ന് ഇന്ത്യ-ചൈന സേനാ പിൻമാറ്റം. ഗോഗ്രയിലെ പട്രോളിങ് പോയിന്റ് 17-ൽ നിന്ന് ഇരുസേനകളും പിന്മാറി. പ്രദേശത്തെ താല്കാലിക നിർമാണങ്ങൾ ഇരുപക്ഷവും പൊളിച്ചുനീക്കി. ഒരു വർഷത്തിലേറെയായി സംഘർഷം തുടരുന്ന കിഴക്കൻ ലഡാക്കിൽ നിർണായക ചുവടുവെപ്പാണ് ഇന്ത്യ ചൈന സേനകൾ നടത്തിയത്.
ഒരു പട്രോളിങ് പോയിന്റിൽ നിന്ന് മാത്രമാണ് ഇപ്പോൾ സേനയെ പിൻവലിക്കാൻ തീരുമാനിച്ചിരിക്കുന്നത്. മോൾഡോയിൽ നടന്ന പന്ത്രണ്ടാംവട്ട കമാൻഡർ തല ചർച്ചയുടെ തുടർച്ചയായിട്ടാണ് സേനാ പിൻമാറ്റം. കഴിഞ്ഞ രണ്ടുദിവസമായി ആരംഭിച്ച സേനാപിന്മാറ്റം പൂർത്തിയായതായി കരസേന അറിയിച്ചു.
2020 മെയ് മുതൽ മുഖാമുഖം നിന്നിരുന്ന സേനകൾ, സ്ഥിരം താവളങ്ങളിലേക്ക് പിന്മാറി. ഓഗസ്റ്റ് 04, 05 എന്നീ ദിവസങ്ങളിലായാണ് സേനാ പിൻമാറ്റം പൂർത്തിയാക്കിയത്. ജൂലൈ 31ന് കിഴക്കൻ ലഡാക്കിലെ ചുഷുൽ മോൾഡോ മീറ്റിംഗ് പോയിന്റിൽ ഇരുരാജ്യങ്ങളുടെയും കോർ കമാൻഡർമാർ തമ്മിൽ നടത്തിയ ചർച്ച യിലെ ധാരണ അനുസരിച്ചാണ് സേനാ പിൻമാറ്റം.
കിഴക്കൻ ലഡാക്കിൽ സംഘർഷത്തിന് കാരണമായിട്ടുളള പാംഗോങ് തടാകത്തിന് സമീപത്തുനിന്ന് സേന നേരത്തേ പിൻവാങ്ങിയിരുന്നു. ഗോഗ്ര, ഡെപ്സാങ് എന്നിവിടങ്ങളിൽ നിന്നും സേനയെ പിൻവലിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. സേനാ മുന്നേറ്റം ഇനി ഉണ്ടാകില്ലെന്നും, ബാക്കിയുള്ള മേഖലകളിലെ തർക്കം തുടർ ചർച്ചകളിൽ ഘട്ടംഘട്ടമായി പരിഹരിക്കാനും ഇരു സൈന്യങ്ങളും തമ്മിൽ ധാരണയായിട്ടുണ്ട്.