കോഴിക്കോട്: ചന്ദ്രികയിലെ പ്രശ്നങ്ങൾ തീർക്കാനുള്ള ചുമതല ഹൈദരലി ശിഹാബ് തങ്ങളുടെ മകനും മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റുമായ പാണക്കാട് മുഈനലി ശിഹാബ് തങ്ങൾക്ക് നൽകിയുള്ള ഹൈദരലി തങ്ങളുടെ കത്ത് പുറത്ത് വന്നു. 2021 മാർച്ച് അഞ്ചിനാണ് ഹൈദരലി തങ്ങൾ സ്വന്തം കൈപ്പടയിൽ മുഈനലിക്ക് കത്തെഴുതി നൽകിയത്.
ചന്ദ്രികയിലെ ഫിനാൻസ് മാനേജർ സമീറടക്കമുള്ളവരുമായി സംസാരിച്ച് പ്രശ്നങ്ങൾ തീർക്കണമെന്നും കത്തിലുണ്ട്. ചന്ദ്രികയിലെ പ്രശ്നങ്ങൾ തീർക്കാൻ മുഈനലിക്ക് പിതാവ് ചുമതല നൽകിയതോടെയാണ് ഇവിടത്തെ പ്രശ്നങ്ങൾ അദ്ദേഹം മനസ്സിലാക്കിയതെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് ഇന്നലെ നടന്ന പരാമർശങ്ങൾ എന്നാണ് മനസിലാക്കാവുന്നത്.
ഹൈദരലി ശിഹാബ് തങ്ങളെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മുന്നിൽ വരുത്തിയതിന് ആസ്പദമായ കാര്യങ്ങളുടെ പൂർണ ഉത്തരവാദിത്തം പി. കെ കുഞ്ഞാലിക്കുട്ടിക്കാണെന്നാണ് മുഈനലി തങ്ങൾ ഇന്നലെ ആരോപിച്ചിരുന്നത്. പാർട്ടി പത്രമായ ചന്ദ്രികക്കെതിരായ ആരോപണങ്ങളുടെ നിജഃസ്ഥിതി വിശദീകരിക്കാൻ വിളിച്ച വാർത്താസമ്മേളനത്തിൽ ലീഗിെൻറ അഭിഭാഷക വിഭാഗമായ കേരള ലോയേഴ്സ് ഫോറം സംസ്ഥാന പ്രസിഡന്റ് അഡ്വ. മുഹമ്മദ് ഷായോടൊപ്പം പങ്കെടുത്താണ് കുഞ്ഞാലിക്കുട്ടിക്കെതിരെ മുഈനലി ആഞ്ഞടിച്ചത്.
40 വർഷമായി പാർട്ടി ഫണ്ട് കൈകാര്യം ചെയ്യുന്നത് കുഞ്ഞാലിക്കുട്ടിയാണ്. അദ്ദേഹം പലതവണ മത്സരിച്ചപ്പോൾ ചെലവാക്കിയ ഫണ്ടിന് കണക്കില്ല. പാർട്ടി ഒരു വ്യക്തിയിൽ കേന്ദ്രീകരിക്കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. പിതാവ് ഹൈദരലി തങ്ങൾ മാനസിക സമ്മർദങ്ങൾക്കടിപ്പെട്ടാണ് രോഗാവസ്ഥയിലായതെന്നും മുഈനലി വികാരാധീനനായി വിശദീകരിച്ചിരുന്നു.