തിരുവനന്തപുരം: സ്ത്രീധന പീഡനത്തെ തുടർന്ന് വിസ്മയ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് ഭർത്താവ് കിരൺ കുമാറിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. വിസ്മയയുടെ മരണത്തെത്തുടർന്ന് സസ്പെൻഷനിലായിരുന്നു കിരൺ കുമാർ. കൊല്ലത്തെ മോട്ടോർ വാഹനവകുപ്പ് റീജിയണൽ ഓഫീസിൽ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൽ ഇൻസ്പെക്ടറായിരുന്നു കിരൺ. ഗതാഗതമന്ത്രി ആന്റണി രാജുവാണ് തിരുവനന്തപുരത്ത് വാർത്താസമ്മേളനം നടത്തി തീരുമാനം പ്രഖ്യാപിച്ചത്.
വകുപ്പ് തല അന്വേഷണം നടത്തിയതിന് ശേഷം, സംശയാതീതമായി കുറ്റം ചെയ്തെന്ന് തെളിഞ്ഞതിനെത്തുടർന്നാണ് പിരിച്ചുവിടൽ. ഭാര്യയുടെ മരണത്തെത്തുടർന്ന് ഭർത്താവിനെ സർവീസിൽ നിന്ന് പിരിച്ചുവിടുന്നത് ഇതാദ്യമാണ്. 1960-ലെ കേരള സിവിൾ സർവീസ് റൂൾ പ്രകാരമാണ് കിരണിനെ സർവീസിൽ നിന്ന് പിരിച്ചുവിടുന്നത്. കിരണിന് ഇനി സർക്കാർ സർവീസിൽ തുടർജോലിയും ലഭിക്കില്ല. പ്രൊബേഷനിലായിരുന്നതിനാൽ പെൻഷനും അർഹതയുണ്ടാവില്ല.
1960-ലെ സർവീസ് ചട്ടപ്രകാരം സ്ത്രീവിരുദ്ധവും, സാമൂഹ്യനീതിക്ക് നിരക്കാത്തതും, ലിംഗനീതിക്ക് എതിരുമായ പ്രവർത്തനങ്ങൾ നടത്തി സർക്കാരിനും മോട്ടോർ വാഹനവകുപ്പിനും ദുഷ്പേര് വരുത്തി വച്ചെന്ന് തെളിഞ്ഞാൽ സർവീസിൽ നിന്ന് പിരിച്ചുവിടാം. അതനുസരിച്ചാണ് കിരണിനെതിരെയും നടപടിയെടുത്തതെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു.
സർക്കാർ ജീവനക്കാർ സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്യരുതെന്നാണ് ചട്ടം. അതിനാൽക്കൂടിയാണ് കിരണിനെതിരെ പിരിച്ചുവിടൽ നടപടി വന്നത്. പൊലീസ് കേസും വകുപ്പ് തല അന്വേഷണവും രണ്ടും രണ്ടാണെന്നും ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു.