കാബൂള്‍: അഫ്ഗാനിസ്ഥാന് സര്‍ക്കാറിന്റെ മാധ്യമവിഭാഗം ഉന്നത ഉദ്യോഗസ്ഥനെ താലിബാന് വധിച്ചതായി വാർത്ത. അഫ്ഗാന് ഗവണ്മെന്റ് മീഡിയ, ഇന്‍ഫര്‍മേഷന്‍ സെന്റര്‍ മേധാവി ദവാ ഖാന് മണിപാലാണ് താലിബാന് ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. താലിബാന് വക്താവിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
വെസ്റ്റ് കാബൂളിലെ ദാറുല്‍ അമാന്‍ റോഡില്‍ വെള്ളിയാഴ്ച ഉച്ച കഴിഞ്ഞായിരുന്നു ആക്രമണം. ദവാ ഖാന് കൊല്ലപ്പെട്ടെന്ന് അഫ്ഗാന് ആഭ്യന്തരമന്ത്രാലയവും സ്ഥിരീകരിച്ചു. എന്നാല്‍, കൊലപാതകത്തിന് പിന്നില്‍ ആരാണെന്ന് സര്‍ക്കാര്‍ വെളിപ്പെടുത്തിയിട്ടില്ല.