മുപ്പത് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ മൂന്ന് കണ്മണികൾക്ക് ജന്മം നൽകി 55 കാരി. സിസിയുടെയും ജോര്‍ജിന്റെയും ജീവിതത്തില്‍ ഇപ്പോൾ വന്നെത്തിയിരിക്കുന്നത് മൂന്ന് അതിഥികള്‍ ആണ്. 55-ാം വയസ്സില്‍ മൂന്ന് കണ്മണികള്ക്കാണ് സിസി ജോര്‍ജ് ജന്മം നല്‍കിയത്. ഒരു പെണ്ണും രണ്ട് ആണും.
ജൂലൈ 22 നാണ് ഇരിങ്ങാലക്കുട കാട്ടൂര്‍ കുറ്റിക്കാടന്‍ വീട്ടില്‍ ജോര്‍ജ് ആന്റണിക്കും ഭാര്യ സിസിക്കും കുട്ടികള്‍ പിറന്നത്. വിവാഹം കഴിഞ്ഞ് രണ്ടാം വര്‍ഷം മുതല്‍ ആരംഭിച്ചതാണ് കുട്ടികള്‍ക്കായുള്ള ചികിത്സകള്‍. ഗള്‍ഫിലും നാട്ടിലും ചികിത്സകള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. “കഴിഞ്ഞ 35 വര്‍ഷമായി ഞങ്ങള്‍ കുട്ടികള്‍ക്കായി പ്രാര്‍ത്ഥിക്കുകയാണ്. ഇപ്പോള്‍ ദൈവം ഞങ്ങള്‍ക്ക് മൂന്ന് കുഞ്ഞുങ്ങളെ തന്നു. അമ്മ ആയാല്‍ മാത്രമേ സ്ത്രീകളുടെ ജീവിതം പൂര്‍ണ്ണമാകൂ എന്ന് ചിന്തിക്കുന്ന സമൂഹത്തിന്റെ ഭാഗമായിരിക്കാന്‍ ബുദ്ധിമുട്ടാണ്. ഒരു കുഞ്ഞിനെ പ്രസവിക്കാന്‍ കഴിയാത്തവര്‍ കടന്നുപോകുന്ന ദുഃഖം അത് അനുഭവിക്കുന്നവര്‍ക്ക് മാത്രമേ മനസ്സിലാകൂ. ഇപ്പോള്‍ ഞങ്ങള്‍ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം അനുഭവിക്കുകയാണ്” , സിസി പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ജൂണില്‍ നിര്‍ത്താതെയുള്ള രക്തസ്രാവം മൂലം ഗര്‍ഭപാത്രം നീക്കം ചെയ്യാന്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിയതാണ് ഇവര്‍. അവിടത്തെ ഡോക്ടറുടെ നിര്‍ദേശ പ്രകാരം മൂവാറ്റുപുഴ സബൈന്‍ ആശുപത്രിയില്‍ എത്തി. ഡോ. സബൈന്‍ ശിവദാസിന്റെ നേതൃത്വത്തില്‍ ചികിത്സ നടത്തി. ഇപ്പോള്‍ മൂന്ന് കുട്ടികളും അമ്മയോടൊപ്പം സുഖമായിരിക്കുന്നു.